മലപ്പുറം: എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ്റെ മലപ്പുറത്തെ ഹിന്ദുക്കള്‍ ഭയത്തോടെ ജീവിക്കുന്നുവെന്ന പ്രസ്‌താവനയെ പിന്തുണച്ച് ഹിന്ദു ഐക്യവേദി സംസ്ഥാന മുഖ്യ രക്ഷാധികാരി കെപി ശശികല. വെള്ളാപ്പള്ളിയുടെ വാക്കുകളിൽ വസ്‌തുതയുണ്ടെന്നും ഒറ്റപ്പെടുത്താനുള്ള ശ്രമങ്ങളെ അംഗീകരിക്കില്ലെന്നും ശശികല മലപ്പുറത്ത് നടത്തിയ വാർത്താസമ്മേളനത്തിൽ വ്യക്തമാക്കി.
1921ലെ മാപ്പിള ലഹള അതിജീവിച്ചവർ വ്യക്തിപരമായ പ്രശ്‌നങ്ങളെക്കുറിച്ച് പറഞ്ഞിട്ടില്ലെന്നും സ്വത്തുക്കളിൽ വലിയ അന്തരം ഉണ്ടായിരുന്നെന്നും ശശികല ചൂണ്ടിക്കാട്ടി. ഹൈന്ദവ സമൂഹത്തിൻ്റെ സാമൂഹിക അവസ്ഥ പഠിക്കാൻ ഒരു കമ്മിഷനെ നിയമിക്കണമെന്നും സച്ചാർ കമ്മിഷനെപ്പോലെ മറ്റു മതവിഭാഗങ്ങൾക്ക് കമ്മിഷനുകളുണ്ടെന്നും അവർ ആവശ്യപ്പെട്ടു.
'മുസ്‌ലീം ലീഗ് ചെയ്‌ത കാര്യങ്ങളിൽ സത്യമുണ്ടോ എന്ന് പരിശോധിക്കണം. വിദ്യാഭ്യാസ സ്ഥാപനങ്ങൾ അനുവദിക്കുന്നതിൽപ്പോലും പക്ഷാഭേദമുണ്ടായിരുന്നു. അക്കാലത്ത് വിദ്യാഭ്യാസ വകുപ്പ് കൈകാര്യം ചെയ്‌തത് മുസ്‌ലീം ലീഗ് ആയിരുന്നു. യാഥാർഥ്യത്തിലേക്ക് ചർച്ച പോകാതിരിക്കാൻ പുകമറ സൃഷ്‌ടിച്ച് എതിർക്കുകയാണ്. വിവേചനം ഉണ്ട് എന്നത് യാഥാർഥ്യമാണ്.
വിദ്യാഭ്യാസ മേഖലയിൽ മാത്രമല്ല, മലപ്പുറം ജില്ലയിലെ എല്ലാ മേഖലകളിലും വിവേചനമുണ്ട്. പിന്നാക്ക വിഭാഗ വികസന കോർപ്പറേഷൻ വഴി നൽകുന്ന തുകയിൽ എത്ര അമുസ്‌ലീങ്ങൾക്ക് ലഭിച്ചിട്ടുണ്ടെന്ന് പരിശോധിക്കണം. ഹിന്ദുക്കളെ കൊന്നൊടുക്കാൻ നേതൃത്വം നൽകിയ വാരിയംകുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയുടെ സ്‌മാരകത്തിന് ഫണ്ടുണ്ട്. എന്നാൽ കെ കേളപ്പന് വേണ്ടി ഒരു സ്‌മാരകം നിർമ്മിക്കാൻ ശ്രമം നടക്കുന്നില്ല. കേളപ്പ ജിയുടെ സ്‌മാരകം വരാതിരിക്കാൻ കെടി ജലീൽ അടക്കമുള്ളവർ ഇടപെടുന്നുവെന്നും' ശശികല ആരോപിച്ചു.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക
ക്ഷേത്ര ഭൂമികൾ കൈവശം വെച്ചവർക്ക് പട്ടയം നൽകാനുള്ള തീരുമാനം ഉണ്ടായിരുന്നെന്നും മലപ്പുറം ജില്ലയിൽ ഹിന്ദു സമൂഹം ഭയപ്പാടോടെയാണ് ജീവിക്കുന്നതെന്നും കെപി ശശികല ആവർത്തിച്ചു. 'ഇന്ത്യൻ ഭരണഘടന എവിടെയും മത സംവരണം പറഞ്ഞിട്ടില്ല. എന്നാൽ മുസ്‌ലീം സമൂഹം ഇരട്ട സംവരണം അനുഭവിക്കുന്നു. ഒബിസി സംവരണത്തിന് പുറമെ 12 ശതമാനം സംവരണം വേറെയുമുണ്ട്. മതം യഥാർഥത്തിൽ സംവരണ മാനദണ്ഡമല്ല, എന്നാൽ ഇവിടെ സംവരണം പോലും അട്ടിമറിക്കപ്പെടുന്നു.
സാമൂഹ്യ നീതി അട്ടിമറിച്ചാണ് സംവരണം നൽകുന്നത്. വെള്ളാപ്പള്ളി പറഞ്ഞതിലും അപ്പുറമാണ് വിവേചനം. മതം മാറിയെത്തുന്നവർക്കും സംവരണമുണ്ട്. വോട്ട് ബാങ്ക് മാത്രം ലക്ഷ്യമിട്ടാണ് രാഷ്‌ട്രീയ പാർട്ടികളുടെ ഇടപെടൽ. മലപ്പുറം വേറൊരു രാജ്യം പോലെ എന്ന് പറഞ്ഞാൽ അത് സത്യമാണെന്നും' അവർ കൂട്ടിച്ചേർത്തു. 'ശ്രീ നാരായണ ഗുരു സനാതന ധർമ്മത്തിൻ്റെ ശക്തമായ വക്താവായിരുന്നു. എല്ലാ ജാതി മതക്കാരുടെയും തുല്യനീതിക്ക് വേണ്ടിയാണ് അദ്ദേഹം പ്രവർത്തിച്ചത്ത്. തുഞ്ചത്തെഴുത്തച്ഛൻ്റെ ഒരു പ്രതിമ പോലും മലപ്പുറത്ത് സ്ഥാപിക്കാൻ സാധിക്കുന്നില്ല.
അമ്പലത്തിൻ്റെ ഏക്കറുകണക്കിന് ഭൂമി നഷ്‌ടപ്പെടുമ്പോൾ വഖഫ് അതിലേക്ക് കയ്യേറുന്നു. എന്തുകൊണ്ട് മലപ്പുറത്ത് എൻഎസ്എസിനും എസ്എൻഡിപിക്കും കോളജ് അനുവദിക്കുന്നില്ല. ഒരു കോളജ് ഇല്ല എന്ന് ഒരു സമുദായ നേതാവിന് ആ സമുദായത്തിൽപ്പെട്ടവരോട് പറയാൻ പറ്റുന്നില്ലെങ്കിൽ പിന്നെ എന്ത് സ്വാതന്ത്ര്യമാണ് ഇവിടെയുള്ളത്. ഇരട്ട സംവരണം നിയമപരമായി നേരിടുമെന്നും' കെപി ശശികല വ്യക്തമാക്കി.