പത്തനംതിട്ട : വീട്ടുമുറ്റത്ത് കളിച്ചുകൊണ്ടിരുന്ന പത്തും ആറും വയസുള്ള പെൺകുട്ടികളെ ലൈംഗികാതിക്രമത്തിന് ഇരയാക്കിയ പ്രതിക്ക് ഇരട്ട ജീവപര്യന്തം തടവും പിഴയും ശിക്ഷ വിധിച്ച് പത്തനംതിട്ട അതിവേഗ പ്രത്യേക പോക്സോ കോടതി. തണ്ണിത്തോട് കരിമാൻതോട് ആനക്കല്ലിങ്കൽ വീട്ടിൽ ഡാനിയേൽ (75) നെയാണ് ജഡ്ജി ഡോണി തോമസ് വർഗീസ് ശിക്ഷിച്ചത്. ഇരട്ട ജീവപര്യന്തം തടവിന് പുറമേ ഇന്ത്യൻ ശിക്ഷാ നിയമം പോക്സോ നിയമം എന്നിവയിലെ വിവിധ വകുപ്പുകൾ പ്രകാരം 33 വർഷം അധിക കഠിന തടവും ആറര ലക്ഷം രൂപ പിഴയും ശിക്ഷിച്ചിട്ടുണ്ട്.
പിഴ ഒടുക്കാതിരുന്നാൽ അധിക തടവ് അനുഭവിക്കണമെന്നും വിധിയിൽ പറയുന്നു. 2024 മാർച്ച് 18 ഉച്ചക്കാണ് കേസിന് ആസ്പദമായ സംഭവം ഉണ്ടായത്. അയൽവാസിയായ 6 വയസുകാരിക്കൊപ്പം തന്‍റെ വീട്ടിൽ കളിക്കുകയായിരുന്നു 10 വയസ്സുകാരി. വീട്ടിലെ നിത്യസന്ദർശകനായ പ്രതി അതിക്രമിച്ചു കയറി വീട്ടിൽ കുട്ടികൾ തനിച്ചാണെന്ന് മനസ്സിലാക്കി ലൈംഗിക അതിക്രമത്തിന് വിധേയരാക്കുകയായിരുന്നു.
സംഭവം ആരോടും പറയരുതെന്ന് ഭീഷണിപ്പെടുത്തിയതിനാൽ കുട്ടികൾ ആരെയും വിവരം അറിയിച്ചിരുന്നില്ല. എന്നാൽ കുട്ടികളുടെ പെരുമാറ്റത്തിൽ വന്ന വ്യത്യാസവും ഭാവമാറ്റവും കണ്ട് സ്കൂളിലെ സ്റ്റുഡന്‍റ് കൗൺസിൽ നടത്തിയ കൗൺസിലിങ്ങിൽ 10 വയസ്സുകാരി കാര്യങ്ങൾ വെളിപ്പെടുത്തുകയായിരുന്നു. തുടർന്ന് വിവരം തണ്ണിത്തോട് പൊലീസിനെ അറിയിച്ചതിന്‍റെ അടിസ്ഥാനത്തിൽ, പ്രതിക്കെതിരെ രണ്ട് കേസുകൾ രജിസ്റ്റർ ചെയ്തു.
10 വയസ്സുകാരിക്ക് എതിരെയുള്ള ലൈംഗിക അതിക്രമക്കേസ് അന്വേഷിച്ചത് അന്നത്തെ തണ്ണിത്തോട് പൊലീസ് ഇൻസ്പെക്ടർ ആയിരുന്ന ആർ ശിവകുമാർ ആയിരുന്നു. രണ്ടാമത്തെ കുട്ടി പട്ടികജാതി വിഭാഗത്തിൽപ്പെട്ടതായതിനാൽ കോന്നി ഡിവൈഎസ്പി ആയിരുന്ന പി നിയാസ് ആണ് ആ കേസിന്‍റെ അന്വേഷണം നടത്തി കോടതിയിൽ കുറ്റപത്രം സമർപ്പിച്ചത്. സാക്ഷിമൊഴികളുടെയും വൈദ്യ പരിശോധന ഫലങ്ങളുടെയും ഡിഎൻഎ പരിശോധന ഫലത്തിന്‍റെയും തെളിവുകൾ പ്രോസിക്യൂഷൻ വിചാരണ വേളയിൽ ഹാജരാക്കിയത് കോടതി പരിഗണിച്ചു.
സാധാരണയിൽ നിന്നും വ്യത്യസ്തമായി ഈ രണ്ടു കേസുകളും ഒരുമിച്ചാണ് വിചാരണ നടത്തിയത്. അതിനാൽ വിചാരണ നടപടികൾ വേഗത്തിലാക്കാൻ സാധിച്ചു. ഡിഎൻഎ പരിശോധന ഫലം വരാൻ വൈകിയതുകാരണമാണ് വിധി പറയുന്നതിൽ താമസമുണ്ടായത്. ഈ കേസിന്‍റെ വിചാരണ പൂർത്തിയാക്കിയ ജഡ്ജ് തന്നെ, സ്ഥലം മാറി പോകുന്നതിന് മുമ്പ് കേസുകളിൽ വിധി പ്രഖ്യാപിച്ചത് സവിശേഷതയായി. പ്രോസിക്യൂഷന് വേണ്ടി പബ്ലിക് പ്രോസിക്യൂട്ടർ അഡ്വക്കേറ്റ് റോഷൻ തോമസ് കോടതിയിൽ ഹാജരായി. എ എസ് ഐ ഹസീന, സിപിഒ അപർണ എന്നിവർ പ്രോസിക്യൂഷൻ നടപടികളിൽ സഹായികളായി. ഇരു കേസുകളിലെയും അതിജീവിതകൾക്ക് പുനരധിവാസത്തിനുള്ള നഷ്ടപരിഹാരത്തുക ലഭ്യമാക്കാൻ ജില്ലാ ലീഗൽ സർവീസ് അതോറിറ്റിക്ക് കോടതി നിർദേശം നൽകി.
Also Read: കൊല്ലത്ത് അമ്മയെയും മകനെയും മരിച്ച നിലയിൽ കണ്ടെത്തിയ സംഭവം; മകന്‍ ലഹരിക്ക് അടിമയെന്ന് സംശയം