പാലക്കാട് : വേടൻ്റെ സ്റ്റേജ് ഷോയ്ക്കിടെ ഉണ്ടായ തിക്കിലും തിരക്കിലും പെട്ട് നിരവധി പേർക്ക് പരിക്ക്. സ്ഥലത്ത് പാലീസ് ലാത്തി വീശി. സംസ്ഥാന സർക്കാരിൻ്റെ വാർഷികാഘോഷത്തിൻ്റെ ഭാഗമായി കോട്ടമൈതാനത്ത് സംഘടിപ്പിച്ച പരിപാടിയിലാണ് നിയന്ത്രിക്കാനാവുന്നതിലും വലിയ ആൾക്കൂട്ടം ഇരച്ചു കയറിയത്.
തിക്കിലും തിരക്കിലും പെട്ട് നിരവധി പേർ കുഴഞ്ഞു വീണു. അവരെ തൊട്ടടുത്തുള്ള ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ആൾക്കൂട്ടത്തെ നിയന്ത്രിക്കാൻ പൊലീസിന് പല തവണ ലാത്തി വീശേണ്ടി വന്നു.

ഒന്നിലധികം തവണ പരിപാടി നിർത്തിവക്കാനും സംഘാടകർ നിർബന്ധിതരായി. വൈകിട്ട് ആറിനാണ് സ്റ്റേജ് ഷോ തുടങ്ങിയതെങ്കിലും ഉച്ചമുതൽക്ക് തന്നെ ആളുകൾ എത്തിത്തുടങ്ങിയിരുന്നു. പരിപാടിയുടെ സമയമായപ്പോഴേക്കും പ്രദേശം ജനസമുദ്രമായി മാറി. സൗജന്യമായായിരുന്നു പ്രവേശനം.
സംഘാടനത്തിൽ വലിയ പിഴവ് ഉണ്ടായതായി ആരോപണമുയർന്നിട്ടുണ്ട്. രംഗം നിയന്ത്രിക്കാൻ കഴിയാതെ വന്നതോടെ പാട്ടുകൾ മുഴുമിപ്പിക്കാതെ വേടൻ സ്റ്റേജ് ഷോ അവസാനിപ്പിച്ചു.