ആലപ്പുഴ: ടിപ്പർ ലോറി കാലിലൂടെ കയറിയ സ്‌കൂട്ടർ യാത്രികൻ രക്തം വാർന്ന് മരിച്ചു. തിരുവല്ല വളഞ്ഞവട്ടം ഒൻപതിൽ വീട്ടിൽ സക്കറിയ (65) ആണ് മരിച്ചത്. അമ്പലപ്പുഴ - തിരുവല്ല സംസ്ഥാനപാതയിൽ നീരേറ്റുപുറം ഫിനിഷിങ് പോയിന്‍റിലേക്ക് പോകുന്ന റോഡിൽ വെച്ചായിരുന്നു അപകടം.
ടിപ്പർ ലോറി പിന്നിലേയ്ക്ക് വരുന്നതിനിടെ സ്‌കൂട്ടറിൽ തട്ടുകയായിരുന്നു. സ്‌കൂട്ടറില്‍ നിന്ന് വീണ സക്കറിയയുടെ തുടയിലൂടെ ലോറിയുടെ പിൻ ചക്രം കയറിയിറങ്ങി. നാട്ടുകാര്‍ ഓടിയെത്തി സക്കറിയയെ ലോറിക്കടിയില്‍ നിന്ന് മാറ്റിയെങ്കിലും കാൽ അറ്റ് പോയിരുന്നു. സ്ഥലത്തെത്തിയ ചമ്പക്കുളം ബ്ലോക്ക് പഞ്ചായത്ത് അംഗം ആംബുലൻസ് സേവനം ആവശ്യപ്പെട്ടെങ്കിലും കൃത്യസമയത്ത് വാഹനം എത്തിയില്ല.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക
എടത്വാ സിഎച്ച്സിയിൽ അംബുലൻസ് സേവനം രാത്രിയിൽ ഇല്ല. രാവിലെ 8.30 മുതലാണ് സർവീസ് നടത്താറുള്ളത്. പിന്നീട് ആംബുലൻസ് എത്തിയ ശേഷം സക്കറിയയെ പരുമല സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
മൃതദേഹം വണ്ടാനം മെഡിക്കൽ കോളജ് ആശുപത്രിയിൽ പോസ്റ്റുമോർട്ടം നടത്തിയ ശേഷം ബന്ധുക്കൾക്ക് വിട്ടുനൽകി. ശരീരത്തിലെ രക്തം വാർന്നതാണ് മരണ കാരണം എന്നാണ് പ്രാഥമിക റിപ്പോർട്ട്. മകളുടെ വീടുപണി നടക്കുന്ന സ്ഥലത്തേക്ക് പോകുന്നതിനിടെയായിരുന്നു അപകടം.