കോഴിക്കോട്: തിരുവമ്പാടിയിൽ സ്‌കൂൾ ബസ് അപകടത്തില്‍പ്പെട്ട് 18 വിദ്യാർത്ഥികള്‍ക്ക് പരിക്ക്. തിരുവമ്പാടി ഭാരത് പെട്രോൾ പമ്പിന് സമീപത്താണ് അപകടമുണ്ടായത്. തിരുവമ്പാടി സേക്രഡ് ഹാര്‍ട്ട് യുപി സ്‌കൂളിലെ ബസ് കുട്ടികളുമായി സ്‌കൂളിലേക്ക് പോകുന്നതിനിടെ ഇറക്കത്തിൽ നിയന്ത്രണം വിട്ട് മെയിൻ റോഡിന് മറുവശത്തെ മതിലിൽ ഇടിക്കുകയായിരുന്നു. അപകടത്തിൽ ബസിനടിയിൽപ്പെട്ട ഒരു വിദ്യാർത്ഥി നിസാര പരിക്കുകളോടെ അത്ഭുതകരമായി രക്ഷപ്പെട്ടു.
ഇടിയുടെ ആഘാതത്തിൽ പരിക്കേറ്റ വിദ്യാർത്ഥികളെ തിരുവമ്പാടിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അപകട സമയത്ത് ഇതുവഴി വന്ന മറ്റു വാഹനങ്ങളും യാത്രക്കാരും അത്ഭുതകരമായാണ് രക്ഷപ്പെട്ടത്. അപകടത്തെ തുടർന്ന് ഗതാഗതവും ഏറെനേരം തടസപ്പെട്ടു. തിരുവമ്പാടി പൊലീസ് സ്ഥലത്തെത്തിയാണ് ഗതാഗതം നിയന്ത്രിച്ചത്. അപകടത്തിന്‍റെ സിസിടിവി ദൃശ്യങ്ങൾ പുറത്ത് വന്നിട്ടുണ്ട്.
Also Read: ഫിറ്റ്‌നസ് സർട്ടിഫിക്കറ്റില്ലാതെ കുട്ടികളുമായി യാത്ര; സ്‌കൂൾ ബസ് പിടിച്ചെടുത്ത് എംവിഡി