ഇടുക്കി : നാലടി നീളമുള്ള ഒരു മുളങ്കമ്പ് കൊണ്ട് താൻ ആനയെ ഓടിക്കുമെന്ന് ഒരു വയോധികൻ പറഞ്ഞാൽ അത് ആനയോളം വലിപ്പമുള്ള നുണയാണെന്ന് കേൾക്കുന്നവർക്ക് തോന്നാം. എന്നാൽ മറ്റപ്പള്ളിക്കവല തകിടിയേൽ കുഞ്ഞുമോൻ എന്ന 76 കാരൻ അപ്പോഴും തറപ്പിച്ച് പറയും ഒരു മുളങ്കമ്പും നൂറു മില്ലി മണ്ണെണ്ണയോ, ഡീസലോ പിന്നെ ഒരു കത്തുന്ന വിളക്കുമുണ്ടെങ്കിൽ താൻ ആനയെ ഓടിച്ചിരിക്കും. പുകപടലങ്ങളോടെ തീ തുപ്പി ഉഗ്രശബ്‌ദത്തിൽ സ്‌ഫോടനം തീർക്കുന്ന ഇല്ലി പടക്കം അഥവാ മുളവെടി.
കുഞ്ഞുമോന്‍റെ കണ്ടുപിടുത്തം അറിഞ്ഞവരെല്ലാം പറയും ഈ കുഞ്ഞുമോൻ പേരു പോലെ അത്ര "കുഞ്ഞുമോൻ'' അല്ലെന്ന്. വയസ് 76 ആയെങ്കിലും മുളവെടിയെ കുറിച്ച് പറഞ്ഞു തുടങ്ങിയാൽ പിന്നെ 24 കാരൻ്റെ ഊർജസ്വലതയാണ്. ഉഗ്രശബ്‌ദത്തോടെയുള്ള ഓരോ വെടിയൊച്ച കഴിയുമ്പോഴും കേട്ടിരിക്കുന്നവരോടായി അൽപം നിരാശയോടെ അദ്ദേഹം പറയും "ശരിക്കുള്ള ശബ്‌ദം ഇതൊന്നുമല്ല, നല്ല മുളങ്കമ്പും ആ സ്‌പാർക്കുമെല്ലാം ഒത്തു കിട്ടണം".
അങ്ങനെ വന്നാൽ ഒരു പ്രദേശമാകെ കിടുങ്ങും. പണ്ടൊക്കൊ മുളവെടി കേട്ട് അടുത്ത പ്രദേശത്തു നിന്നുവരെ ആളുകൾ കാരണമന്വേഷിച്ച് വന്നിരുന്നു. പണ്ടൊരു പള്ളി പെരുന്നാളിന് മൂന്നെണ്ണം തയാറാക്കി രണ്ടു പേരുടെ സഹായത്തോടെ ഒരു മുളവെടി പ്രദർശനം തന്നെ നടത്താനായത് അഭിമാനത്തോടെ കുഞ്ഞുമോൻ ഓർക്കുന്നു.
വനാതിർത്തി മേഖലയിലെ ജനങ്ങൾ വന്യജീവികളുമായി കാലാകാലങ്ങളായി നടത്തുന്ന അതിജീവന പോരാട്ടങ്ങളുടെ ഒരു അപൂർവ ശേഷിപ്പാണ് ഈ ഇല്ലിപടക്കം. ആറു പതിറ്റാണ്ടുകൾക്ക് മുമ്പ് കാട്ടിൽ നിന്നും കൃഷിയിടത്തിലേക്കും വീടുകളിലേക്കും എത്തുന്ന ആനകളെ വിരട്ടിയോടിക്കുന്നതിനായി കുഞ്ഞുമോൻ്റെ പിതാവ് അടക്കമുള്ള പഴമക്കാർ ഉപയോഗിച്ചിരുന്നതാണ് ഈ ഉപകരണം.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക
അക്കാലത്ത് വനവിഭവങ്ങൾ ശേഖരിക്കുന്നതടക്കം വനവുമായി ബന്ധപ്പെട്ടുള്ള നിരവധിയായ ജോലികളും ഉണ്ടായിരുന്നു. അതുകൊണ്ട് തന്നെ ആനയുടെ ശല്യം അക്കാലത്തെ ജനങ്ങളുടെ പ്രധാന പ്രശ്‌നവുമായിരുന്നു. ഇതിന് പരിഹാരമായാണ് അക്കാലത്ത് മുളവെടി അല്ലെങ്കിൽ ഇല്ലിപടക്കം എന്ന ഉപകരണം കണ്ടുപിടിച്ചത്.
ഇതിൻ്റെ പ്രവർത്തനം വളരെ നിസാരവും ആയാസരഹിതവുമാണ്. നല്ല മൂപ്പെത്തിയ മുളം കമ്പിൻ്റെ കഷണമാണ് പ്രധാനമായും ഇതിന് വേണ്ടത്. ഇവയുടെ മൂപ്പും ബലവും ശബ്‌ദം ഉത്‌പാദിക്കുന്നവയിൽ പ്രധാന ഘടകമാണ്. ഏകദേശം നാലടിയോളം നീളം ഉണ്ടാവും. ഇതിൽ ചുവട് ഭാഗം ഒഴിച്ച് മുളയുടെ അടഞ്ഞിരിക്കുന്ന ഓരോ ഭാഗവും കുത്തിക്കളഞ്ഞ് ദ്വാരം ഉള്ളതാക്കും.
തുടക്കത്തിൽ അടഞ്ഞിരിക്കുന്ന മുളമുട്ടിൻ്റെ തൊട്ടു മുമ്പിലായി കാൽ ഇഞ്ച് വലിപ്പത്തിൽ ഒരു ദ്വാരം ഇടും. ഇതുവഴി അൽപം കോട്ടൺ തുണിയുടെ കഷണം ഇറക്കി വച്ച ശേഷം അൽപം മണ്ണെണ്ണ ഒഴിച്ച് തീ പകർന്ന് അത് വേഗം കെടുത്തും. അപ്പോൾ മുളം കമ്പിനുള്ളിലാകെ പുക നിറയും.
തുടക്കത്തിൽ മുറിച്ചിരിക്കുന്ന ആ ദ്വാരത്തിലൂടെ ചെറുതായി ഊതി പുറത്തേയ്ക്കു വരുന്ന പുക പൂർണമായും തുറന്നിരുന്ന മുളം കമ്പിൻ്റെ മറുവശത്തേക്ക് മാറ്റും. ഈ സമയം കത്തിച്ചുവച്ചിരിക്കുന്ന വിളക്കിൽ നിന്നും ചെറു കമ്പിൽ തീ പകർന്ന് തുണി വച്ചിരിക്കുന്ന ദ്വാരത്തിലേക്ക് വയ്ക്കുമ്പോൾ ഉള്ളിലെ പുകയുടെ സമ്മർദത്താൽ ഉഗ്രശബ്‌ദത്തോടെ സ്‌ഫോടനം നടക്കുന്നതാണ് ഇതിൻ്റെ പ്രവർത്തനം.
വലിയ ശബ്‌ദം കേൾപ്പിച്ച് വിരട്ടിയോടിക്കുന്നതിനപ്പുറം ആനകൾക്ക് യാതൊരു ഉപദ്രവവും ഏൽപ്പിക്കില്ലെന്നതാണ് ഇതിൻ്റെ പ്രധാന സവിശേഷത. അപകടരഹിതവും ആയാസരഹിതവുമാണെന്നതാണ് മറ്റൊരു സവിശേഷത. ചെലവും വളരെ കുറവാണ്. അരലിറ്റർ മണ്ണെണ്ണയും അൽപം കോട്ടൺ തുണിയും കത്തിച്ചുവച്ച വിളക്കും ഉണ്ടെങ്കിൽ ഈ ഉപകരണത്തിൽ മണിക്കൂറുകളോളം ഉഗ്രശബ്‌ദത്തിൽ വെടിയൊച്ച പുറപ്പെടുവിച്ച് കൊണ്ടേയിരിക്കാം. ഇനി മണ്ണെണ്ണയ്ക്ക് പകരം ഡീസൽ ഉപയോഗിച്ചാലും കുഴപ്പമില്ല.
പണ്ടു കാലങ്ങളിൽ പലരും ഇത്തരം ഉപകരണം ഉപയോഗിച്ചിരുന്നു. ഇപ്പോൾ ഇത് ഒരു ഓർമയ്ക്കായെങ്കിലും ഉപയോഗിക്കുന്നത് കുഞ്ഞുമോൻ മാത്രമാണ്. തനിക്ക് പകർന്ന് കിട്ടിയ കഴിവ് പുതുതലമുറയ്ക്ക് പകർന്ന് കൊടുക്കാൻ അദ്ദേഹം തയാറാണ്. രണ്ടു മാസം മുമ്പ് സമീപത്തെ ഗവ. സ്‌കൂളിൽ എൻഎസ്എസ് ക്യാമ്പിലെ കുട്ടികൾക്ക് ഇതിൻ്റെ പ്രവർത്തനം പഠിപ്പിച്ചത് അദ്ദേഹം സന്തോഷത്തോടെ ഓർക്കുന്നു.
പടക്കങ്ങൾ കൗതുകമേകുന്ന ക്രിസ്‌തുമസിനും വിഷുവിനുമൊക്കെ ഇത്തരം ഒരു ഇല്ലിപടക്കവും നിർമിച്ച് വെടിയുതിർക്കാൻ തുടങ്ങിയാല്‍ മണിക്കൂറുകളോളം ഇരുന്നാലും കൗതുകം തീരില്ല. ഈ ഉപകരണത്തിൻ്റെ ഉഗ്രശബ്‌ദം തീർക്കുന്നത് വെറുമൊരു കൗതുകം മാത്രമല്ല ആറുപതിറ്റാണ്ടു പിന്നിലുള്ള ഒരു ജനതയുടെ ജീവിത ചരിത്രം കൂടിയാണ്. വനം വകുപ്പിൻ്റെ താത്‌കാലിക ജോലി ചെയ്‌തിരുന്ന കുഞ്ഞുമോൻ ഇപ്പോൾ തൊഴിലുറപ്പ് ജോലികളൊക്കെ ചെയ്‌ത് മുന്നോട്ടു പോകുന്നു.
കുട്ടിക്കാനം റൂട്ടിൽ തൊപ്പിപ്പാളയ്ക്കും സ്വരാജിനും മധ്യേ മറ്റപ്പള്ളിക്കവല എന്ന പ്രദേശത്താണ് തകിടിയേൽ കുഞ്ഞുമോൻ്റെ താമസം. ഇടുക്കി വനമേഖലയോട് അതിർത്തി പങ്കിടുന്ന ഇവിടെ ആനയും കാട്ടുപ്പന്നിയും പെരുമ്പാമ്പുമടക്കമുള്ള മൃഗങ്ങളുടെ ശല്യമുള്ള മേഖലയാണ്.
വനത്തെയും ജനവാസ കേന്ദ്രങ്ങളെയും തമ്മിൽ വേർതിരിക്കുന്നത് ഒരു പഞ്ചായത്ത് റോഡ് മാത്രം. രാത്രി കാലങ്ങളിൽ കുഞ്ഞുമോൻ അടക്കമുള്ളവരുടെ വീടിന് മുന്നിൽ കാട്ടാന എത്തുന്നത് പതിവ് സംഭവമായിരുന്നു. ആഴ്‌ചകൾക്ക് മുമ്പ് ഇവിടങ്ങളിൽ വനം വകുപ്പ് ഫെൻസിങ് വേലി സ്ഥാപിച്ചതിൻ്റെ ആശ്വാസത്തിലാണിപ്പോൾ ജനങ്ങൾ.
Also Read: ഇടുക്കിയും റെയില്‍വേ ഭൂപടത്തിലേക്ക്; ശബരിപാത യാഥാര്‍ഥ്യമാകുന്നു, കേന്ദ്ര സംഘം ഉടന്‍ കേരളത്തിലേക്ക്