രോമാഞ്ചം എന്ന സൂപ്പര്‍ഹിറ്റ് മലയാള ചിത്രത്തിൻ്റെ ഹിന്ദി റീമേക്ക് ‘കാപ് കപി’ മെയ് മാസം തിയേറ്ററുകളില്‍ എത്തുകയാണ്. മലയാളികളുടെ പ്രിയ സംവിധായകന്‍ സംഗീത് ശിവൻ ആണ് ചിത്രം ഒരുക്കിയിരിക്കുന്നത്. എന്നാല്‍ നിര്‍ഭാഗ്യവശാല്‍, സിനിമ തിയേറ്ററുകളില്‍ എത്തുന്നതിന് മുമ്പുതന്നെ അദ്ദേഹം നമ്മളെ വിട്ടുപിരിഞ്ഞു.
വ്യൂഹം, ഗാന്ധർവം, യോദ്ധ, ഡാനി തുടങ്ങി നിരവധി സൂപ്പര്‍ഹിറ്റ് ചിത്രങ്ങള്‍ മലയാളികള്‍ക്ക് സമ്മാനിച്ച സംഗീത് ശിവൻ ഹിന്ദി സിനിമയിലൂടെയും സജീവമായിരുന്നു. കാപ് കപിയുടെ ചിത്രീകരണം നടക്കുന്ന സമയത്ത് അദ്ദേഹത്തെ മരണത്തിലേക്ക് എത്തിക്കുന്ന ആരോഗ്യപ്രശ്നങ്ങളുണ്ടായിരുന്നുവെന്ന വിവരം അടുത്ത വൃത്തങ്ങള്‍ക്കുപോലും അറിയില്ല. ‘രോമാഞ്ചം’ ഹിന്ദിയിലേക്ക് റീമേക്ക് ചെയ്യണമെന്ന ആശയം സംഗീത് ശിവൻ്റേത് തന്നെയായിരുന്നു. പകര്‍പ്പാവകാശത്തിലും നിര്‍മ്മാണത്തിലും പങ്കാളിയായതിനാല്‍ അദ്ദേഹത്തിൻ്റെ മരണശേഷമാണ് ‘കാപ് കപി’യുടെ റിലീസിങ് വൈകിയത്.

തുടക്കം തന്നെ ഗംഭീരമാക്കിയ സംഗീത് ശിവൻ
1990ല്‍ രഘുവരനെ നായകനാക്കി മലയാളത്തിലെ എക്കാലത്തെയും മികച്ച ത്രില്ലർ ചിത്രമായ വ്യൂഹം ഒരുക്കിയാണ് സംഗീത് ശിവൻ സംവിധാന രംഗത്തേക്ക് കടന്നുവന്നത്. ബിഗ്ബി എന്ന ചലച്ചിത്രം റിലീസ് ചെയ്യുന്നതിന് മുൻപ് മലയാള സിനിമ കണ്ട ഏറ്റവും മികച്ച സ്റ്റൈലിഷ് നായകൻ എന്ന ടാഗ് ലൈൻ വ്യൂഹത്തിലെ രഘുവരന് സ്വന്തമായിരുന്നു.
മലയാള സിനിമയെ സംബന്ധിച്ച് ഏറ്റവും മികച്ച പാഠപുസ്തകങ്ങളായിരുന്നു സംഗീത് ശിവൻ്റെ സംവിധാനത്തിൽ പുറത്തിറങ്ങിയ സിനിമകൾ. ലോക നിലവാരത്തിലുള്ള ദൃശ്യമികവും ആശയ സമ്പന്നതയും ഒരു കാലത്ത് സംഗീത് ശിവൻ്റെ സിനിമകളുടെ മാത്രം പ്രത്യേകതയായിരുന്നു. വലിയ കാൻവാസ് സിനിമകളാണെന്ന് തോന്നിപ്പിക്കുമെങ്കിലും മലയാള സിനിമയ്ക്ക് താങ്ങാവുന്ന ബജറ്റിലാണ് മേൽപ്പറഞ്ഞ സിനിമകളെല്ലാം നിർമ്മിക്കപ്പെട്ടത്.

കുറഞ്ഞ ബജറ്റിൽ അന്തർദേശീയ നിലവാരമുള്ള സിനിമകൾ പിന്നീട് മലയാളത്തിൽ ഒരുപാട് സംഭവിക്കാൻ നിർണയവും, യോദ്ധയും പോലുള്ള സിനിമകൾ കാരണമായി. ഈ രണ്ടു സിനിമകളും സൂപ്പർ ഹിറ്റുകൾ ആണെന്നാണ് നാം കരുതുന്നത്. എന്നാൽ പരീക്ഷണ ചിത്രങ്ങളെ ഇരുകൈയും നീട്ടി സ്വീകരിക്കുന്ന സ്വഭാവം തൊണ്ണൂറുകളിലെ മലയാളി പ്രേക്ഷകർക്ക് ഇല്ലായിരുന്നു. സംഗീത് ശിവൻ സംവിധാനം ചെയ്ത ചിത്രങ്ങളെല്ലാം തന്നെ ശരാശരി വിജയം നേടിയവയാണ്. പക്ഷേ ഒരു സിനിമയും നിർമ്മാതാവിന് നഷ്ടം വരുത്തിയില്ല.
പുതുമ സ്വീകരിക്കാൻ വിമുഖത കാണിച്ച 90'
അദ്ദേഹത്തിൻ്റെ സിനിമകളുടെ മൂല്യം മനസ്സിലാക്കാൻ പ്രേക്ഷകർക്ക് വർഷങ്ങൾ വേണ്ടി വന്നു. നേപ്പാളിൽ ചിത്രീകരിക്കുന്ന ആദ്യ മലയാള സിനിമയായിരുന്നു യോദ്ധ. അവയവ കള്ളക്കടത്തിനെ കുറിച്ച് ചർച്ച ചെയ്ത ചിത്രമായിരുന്നു നിർണയം. ഹൃദയമോഷണം, കിഡ്നി മോഷണം എന്നൊക്കെ മലയാളിയ്ക്ക് കേട്ടു കേൾവി പോലും ഇല്ലാതിരുന്ന സമയം.

കാലത്തിന് മുമ്പേ സഞ്ചരിച്ച സംവിധായകൻ
നിർണ്ണയം എന്ന സിനിമ ചർച്ച ചെയ്ത വിഷയം പുതിയ തലമുറയുടെ ഭാഷയിൽ പ്രേക്ഷകർക്ക് 'കണക്ട്' ആയില്ല. ഫിഷ് ഐ എന്നറിയപ്പെടുന്ന വൈഡ് ആംഗിൾ ലെൻസ് മലയാളത്തിൽ ആദ്യമായി ഉപയോഗിക്കുന്നത് നിർണയം എന്ന ചിത്രത്തിലായിരുന്നു. പുതിയ ടെക്നോളജികളെ കുറിച്ച് പഠിക്കാനും അതൊക്കെ തൻ്റെ സിനിമയിൽ ഉൾപ്പെടുത്താനും സംഗീത് ശിവൻ എപ്പോഴും വ്യഗ്രത കാണിച്ചു. തൊണ്ണൂറുകളിൽ ടെക്നോളജിയെ കുറിച്ച് ഏറ്റവും അധികം ധാരണയുണ്ടായിരുന്ന മലയാള സംവിധായകൻ ഒരുപക്ഷേ സംഗീത് ശിവൻ ആണെന്ന് പറയാം.
എംജിആറിൽ ചിത്രീകരിച്ച ആദ്യ മലയാള ചിത്രം
അദ്ദേഹം സംവിധാനം ചെയ്ത ഗാന്ധർവം എന്ന സിനിമ മോഹൻലാലിൻ്റെ എക്കാലത്തെയും മികച്ച റൊമാൻ്റിക് ആക്ഷൻ കോമഡി ചിത്രമായി വിലയിരുത്തുന്നു. എംജിആർ ഫിലിം സിറ്റിയിൽ ആദ്യമായി ചിത്രീകരിക്കുന്ന മലയാള സിനിമ കൂടിയാണ് ഗാന്ധർവം. നിർണയം എന്ന സിനിമയ്ക്ക് ശേഷം സംഗീത് ശിവൻ തിരുവനന്തപുരത്തുനിന്നും മുംബൈയിലേക്ക് താമസം മാറുന്നതിനെ കുറിച്ച് ചിന്തിച്ചു തുടങ്ങി. തൻ്റെ ആദ്യ ഹിന്ദി ചിത്രത്തിനു ശേഷം അദ്ദേഹം മുംബൈയിൽ സ്ഥിരതാമസമാക്കി.

സണ്ണിഡിയോളിനോട് കഥ പറയാനെടുത്തത് മൂന്ന് മാസം
1998ലാണ് സംഗീത് ശിവൻ്റെ ആദ്യ ഹിന്ദി സിനിമയായ സോർ പുറത്തിറങ്ങുന്നത്. എക്കാലത്തെയും ബോളിവുഡ് സൂപ്പർതാരം സണ്ണി ഡിയോൾ ആണ് ചിത്രത്തിൽ പ്രധാന വേഷം കൈകാര്യം ചെയ്തത്. തൻ്റെ ആദ്യ ഹിന്ദി സിനിമയുടെ കഥ പറയാൻ സണ്ണി ഡിയോളിൻ്റെ അടുത്തെത്തിയ സംഗീത് ശിവന് കഥ മുഴുവനായി പറഞ്ഞു തീർക്കാൻ മൂന്നുമാസമാണ് സമയം വേണ്ടിവന്നത്. അതിനു പിന്നിൽ രസകരമായ ഒരു കാരണമുണ്ട്.
ഇന്ത്യൻ സിനിമ എന്നാൽ ബോളിവുഡ് എന്നറിയപ്പെട്ടിരുന്ന കാലമാണ് തൊണ്ണൂറുകൾ.
ഹിന്ദി ഒഴികെയുള്ള സിനിമകൾക്കും മറ്റു ഭാഷ അഭിനേതാക്കൾക്കും അക്കാലത്ത് ഒരു അദൃശ്യ ഭ്രഷ്ട് മുംബൈയിലുണ്ട്. മറ്റു ഭാഷ സിനിമകളും ഹിന്ദി സിനിമയും തമ്മിൽ പുറത്തു പറയാത്ത ശീതയുദ്ധം നടക്കുന്നുണ്ടെങ്കിലും തെന്നിന്ത്യൻ സിനിമ ടെക്നീഷ്യന്മാരെ ബോളിവുഡ് ബഹുമാനപൂർവം സ്വാഗതം ചെയ്തിരുന്നു. പ്രത്യേകിച്ച് തെന്നിന്ത്യൻ സംവിധായകൻ, കാമറാമാൻ, ആക്ഷൻ ഡയറക്ടർ എന്നിവർക്കൊക്കെ പൊന്നും വിലയാണ് ബോളിവുഡിൽ.
ഇതിനിടയിൽ സംഗീത് ശിവൻ്റെ സഹോദരനായ സന്തോഷ് ശിവൻ ഇന്ത്യ ഒട്ടാകെ അറിയപ്പെടുന്ന ഛായാഗ്രഹനായി മാറിക്കഴിഞ്ഞിരുന്നു. മാത്രമല്ല സംവിധായകനാകുന്നതിനു മുൻപ് ചില സിനിമകളിൽ എക്സിക്യൂട്ടീവ് പ്രൊഡ്യൂസറായി ജോലിചെയ്ത അനുഭവസമ്പത്തും സംഗീത് ശിവന് ഹിന്ദി സിനിമ ലോകം ബാലികേറ മലയല്ലാതെയായി.
മലയാളത്തിൽ കുറെ സിനിമകൾ ആയല്ലോ. ഇനി ഒരു ഹിന്ദി സിനിമ ചെയ്തു കളയാം. അങ്ങനെയൊരു ഉദ്ദേശം സംഗീത് ശിവന് ഇല്ലായിരുന്നു. അദ്ദേഹത്തിൻ്റെ അടുത്ത സുഹൃത്തായ ഒരു തിരക്കഥാകൃത്ത് സണ്ണി ഡിയോളിനെ നായകനാക്കി ഹിന്ദിയിൽ ചെയ്യാൻ സാധിക്കുന്ന എന്തെങ്കിലും ആശയം ഉണ്ടോ എന്ന് ചോദിച്ചതിൻ്റെ അടിസ്ഥാനത്തിലാണ് ഒരു ഹിന്ദി ചിത്രത്തെക്കുറിച്ച് സംഗീത് ശിവൻ ചിന്തിച്ചു തുടങ്ങുന്നത്.
അക്കാലത്ത് സണ്ണി ഡിയോൾ കത്തി നിൽക്കുന്ന സമയം.

സംഗീത് ശിവൻ സണ്ണി ഡിയോൾ അഭിനയിച്ച നിരവധി സിനിമകൾ തുടർച്ചയായി കണ്ടു. സണ്ണിയുടെ മിക്ക സിനിമകളും ആക്ഷന് വലിയ പ്രാധാന്യമുള്ളവയാണ് . അത്രയധികം ആക്ഷൻ രംഗങ്ങൾ ഉള്ള സിനിമ സംഗീത ശിവൻ മലയാളത്തിൽ സംവിധാനം ചെയ്തിട്ടുമില്ല. എങ്കിലും അദ്ദേഹത്തിന് ഇഷ്ടപ്പെടുമെന്ന വിശ്വാസത്തിൽ സംഗീത് ശിവൻ ഒരു കഥ തരപ്പെടുത്തി. മലയാളത്തിൽ നിരവധി ഹിറ്റ് സിനിമകൾ സംവിധാനം ചെയ്തിട്ടുണ്ടെങ്കിലും ഹിന്ദിയിൽ അദ്ദേഹം പുതുമുഖമാണ്.
ആദ്യ കൂടിക്കാഴ്ചയിൽ ഒരു പുതുമുഖ സംവിധായകനോട് പെരുമാറുന്ന രീതിയിൽ അല്ല സണ്ണി, സംഗീത് ശിവനെ സമീപിച്ചത്. സൗഹാർദപരമായ സംഭാഷണമായിരുന്നു അത്. ആദ്യ കൂടി കാഴ്ച മണിക്കൂറുകൾ നീണ്ടെങ്കിലും എഴുതിക്കൊണ്ടുപോയ സിനിമ കഥ പറയാൻ സംഗീത് ശിവന് സാധിച്ചില്ല. മറ്റൊരു ദിവസം കഥ പറയണമെന്ന ഉദ്ദേശത്തോടുകൂടി സണ്ണിയുടെ മുംബൈയിലെ വസതിയിൽ സംഗീത് ശിവൻ എത്തി.
കണ്ടേലയിലേക്കൊരു യാത്ര, അതും സണ്ണി ഡിയോളിനോടൊപ്പം
കഥയുടെ ആദ്യത്തെ രണ്ടു വരി പറഞ്ഞു തുടങ്ങിയപ്പോൾ തന്നെ സണ്ണി ഡിയോൾ അസ്വസ്ഥനായി. "വേണ്ട സംഗീത് ഇവിടെവച്ച് കഥ കേൾക്കാനുള്ള ഒരു മൂഡില്ല. നമുക്ക് കണ്ടേലായിലേക്ക് പോകാം. കണ്ടേല. അങ്ങനെ ഒരു സ്ഥലത്തിൻ്റെ പേര് സംഗീത് ശിവൻ കേട്ടിട്ടുണ്ടായിരുന്നില്ല. മുംബൈ നഗരത്തിൽ നിന്നും ഏകദേശം നാലു മണിക്കൂർ ദൈർഘ്യമുണ്ട് കണ്ടേല എന്ന സ്ഥലത്ത് എത്തിച്ചേരാൻ.
വളരെ ദുർഘടം പിടിച്ച വഴിയാണ് അങ്ങോട്ടേക്കുള്ളത്. മലയോര മേഖലയാണ്. സംഗീത് ശിവനും, സണ്ണി ഡിയോളും അദ്ദേഹത്തിൻ്റെ മൂന്നുനാല് സുഹൃത്തുക്കളും ഒരുമിച്ചാണ് യാത്ര . മലയിടുക്കുകളിലൂടെ അവരുടെ വാഹനം എങ്ങോട്ടെന്നില്ലാതെ സഞ്ചരിച്ചു.
പലപ്പോഴും സ്ഥലം എത്താറായോ എത്താറായോ എന്ന് സംഗീത് ശിവൻ സണ്ണിയോട് ചോദിക്കുന്നുണ്ടായിരുന്നു. ദേ ആ കാണുന്ന മലയാണ് ദേ ഈ കാണുന്ന മലയാണ് അങ്ങനെയൊക്കെയാണ് സണ്ണി ഡിയോളിൻ്റെ മറുപടി. ഒടുവിൽ ലക്ഷ്യസ്ഥാനത്ത് എല്ലാവരും എത്തിച്ചേർന്നു. മലകളാൽ ചുറ്റപ്പെട്ട ഒരു ഫാം ഹൗസ് ആയിരുന്നു പ്രദേശം.
ചുറ്റുമുള്ള മലകളും, ആ ഫാം ഹൗസും സണ്ണി ഡിയോളിൻ്റെ ഉടമസ്ഥതയിലുള്ളതാണ് . സണ്ണി ഈ സ്ഥലം തൻ്റെ ഒഴിവുകാല വസതി ആയിട്ടാണ് കണക്കാക്കുന്നത്. ചെന്ന ഉടനെ കഥപറയാം എന്ന് സംഗീത് ശിവൻ കരുതി. കഥ പറയുന്നതിനു മുൻപ് ബ്രേക്ഫാസ്റ്റ് കഴിക്കാമെന്ന് സണ്ണി ഡിയോളിൻ്റെ നിർദേശം. ഭക്ഷണം കഴിഞ്ഞിട്ടും സണ്ണി ഡിയോൾ കഥ കേൾക്കാനുള്ള ലക്ഷണം ഒന്നും കാണിക്കുന്നില്ല. അയാൾ സുഹൃത്തുക്കളും ഒപ്പം ക്രിക്കറ്റ് കളിക്കാനായി ഒരുക്കം കൂട്ടി. ആ ക്രിക്കറ്റ് കളി ഉച്ചവരെ തുടർന്നു.
തുടർന്ന് അവിടെയുള്ള ഒരു പൂളിൽ ആറാട്ട്. സംഗീത് ശിവൻ്റെ മനസ്സിലാകെ ആധികയറി. ശെടാ ഇതിപ്പോൾ എത്ര സമയമായി. ഒരു വരി കഥ പോലും സണ്ണി ഡിയോൾ കേട്ടിട്ടില്ല. ഇത്രയും കഷ്ടപ്പെട്ട് ഇവരോടൊപ്പം ഇവിടെ വരെ വന്നു. ഭക്ഷണം കഴിച്ചു. ഇനി ഇയാൾക്ക് കഥയെങ്ങാനും ഇഷ്ടപ്പെട്ടില്ലെങ്കിൽ ഇവിടുന്ന് തിരിച്ചു പോകുമ്പോഴുള്ള തൻ്റെ മാനസികാവസ്ഥയെക്കുറിച്ച് സംഗീത് ശിവൻ വ്യാകുലപ്പെട്ടു.
അദ്ദേഹത്തിൻ്റെ മനസ്സ് പലവിധ ചിന്തകളിലൂടെ കടന്നുപോയ് ക്കൊണ്ടിരുന്നപ്പോൾ ആഘോഷം അവസാനിപ്പിച്ച് സണ്ണി ഡിയോളും സംഘവും തിരിച്ചെത്തി. ഇനിയെങ്കിലും കഥ കേൾക്കുമെന്ന് വിചാരിച്ച സംഗീത് ശിവന് തെറ്റി. വിഭവ സമൃദ്ധമായ ഉച്ചഭക്ഷണത്തിന് ക്ഷണം ലഭിക്കുന്നു. ഉച്ച ഭക്ഷണം കഴിഞ്ഞ് സണ്ണി ഡിയോൾ കഥ കേൾക്കുമായിരിക്കും. സംഗീത് ശിവന് വീണ്ടും തെറ്റി. കഥയൊക്കെ കേൾക്കാം ഇനി ഒരല്പം ഉറങ്ങട്ടെ എന്നായിരുന്നു സണ്ണിയുടെ പ്രതികരണം.
അസ്വസ്ഥതയോടെ സംഗീത് ശിവൻ
ഒടുവിൽ വൈകുന്നേരം അഞ്ചുമണിയോടെ കഥ കേൾക്കാനായി സംഗീത് ശിവൻ്റെ മുന്നിൽ സണ്ണി ഡിയോൾ ഒരു കസേര വലിച്ചിട്ട് ഇരുന്നു. കഥ പറഞ്ഞു തുടങ്ങിയപ്പോൾ ഈ ഇരിക്കുന്ന സ്ഥലത്തിന് ഒരു മൂട് ക്രിയേറ്റ് ചെയ്യാൻ സാധിക്കുന്നില്ല എന്ന് പറഞ്ഞുകൊണ്ട് സണ്ണി ചാടി എണീറ്റു. പിന്നീട് അദ്ദേഹം തൻ്റെ കൂട്ടുകാരെയും വിളിച്ചുകൊണ്ട് സമീപത്തുള്ള ഒരു മലകയറാൻ തീരുമാനിച്ചു.
മലകയറാൻ സംഗീത് ശിവനും ക്ഷണമുണ്ട്. മലയുടെ മുകളിലെത്തി കഥ കേൾക്കാം എന്ന് സണ്ണി ഡിയോൾ. സണ്ണി ഡിയോളും സംഘവും കൃത്യമായ പ്ലാനിങ്ങോടുകൂടിയാണ് ഇങ്ങോട്ടേക്ക് എത്തിച്ചേർന്നത്. വെറുമൊരു സാധാ ചെരുപ്പുമിട്ട് സണ്ണിയുടെ മുംബൈയിലെ ഫ്ലാറ്റിൽ കഥ പറയാൻ ചെന്ന രീതിയിലാണ് സംഗീത് ശിവൻ. ട്രാക്ക് സ്യൂട്ടും, ഷൂസും ഒക്കെ ഇട്ട് സണ്ണിയും കൂട്ടരും മലകയറി. സാധാ ചെരുപ്പുമിട്ട് വളരെ പെട്ടെന്ന് സുഗമമായി അവരെ പിന്തുടരാൻ സംഗീത് ശിവന് ആയില്ല. മലകയറി ശീലവുമില്ല.
ഒടുവിൽ മണിക്കൂറുകളുടെ അധ്വാനത്തിൽ എല്ലാവരും മലമുകളിൽ എത്തിച്ചേർന്നു. നല്ല അന്തരീക്ഷം,നല്ല ഫീൽ കഥ കേൾക്കാൻ റെഡി എന്ന് സണ്ണി ഡിയോൾ. നല്ല ഉയരമുള്ള മലകയറി വന്ന കിതപ്പ് കാരണം സംഗീത് ശിവന് ഒരു വരി പോലും പറയാൻ സാധിച്ചില്ല. പറഞ്ഞാലും സണ്ണി മുഴുവൻ കേൾക്കും എന്ന് ഒരു ഉറപ്പുമില്ല. ഇരുട്ട് വീണതോടെ എല്ലാവരും മലയിറങ്ങി. രാത്രി വീണ്ടും ഫാം ഹൗസിൽ ആഘോഷം ആരംഭിച്ചു.
പിറ്റേദിവസം രാവിലെ സംഗീത് ശിവൻ സണ്ണി ഡിയോളിനോട് കഥ പറഞ്ഞു കേൾപ്പിക്കാൻ തുടങ്ങി. പക്ഷേ മുഴുവിപ്പിക്കാൻ സാധിച്ചില്ല. പകുതി കഥ കേട്ട ശേഷം ബാക്കി പിന്നെ കേൾക്കാം എന്നായി സണ്ണി ഡിയോൾ. കുറേ ദിവസങ്ങൾക്കുശേഷം സണ്ണിയുടെ മുംബൈയിലെ ഫ്ലാറ്റിൽ വച്ച് സംഗീത് ശിവൻ ബാക്കി കഥ പറഞ്ഞുതുടങ്ങി.
പക്ഷെ അപ്പോഴും പറഞ്ഞ് പൂർത്തിയാക്കാൻ സാധിച്ചില്ല. പിന്നീട് ഹൈദരാബാദിൽ വച്ച് സംഗീത് ശിവൻ മുഴുവനായി കഥ പറഞ്ഞ് അവസാനിപ്പിച്ചു. ഒരു സിനിമയുടെ കഥ പറഞ്ഞു തീർക്കാൻ മൂന്നുമാസം. ഇതിനിടയിൽ സണ്ണി ഡിയോൾ അഭിനയിക്കുന്ന നിരവധി സിനിമ സെറ്റുകളിലും പോയി സംഗീത് ശിവൻ കഥ പറഞ്ഞിട്ടുണ്ട്. പക്ഷേ ഇങ്ങനെയുള്ള സന്ദർശനം ഒരു സംവിധായകൻ എന്നുള്ള നിലയിൽ സംഗീത് ശിവന് ഒരുപാട് ഉപകാരപ്പെട്ടു.
മിക്കവാറും സണ്ണി ഡിയോൾ അഭിനയിക്കുന്ന സിനിമയുടെ സെറ്റുകൾ ഏതെങ്കിലും ഫൈവ് സ്റ്റാർ ഹോട്ടലിൽ ആയിരിക്കും. അക്കാലത്ത് മൂന്നുലക്ഷവും 4 ലക്ഷവും രൂപയാണ് ഒരു ദിവസത്തെ സെറ്റ് വാടക. ഇതിനുപുറമേ മറ്റു ചിലവുകൾ. ഷൂട്ടിങ് ആരംഭിക്കാൻ നേരം സംവിധായകൻ സ്ക്രിപ്റ്റുമായി സണ്ണി ഡിയോളിൻ്റെ അടുത്തേക്ക് എത്തും. സെറ്റ് വാടകയോ അധിക പണചിലവോ സണ്ണി ഡിയോൾ അടക്കമുള്ള ബോളിവുഡ് താരങ്ങൾ അക്കാലത്ത് കണക്കിലെടുത്തിരുന്നില്ല.
കാമറയ്ക്ക് മുന്നിലെത്തിയ ശേഷമാകും സ്ക്രിപ്റ്റ് തിരുത്താൻ ആവശ്യപ്പെടുക. ഷൂട്ടിംഗ് മുടങ്ങും. ഇത്തരം കാഴ്ചകൾ നിരവധി തവണ സണ്ണി ഡിയോളിനെ കാണാൻ പോയപ്പോൾ സംഗീത് ശിവൻ അനുഭവിച്ചറിഞ്ഞിട്ടുണ്ട്. സിനിമയുടെ അണിയറ പ്രവർത്തകർ സ്ക്രിപ്റ്റ് തിരുത്തുന്ന സമയത്താണ് ഒരുവശത്ത് മാറിയിരുന്ന് സംഗീത് ശിവനും സണ്ണിയും ചർച്ചകൾ നടത്തുക. സിനിമയുടെ കഥയും തിരക്കഥയും സണ്ണി ഡിയോളിന് ഇഷ്ടപ്പെട്ടതോടെ ഇരുവർക്കിടയിലും കുറച്ചുകൂടി സൗഹൃദവും സ്വാതന്ത്ര്യവും ഉടലെടുത്തു.
ഇരുവരും തമ്മിലുള്ള ചിത്രീകരണത്തിന് മുൻപുള്ള അവസാന കൂടിക്കാഴ്ചയും ഇതുപോലെ സമാനമായ ഒരു സിനിമ സെറ്റിലാണ് സംഭവിച്ചത്. അന്നത്തെ ചർച്ച കഴിഞ്ഞ് പിരിയുമ്പോൾ സംഗീത് ശിവൻ സിനിമയുടെ തിരക്കഥയുടെ പൂർണ്ണരൂപം സണ്ണി ഡിയോളിനെ ഏൽപ്പിച്ചു. ക്യാമറയ്ക്ക് മുന്നിൽനിന്ന് സ്ക്രിപ്റ്റ് തിരുത്തുന്ന രീതി തനിക്ക് പരിചയമില്ല. സ്ക്രിപ്റ്റ് പൂർണമായി വായിക്കുക. എന്തെങ്കിലും മാറ്റം വരുത്തണമെങ്കിൽ അതൊക്കെ ചിത്രീകരണത്തിന് മുൻപ്. ഷൂട്ടിംഗ് തുടങ്ങിക്കഴിഞ്ഞാൽ എഴുതി വച്ചിരിക്കുന്നതിൽ നിന്ന് ഒരു വരി മാറ്റാൻ പോലും താൻ തയ്യാറല്ല.
ഇത്രയും കൂടി പറഞ്ഞാണ് സംഗീത് ശിവൻ യാത്ര പറയുന്നത്. ഒരുപക്ഷേ സണ്ണി ഡിയോളിൻ്റെ കരിയറിൽ ആദ്യമായിട്ടായിരിക്കും ഇങ്ങനെ ഒരു സംഭവം. ബോളിവുഡ് താരാധിപത്യം ഉള്ള മേഖലയാണ്. മലയാള സിനിമ സെറ്റിലുള്ളതുപോലെ താരങ്ങളും സംവിധായകനും മറ്റ് അണിയറ പ്രവർത്തകരും ഒരേ മനസ്സോടെ വലിപ്പച്ചെറുപ്പം ഇല്ലാതെ യോജിച്ച് പ്രവർത്തിക്കുന്ന രീതി ബോളിവുഡിലും കൊണ്ടുവരാൻ സംഗീത് ശിവൻ ശ്രമിച്ചിരുന്നു. കുറഞ്ഞപക്ഷം അദ്ദേഹത്തിന്റെ സെറ്റിലെങ്കിലും.
സോറിന് ശേഷം ഏകദേശം അഞ്ചോളം സൂപ്പർ ഹിറ്റ് ഹിന്ദി ചിത്രങ്ങൾ അദ്ദേഹം സംവിധാനം ചെയ്തു. ദീർഘമായ ഒരു ഇടവേളയ്ക്കു ശേഷമാണ് സംഗീത് ശിവൻ കാപ്കപിയ്ക്ക് വേണ്ടി വീണ്ടും സംവിധാന കുപ്പായം അണിഞ്ഞത്. മെയ്മാസത്തിൽ ചിത്രം റിലീസ് ചെയ്യുമ്പോൾ ഹെവൻലി പ്രീമിയം സർക്കിളിൽ അദ്ദേഹം ആദ്യ ഷോയ്ക്ക് തന്നെ ടിക്കറ്റ് എടുക്കുമെന്ന് പ്രതീക്ഷിക്കുന്നു.
Sources (ഉറവിടങ്ങൾ):
കുക്കു പരമേശ്വരൻ (അർദ്ധ സഹോദരൻ)
സന്തോഷ് നായർ
സഞ്ജയ് പടിയൂർ
രതീഷ് ശങ്കരപ്പിള്ള