തിരുവനന്തപുരം: അങ്കമാലി-എരുമേലി ശബരി റെയില്‍പാത പതിറ്റാണ്ടുകള്‍ക്കു ശേഷം പ്രതീക്ഷയുടെ ട്രാക്കിലേക്ക്. കേന്ദ്ര റെയില്‍വേ മന്ത്രി അശ്വിനി വൈഷ്ണവുമായി മുഖ്യമന്ത്രി പിണറായി വിജയന്‍ ഇന്ന് നടത്തിയ ചര്‍ച്ചയിലാണ് കേന്ദ്ര സര്‍ക്കാര്‍ പദ്ധതിയുടെ നിര്‍മ്മാണം പുനരാരംഭിക്കാന്‍ തീരുമാനിച്ചത്.
ഉടന്‍ തന്നെ കേന്ദ്രത്തില്‍ നിന്നുള്ള വിദഗ്ധ സംഘം കേരളത്തിലെത്തും. പാതയ്ക്കായി ഭൂമി ഏറ്റെടുക്കുന്ന നടപടികള്‍ ജൂലായില്‍ തന്നെ ആരംഭിക്കാനാണ് ധാരണയായത്. കേരളത്തിന്‍റെ വടക്കു മുതല്‍ തെക്കു വരെ മൂന്നും നാലും പാതകള്‍ ഒരുക്കുന്നതും കൂടിക്കാഴ്ചയില്‍ ചര്‍ച്ചയായി. ഇക്കാര്യത്തിലും അനുകൂല പ്രതികരണമാണ് കേന്ദ്രമന്ത്രിയില്‍ നിന്നുണ്ടായതെന്ന് മുഖ്യമന്ത്രിക്കൊപ്പം ചര്‍ച്ചയില്‍ പങ്കെടുത്ത മന്ത്രി വി. അബ്ദുറഹ്‌മാന്‍ അറിയിച്ചു.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക
അങ്കമാലി മുതല്‍ എരുമേലി വരെ 111.48 കി.മീ ദൈര്‍ഘ്യമുള്ളതാണ് 1997-98 റെയില്‍വേ ബജറ്റില്‍ നിര്‍ദ്ദേശിക്കപ്പെട്ട പാത. 8 കി.മീ. ഭൂമി ഏറ്റെടുക്കല്‍ പൂര്‍ത്തിയായിരുന്നു. അങ്കമാലിക്കും കാലടിയ്ക്കും ഇടയില്‍ 7 കി.മീ നിര്‍മ്മാണവും നടന്നതാണ്.
ഇതോടെ റെയില്‍ കണക്റ്റിവിറ്റിയുടെയും വികസനത്തിന്‍റെയും പുതുലോകം കേരളത്തിനു മുന്നില്‍ തുറക്കുകയാണ്. ശബരിമല തീര്‍ഥാടകര്‍ക്ക് വലിയ സഹായമാകുന്നതാണ് ഈ പാത. എറണാകുളം, ഇടുക്കി, പത്തനംതിട്ട ജില്ലകളുടെ സാമ്പത്തിക വളര്‍ച്ചയ്ക്ക് ഉത്തേജനമാവുകയും ചെയ്യും . ഇടുക്കി ജില്ലയെ റെയില്‍വേയുമായി കണ്ണിചേര്‍ക്കുന്ന പ്രഥമ പാതയെന്ന പ്രത്യേകതയുമുണ്ട്.
പതിറ്റാണ്ടുകളുടെ ആവശ്യം
ഇന്ത്യയിലെ പ്രമുഖ തീര്‍ഥാടന കേന്ദ്രമായ ശബരിമലയിലേക്ക് ഒരു റെയില്‍പാത എന്ന ആവശ്യത്തിന് പതിറ്റാണ്ടുകളുടെ പഴക്കമുണ്ട്. ഇതു സംബന്ധിച്ച് കേരളം നടത്തിയ സമ്മര്‍ദ്ദങ്ങളുടെ ഫലമായി 1997-98 ലെ റെയില്‍ ബജറ്റിലാണ് ശബരിമലയെ ഇന്ത്യന്‍ റെയില്‍ ശൃംഖലയുമായി ബന്ധിപ്പിക്കുന്നതു സംബന്ധിച്ച പദ്ധതി പ്രഖ്യാപിക്കുന്നത്.
അങ്കമാലിയില്‍ നിന്ന് എരുമേലിയിലേക്ക് 550 കോടി ചെലവില്‍ 110 കിലോമീറ്റര്‍ നീളുന്ന ഒരു പാത എന്നായിരുന്നു ലോക്‌സഭയില്‍ അവതരിപ്പിച്ച ബജറ്റില്‍ റെയില്‍വെ മന്ത്രി റാം വിലാസ് പാസ്വാന്‍റെ പ്രഖ്യാപനം. പിന്നാലെ പദ്ധതിക്കായി സ്ഥലം ഏറ്റെടുക്കല്‍ ആരംഭിച്ചു. അങ്കമാലിയില്‍ നിന്ന് കാലടിവരെ 7 കിലോമീറ്റര്‍ ദൂരത്തില്‍ റെയില്‍വേ ലൈനിന്റെ നിര്‍മ്മാണം പൂര്‍ത്തിയാക്കുകയും തുടര്‍ന്നങ്ങോട്ട് 70 കിലോമീറ്റര്‍ ദൂരം സ്ഥലം ഏറ്റെടുക്കലിനായി വിജ്ഞാപനം ചെയ്യുകയും ചെയ്തു. എന്നാല്‍ പദ്ധതി ലാഭകരമല്ലെന്നു കണ്ടെത്തി പിന്നാലെ കേന്ദ്രം പദ്ധതി മരവിപ്പിച്ചു.

പിന്നീട് സംസ്ഥാനം പലനിവേദനങ്ങളും നല്‍കിയിട്ടും കേന്ദ്രം അനുകൂല നിലപാട് സ്വീകരിച്ചില്ല. പദ്ധയിയുടെ പകുതി ചിലവ് സംസ്ഥാനം വഹിക്കണമെന്ന നിബന്ധന കേന്ദ്രം മുന്നോട്ടു വച്ചു. 2021 പദ്ധതിയുടെ പുതുക്കിയ എസ്റ്റിമേറ്റ് 3800.93 കോടി രൂപയായി കെ റെയില്‍ പുതുക്കി നിശ്ചയിച്ചു. പദ്ധതിചെലവിന്‍റെ പകുതി ഏറ്റെടുക്കാന്‍ സംസ്ഥാനം സന്നദ്ധമാണെന്നും കിഫ്ബി വഴി ഏറ്റെടുക്കാമെന്നും സംസ്ഥാനം അറിയിച്ചതോടെയാണ് പദ്ധതി വീണ്ടും കേന്ദ്രം പരിഗണിച്ചത്. ഇതിനിടെ ചെങ്ങന്നൂരില്‍ നിന്ന് പമ്പയിലേക്ക് മറ്റൊരു പാതയെന്ന നിര്‍ദ്ദേശം മുന്നോട്ടു വന്നെങ്കിലും ഭാവിയില്‍ കേരളത്തിലെ മറ്റൊരു റെയില്‍ റൂട്ടായി വികയിപ്പിക്കാനുള്ള സാധ്യത കണക്കിലെടുത്ത് കേരളം അങ്കമാലി-എരുമേലി പദ്ധതിയില്‍ഉറച്ചു നില്‍ക്കുകയാരുന്നു. റെയില്‍വേ കണക്ടിവിറ്റിയില്ലാത്ത മധ്യകേരളത്തിലെ പ്രമുഖ പട്ടണങ്ങളായ പെരുമ്പാവൂര്‍, കോതമംഗലം, മൂവാറ്റുപുഴ, തൊടുപുഴ, പാല എന്നീ നഗരങ്ങളെ റെയില്‍വേയുമായി ബന്ധിപ്പിക്കാന്‍ പദ്ധതിക്കു കഴിയും. ഭാവിയില്‍ പലരൂപത്തിലുള്ള വികസന സാധ്യതകളാണ് പ്രതീക്ഷിക്കുന്നത്.
അങ്കമാലി-എരുമേലി ശബരി പാതയുടെ നാള്‍വഴികള്‍
# 1997-98 റെയില്‍ ബജറ്റില്‍ പ്രഖ്യാപനം
# തുടക്കത്തില്‍ 110 കിലോമീറ്റര്‍ നീളം, 550 കോടി രൂപ ചിലവ്
# ശബരിമല തീര്‍ഥാടകര്‍ക്കും കോട്ടയം, ഇടുക്കി ജില്ലകളുടെ വികകനത്തിനും പ്രയോജനം
# 2017 ല്‍ പദ്ധതിയുടെ പുതുക്കിയ എസ്റ്റിമേറ്റ് 28215 കോടി രൂപ
# ലാഭകരമല്ലെന്നു കണ്ട് പദ്ധതി മരവിപ്പിച്ചു
# 2021 പദ്ധതി പുനരുജ്ജീവിപ്പിക്കുന്നതിന്‍റെ ഭാഗമായി 50 ശതമാനം ചെലവ് കിഫ്ബി വഴി വഹിക്കാന്‍ സംസ്ഥാനം തീരുമാനിച്ചു.
# റെയില്‍വേയുടെ നിര്‍ദേശ പ്രകാരം 2021 ല്‍ കെ റെയില്‍ എസ്റ്റിമേറ്റ് പുതുക്കി. ഇതു പ്രകാരം ചെലവ് 3800.93 കോടി രൂപയായി ഉയര്‍ന്നു
# സ്ഥലം ഏറ്റെടുക്കലിനായി രെയില്‍വേ ഇതുവരെ 145.82 കോടി രൂപ നല്‍കി
റെയില്‍പ്പാത കടന്നു പോകുന്ന സ്ഥലങ്ങള്‍
അങ്കമാലി, കാലടി, പെരുമ്പാവൂര്‍, ഓടക്കാലി, കോതമംഗലം, മൂവാറ്റുപുഴ, വാഴക്കുളം, തൊടുപുഴ, കരിങ്കുന്നം, രാമപുരം, ഭരണങ്ങാനം, ചെമ്മലമറ്റം, കാഞ്ഞിരപ്പള്ളി, എരുമേലി