ETV Bharat / state

കന്നിമാസ പൂജകൾക്കായി ശബരിമലനട 16ന് തുറക്കും; ആഗോള അയ്യപ്പസംഗമത്തിനെതിരെ സുപ്രീം കോടതിയില്‍ ഹര്‍ജി

തന്ത്രി കണ്ഠര് മഹേഷ് മോഹനരുടെ സാന്നിധ്യത്തിൽ മേൽശാന്തി അരുൺ കുമാർ നമ്പൂതിരി നട തുറന്ന് ദീപം തെളിയിക്കും

Sabarimala temple monthly Pooja
ശബരിമല (ETV Bharat)
author img

By ETV Bharat Kerala Team

Published : September 14, 2025 at 11:53 AM IST

3 Min Read
Choose ETV Bharat

പത്തനംതിട്ട: കന്നിമാസ പൂജകൾക്കായി ശബരിമല ശ്രീധർമശാസ്താ ക്ഷേത്രനട സെപ്റ്റംബർ 16ന് വൈകിട്ട് അഞ്ച് മണിക്ക് തുറക്കും. തന്ത്രി കണ്ഠര് മഹേഷ് മോഹനരുടെ സാന്നിധ്യത്തിൽ മേൽശാന്തി അരുൺ കുമാർ നമ്പൂതിരി നട തുറന്ന് ദീപം തെളിയിക്കും. തുടർന്ന് ഭക്തർക്ക് ദർശനം നടത്താം.

കന്നിമാസം ഒന്നാം തീയതിയായ സെപ്റ്റംബർ 17-ന് രാവിലെ 5 മണിക്ക് നട വീണ്ടും തുറക്കും. കന്നിമാസത്തിലെ പൂജകൾ പൂർത്തിയാക്കി സെപ്റ്റംബർ 21-ന് രാത്രി 10 മണിക്ക് ഹരിവരാസനം പാടി നട അടയ്ക്കും.

ആഗോള അയ്യപ്പ സംഗമം സെപ്റ്റംബർ 20-ന് പമ്പയിൽ

തിരുവിതാംകൂർ ദേവസ്വം ബോർഡിൻ്റെ പ്ലാറ്റിനം ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി സെപ്റ്റംബർ 20-ന് പമ്പയിൽ ആഗോള അയ്യപ്പ സംഗമം സംഘടിപ്പിക്കും. മുഖ്യമന്ത്രി പിണറായി വിജയൻ രാവിലെ 10.30-ന് സംഗമം ഉദ്ഘാടനം ചെയ്യും. ലോകത്തിൻ്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള മൂവായിരത്തിലധികം അയ്യപ്പ ഭക്തർ സംഗമത്തിൽ പങ്കെടുക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. ശബരിമലയിലെ കന്നിമാസ പൂജകൾക്കും ആഗോള അയ്യപ്പ സംഗമത്തിനും വിപുലമായ ഒരുക്കങ്ങൾ ദേവസ്വം ബോർഡ് നടത്തിവരുന്നു.

GLOBAL AYYAPPA SUMMIT
ആഗോള അയ്യപ്പ സംഗമം (ETV Bharat)

ഭക്തർക്ക് തടസമില്ലാതെയാണ് അയ്യപ്പ സംഗമം നടത്താൻ ഉദ്ദേശിക്കുന്നതെന്ന് ദേവസ്വം മന്ത്രി വി എൻ വാസവൻ അറിയിച്ചു. പമ്പാ തീരത്ത് താത്കാലിക പന്തൽ നിർമിച്ചാണ് പരിപാടി നടത്തുക. പരിപാടിയുടെ വരവ്-ചെലവ് കണക്കുകൾ സ്പോൺസർഷിപ്പ് ഉൾപ്പെടെ കൃത്യമായി പുറത്തുവിടുമെന്നും മന്ത്രി വ്യക്തമാക്കി. അയ്യപ്പ സംഗമത്തിന് ശേഷം 45 ദിവസത്തിനകം വരവ്-ചെലവ് സംബന്ധിച്ച റിപ്പോർട്ട് കോടതിയിൽ സമർപ്പിക്കണമെന്നും ഹൈക്കോടതി നിർദേശിച്ചിട്ടുണ്ട്.

അയ്യപ്പസംഗമത്തിനെതിരെ സുപ്രീം കോടതിയില്‍ ഹര്‍ജി

ആഗോള അയ്യപ്പസംഗമത്തിനെതിരെ ഡോ. പിഎസ് മഹേന്ദ്രകുമാർ സുപ്രീം കോടതിയില്‍ ഹര്‍ജി നൽകി. നടപടികളില്‍ നിന്ന് ദേവസ്വം ബോര്‍ഡിനെയും സര്‍ക്കാരിനെയും വിലക്കണമെന്ന് ആവശ്യപ്പെട്ടാണ് ഹര്‍ജി. ദൈവത്തിന് അവകാശപ്പെട്ട ദേവസ്വം ഫണ്ട് രാഷ്ട്രീയ പരിപാടികള്‍ക്കായി വിനിയോഗിക്കാന്‍ അനുവദിക്കരുതെന്നും ഹര്‍ജിയില്‍ ആവശ്യപ്പെട്ടു.
ഈ മാസം ഇരുപതാം തീയതി പമ്പയില്‍ ആഗോള അയ്യപ്പ സംഗമം നടത്തുന്നതിന് കേരള ഹൈക്കോടതി അനുമതി നല്‍കിയിരുന്നു. ഇതിനെതിരെയാണ് ഹര്‍ജി.

പരിപാടി സംഘടിപ്പിക്കുന്നത് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് അല്ലെന്നും സംസ്ഥാന സര്‍ക്കാര്‍ ആണെന്നുമാണ് ഹര്‍ജിയില്‍ പറയുന്നത്. ദേവസ്വം ബോര്‍ഡിനെ മറയാക്കി സര്‍ക്കാരിൻ്റെ രാഷ്ട്രീയനീക്കമാണ് ഇതെന്നും നിരീശ്വരവാദികളായ രാഷ്ട്രീയ നേതാക്കളാണ് പരിപാടിയില്‍ പങ്കെടുക്കന്നതെന്നും ഹര്‍ജിയില്‍ പറയുന്നു. ആഗോള അയ്യപ്പസംഗമം തടഞ്ഞില്ലെങ്കില്‍ ഭാവിയില്‍ സര്‍ക്കാരുകള്‍ക്ക് മതസംഗമങ്ങളുടെ പേരില്‍ രാഷ്ട്രീയ പരിപാടികള്‍ നടത്താന്‍ കഴിയുമെന്നും ഹര്‍ജിക്കാരന്‍ ആരോപിക്കുന്നു. തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന് ആഗോള മതസംഗമം നടത്താന്‍ ചട്ടപ്രകാരം കഴിയില്ല. ദേവസ്വം ബോര്‍ഡിനെ മറയാക്കി രാഷ്ട്രീയ ലക്ഷ്യത്തോടെ സര്‍ക്കാര്‍ നടത്തുന്ന പരിപാടിയില്‍ ക്ഷേത്ര ഫണ്ട് ഉപയോഗിക്കാന്‍ കഴിയില്ലെന്നുമാണ് ഹര്‍ജിക്കാരുടെ വാദം.


പമ്പ നദിയുടെ തീരപ്രദേശം പരിസ്ഥിതി ലോല മേഖലയാണ്. അവിടെ അയ്യപ്പ സംഗമം നടത്തുന്നത് ഹൈക്കോടതി പുറപ്പെടുവിച്ചിട്ടുള്ള മുന്‍ നിര്‍ദേശങ്ങളുടെ ലംഘനം ആണെന്നും ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടുന്നു.

വെർച്വൽ ക്യു സ്ലോട്ട് ചുരുക്കി

മാസപൂജ സമയങ്ങളിൽ സാധാരണയായി പ്രതിദിനം 50,000 സ്ലോട്ടുകൾ അനുവദിച്ചിരുന്നത്, അയ്യപ്പ സംഗമം നടക്കുന്ന സെപ്റ്റംബർ 19, 20 തീയതികളിൽ 10,000 ആയി കുറച്ചു. നിലവിൽ ഈ സ്ലോട്ടുകളിൽ ആയിരത്തിൽ താഴെ എണ്ണം മാത്രമാണ് ശേഷിക്കുന്നത്. മാസപൂജക്ക് പതിനായിരം ഭക്തർ പോലും സാധാരണയായി എത്താറില്ലെന്നാണ് ദേവസ്വം ബോർഡ് ഇതിന് നൽകുന്ന വിശദീകരണം.

വിമര്‍ശനവുമായി പ്രതിപക്ഷം

തെരഞ്ഞെടുപ്പ് അടുത്തിരിക്കെ ഭൂരിപക്ഷ പ്രീണനം ലക്ഷ്യമിട്ടാണ് സർക്കാർ ഈ പരിപാടി സംഘടിപ്പിക്കുന്നതെന്നാണ് പ്രതിപക്ഷത്തിൻ്റെ ആരോപണം. ബിജെപിക്ക് സമാനമായി വർഗീയ കാർഡ് ഇറക്കാനുള്ള നീക്കമാണ് സർക്കാരിൻ്റേതെന്ന് പ്രതിപക്ഷ നേതാവ് ഉൾപ്പെടെയുള്ള കോൺഗ്രസ് നേതാക്കൾ വിമർശിച്ചു. അതേസമയം, തൃശൂർ എംപിയും കേന്ദ്രമന്ത്രിയുമായ സുരേഷ് ഗോപി താൻ അയ്യപ്പ സംഗമത്തിൽ പങ്കെടുക്കില്ലെന്ന് നേരത്തെ പരസ്യമായി വ്യക്തമാക്കിയിരുന്നു.

Also Read: 'വിവാഹമേ വേണ്ട, കഴിക്കുകയാണെങ്കിൽ തന്നെ വൈകി മതി'; കേരളത്തിലെ ട്രെൻ്റ് വ്യത്യസ്‌തമെന്ന് ജനസംഖ്യാ സർവേ ഫലം