തിരുവനന്തപുരം: കൊട്ടിഘോഷിച്ചു നടപ്പിലാക്കിയ സീ പ്ലെയിന്‍ പദ്ധതി ഏറ്റെടുക്കാന്‍ ആളില്ലാതെ നിശ്ചലാവസ്ഥയില്‍. 2024 നവംബര്‍ 12ന് ട്രയന്‍ റണ്‍ നടത്തിയ ശേഷം ഒരൊറ്റ സര്‍വീസ് പോലും നടത്താതെയാണ് പദ്ധതി നിശ്ചലാവസ്ഥയില്‍ തുടരുന്നത്. സംസ്ഥാനമാകെയുള്ള ജലാശയങ്ങളുമായി ബന്ധിപ്പിച്ച് പദ്ധതി വ്യാപിപ്പിക്കുമെന്ന് ടൂറിസം മന്ത്രി മുഹമ്മദ് റിയാസ് പ്രഖ്യാപിച്ചിരുന്നെങ്കിലും സ്വകാര്യ കമ്പനികളുമായി ഇതുവരെ കരാറായില്ല.
എന്നാല്‍ കമ്പനികള്‍ താത്പര്യ പത്രം സമര്‍പ്പിച്ചിട്ടുണ്ടെന്നും അവരുടെ ആവശ്യപ്രകാരം കൂടുതല്‍ ട്രയല്‍ റണ്‍ നടത്താനാവശ്യമായ ജലാശയങ്ങളുടെ ലിസ്റ്റ് ടൂറിസം വകുപ്പിന് കൈമാറിയെന്നുമാണ് ടൂറിസം മന്ത്രിയുടെ ഓഫിസ് വ്യക്തമാക്കിയത്.
ചുരുക്കത്തില്‍ ട്രയല്‍ റണ്ണില്‍ മന്ത്രിമാരും ഉദ്യോഗസ്ഥരും അടങ്ങിയ സംഘം മാത്രമാണ് സീ പ്ലെയിനില്‍ സഞ്ചരിച്ചത്. കനേഡിയന്‍ കമ്പനിയായ ഡെ ഹാവിലന്‍ഡിന്‍റെ ഉടമസ്ഥതിയുള്ള സീ പ്ലെയിനായിരുന്നു 2024 നവംബര്‍ 12ന് നടന്ന പരീക്ഷണ പറക്കലിന് എത്തിച്ചത്. എന്നാല്‍ മാസങ്ങള്‍ പിന്നിട്ടിട്ടും സീ പ്ലെയിന്‍ സര്‍വീസ് കരാര്‍ ഏറ്റെടുക്കാന്‍ തയ്യാറായി കമ്പനികള്‍ മുമ്പോട്ട് വരാത്തതിനാല്‍ ട്രയല്‍ റണ്‍ നടത്തിയ വിമാനം കമ്പനി തിരികെ കൊണ്ടു പോയി.
കൊച്ചിന്‍ ഇന്‍റര്‍നാഷണല്‍ എയര്‍പോര്‍ട്‌സ് ലിമിറ്റഡിന്‍റെ സാങ്കേതിക പിന്തുണയോടെ സംസ്ഥാന ട്രാന്‍സ്‌പോര്‍ട്ട് വകുപ്പും ഇന്‍ലാന്‍ഡ് നാവിഗേഷന്‍ വകുപ്പും സംയുക്തമായാണ് സീ പ്ലെയിന്‍ പദ്ധതിയുടെ നടത്തിപ്പ് ചുമതല തീരുമാനിച്ചിരുന്നത്.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക
പദ്ധതി വലിയ രീതിയില്‍ ഗുണം ചെയ്യുമെന്ന് കണ്ട് ടൂറിസം വകുപ്പിനും പദ്ധതി ചുമതലയുണ്ട്. കൊച്ചി ബോള്‍ഗാട്ടിയിലെ കൊച്ചി കായലില്‍ നിന്നും ഇടുക്കി മാട്ടുപ്പെട്ടി ഡാമിലേക്കായിരുന്നു പരീക്ഷണ പറക്കല്‍. സീ പ്ലെയിന്‍ പദ്ധതി വിനോദ സഞ്ചാര മേഖലയുടെ കുതിച്ചുചാട്ടത്തിലേക്ക് വഴിവയ്ക്കുമെന്ന കണക്കുകൂട്ടലില്‍ സംസ്ഥാനത്തെ എല്ലാ ജില്ലയിലെയും ജലാശയങ്ങളിലേക്ക് പദ്ധതി വ്യാപിപ്പിക്കാനും സര്‍ക്കാര്‍ ലക്ഷ്യമിട്ടിരുന്നു.
ഇതിനായി ഹൈഡ്രോഗ്രാഫിക് സര്‍വേ വിഭാഗം കോവളം, അഷ്‌ടമുടി, പുന്നമട, കുമരകം, വേമ്പനാട്, മലമ്പുഴ, ബേക്കല്‍ എന്നിവിടങ്ങള്‍ സീ പ്ലെയിന്‍ ലാന്‍ഡിങ്ങിനും ടേക്ക് ഓഫിനും അനുയോജ്യമെന്ന് ചൂണ്ടിക്കാട്ടി സര്‍ക്കാരിലേക്ക് പഠന റിപ്പോര്‍ട്ടും സമര്‍പ്പിച്ചിരുന്നു. 9, 15, 20, 30 എന്നിങ്ങനെ സീറ്റുകളുള്ള ചെറുവിമാനങ്ങളാണ് സീ പ്ലെയിനുകള്‍.
കൊച്ചി ബോള്‍ഗാട്ടിയില്‍ നടന്ന ചടങ്ങില്‍ മന്ത്രിമാരായ വി.ശിവന്‍കുട്ടി, പി.രാജീവ്, മുഹമ്മദ് റിയാസ് എന്നിവര്‍ ചേര്‍ന്നായിരുന്നു ആദ്യ പറക്കല്‍ ഫ്ളാഗ് ഓഫ് ചെയ്‌തത്. ഇടുക്കി മാട്ടുപ്പെട്ടിയില്‍ മന്ത്രി റോഷി അഗസ്റ്റിന്‍റെ നേതൃത്വത്തിലായിരുന്നു സീ പ്ലെയിന്‍ സ്വീകരിച്ചത്. 17 സീറ്റുകളുള്ള സീ പ്ലെയിനായിരുന്നു പരീക്ഷണ പറക്കലിന് ഉപയോഗിച്ചത്.
കേന്ദ്ര സര്‍ക്കാരിന്‍റെ റീജിയണല്‍ കണക്‌ടിവിറ്റി സ്‌കീമായ ഉടാന്‍ (ഉടെ ദേശ് കെ ആം നാഗരിക്) പദ്ധതി ഉപയോഗപ്പെടുത്തിയായിരുന്നു പദ്ധതിയുടെ ആദ്യ ഘട്ടം വികസിപ്പിക്കാന്‍ ലക്ഷ്യമിട്ടത്. 150 ഓളം സീ പ്ലെയിനുകള്‍ സര്‍വീസ് നടത്തുന്ന മാലിദ്വീപിന് സമാനമായ ടൂറിസം വികസനമാണ് ലക്ഷ്യമിടുന്നതെന്ന് ടൂറിസം മന്ത്രി ഉദ്ഘാടന ചടങ്ങില്‍ വ്യക്തമാക്കിയിരുന്നു.
ഉമ്മന്‍ചാണ്ടി സര്‍ക്കാരിന്‍റെ കാലത്ത് അഷ്‌ടമുടി കായലില്‍ നടപ്പിലാക്കാന്‍ ഉദ്ദേശിച്ച സീ പ്ലെയിന്‍ പദ്ധതിക്കെതിരെ സമരരംഗത്തിറങ്ങിയ അന്നത്തെ പ്രതിപക്ഷമായിരുന്ന ഇടതുപക്ഷം പദ്ധതി വര്‍ഷങ്ങളോളം വൈകിപ്പിച്ചെന്ന് ചൂണ്ടിക്കാട്ടി പ്രതിപക്ഷം നിയമസഭയില്‍ രാഷ്ട്രീയാരോപണങ്ങളും ഉന്നയിച്ചിരുന്നു.
Also Read: സീ പ്ലെയിന്‍ പദ്ധതിക്കെതിരെ സംയുക്ത പ്രക്ഷോഭത്തിന് മത്സ്യ തൊഴിലാളി സംഘടനകൾ ▶വീഡിയോ