കണ്ണൂർ: ഹരിത കേരള മിഷന്‍റെ ഭാഗമായി സംസ്ഥാനത്ത് ജനകീയ പങ്കാളിത്തത്തോടെ ശുദ്ധീകരിക്കുന്ന ആദ്യ പുഴയാണ് കണ്ണൂരിലെ കാനാമ്പുഴ. വർഷങ്ങൾ പഴക്കമുള്ള കാനാമ്പുഴയില്‍ മാലിന്യ കൂമ്പാരം നിറഞ്ഞ്, ഒഴുക്ക് വറ്റിയ അവസ്ഥയായിരുന്നു. മാലിന്യങ്ങൾ നിറഞ്ഞ് കറുത്ത നിറത്തിലായ വെള്ളം മഴക്കാലങ്ങളിൽ സമീപ വയലുകളിലേക്ക് പടരാൻ തുടങ്ങിയതും വിനയായി.
സമീപ പ്രദേശങ്ങളെ ഒന്നാകെ രോഗങ്ങൾ വിഴുങ്ങുന്ന ഘട്ടം വരെയെത്തി. ഈ ഘട്ടത്തിലാണ് പുഴയെ വീണ്ടെടുക്കുക എന്ന ലക്ഷ്യത്തോടെ കാനാമ്പുഴ അതിജീവനം എന്ന ആശയവുമായി എംഎൽഎ രാമചന്ദ്രൻ കടന്നപ്പള്ളിയുടെ നേതൃത്വത്തിൽ 2016ല്‍ കാനാമ്പുഴ പുനരുജ്ജീവന പദ്ധതിക്ക് തുടക്കമിട്ടത്.
ചേലോറ അയ്യപ്പൻ മല മുതൽ കണ്ണൂർ അറബിക്കടൽ വരെ നീളുന്ന 9.15 കിലോമീറ്റർ ദൂരമുള്ള പുഴയാണ് ജനകീയ കൂട്ടായ്‌മയിൽ നവീകരിച്ചത്. ആദ്യം മാലിന്യം മുഴുവനായും നീക്കം ചെയ്യാനുള്ള വിപുലമായ കമ്മിറ്റി രൂപീകരിച്ചു. ആദ്യ ഘട്ടം തിലാനൂർ മാച്ചേരി അയ്യപ്പൻ മല മുതൽ താഴെചൊവ്വ ഹൈവേ വരെയായിരുന്നു. ആയിരക്കണക്കിന് ആളുകള്‍ ചേര്‍ന്നാണ് പുഴ ശുചീകരിച്ചത്.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക
4.40 കോടി രൂപയുടെ പ്രവൃത്തിയിൽ പുഴയിലെ ചെളിയും മാലിന്യങ്ങളും നീക്കം ചെയുക, കരിങ്കൽ കൊണ്ട് പാർശ്വഭിത്തി നിർമിക്കുക, പാടശേഖരങ്ങളിലേക്കുള്ള ജലസേചനാവശ്യാർഥം സ്ലൂയിസുകൾ നിർമിക്കുക, വിനോദ സഞ്ചാര ഉദ്ദേശത്തോടു കൂടി പുഴയുടെ ഇരുവശങ്ങളിലും നടപ്പാത/ബണ്ട് നിർമിക്കുക, ബണ്ടിൽ കയർ ഭൂവസ്ത്രം വിരിക്കുക, തെരുവ് വിളക്കുകൾ സ്ഥാപിക്കുക എന്നീ പ്രവൃത്തികളാണ് നടപ്പിലാക്കിയത്.
പ്രവൃത്തി നടപ്പിലാക്കിയതോടെ എളയാവൂർ, പെരിങ്ങളായി പാടശേഖരങ്ങളിലേക്കുള്ള ജലസേചന സൗകര്യം വർധിക്കുകയും കാർഷികാഭിവൃദ്ധി കൈവരിക്കുകയും ചെയ്‌തു. കാനാമ്പുഴയുടെ സൗന്ദര്യം വീണ്ടടുക്കുന്നതോടൊപ്പം പൊതുജനങ്ങൾക്ക് കാൽനട യാത്രക്ക് ഉപകാരപ്പെടുന്ന രീതിയിൽ നടപ്പാതയും ഇവിടെ സജ്ജമാക്കി. സൗരോർജ വിളക്കുകൾ സ്ഥാപിക്കുകയും ചെയ്‌തു.
മന്ത്രിയുടെ ആസ്‌തി വികസന ഫണ്ടിൽ ഉൾപ്പെടുത്തി പുളിക്കോം പാലം മുതൽ ബണ്ട് പാലം വരെയുള്ള രണ്ട് കോടി രൂപയുടെ കാനാമ്പുഴ പുനരുജ്ജീവന പ്രവൃത്തികളും പൂർത്തീകരിച്ചു. 1.80 കോടി രൂപയുടെ മണ്ണ് സംരക്ഷണ പ്രവർത്തനങ്ങൾ മണ്ണ് സംരക്ഷണ വകുപ്പ് വഴി നടന്നു വരുന്നുണ്ട്. രണ്ടാം ഘട്ടത്തിൽ രണ്ടാംഘട്ട റെയിൽവേ ലൈൻ മുതൽ കടലായി വരെയുള്ള ഭാഗത്തെ പ്രവൃത്തിക്കായി എസ്റ്റിമേറ്റ് തയ്യാറാക്കി ഭരണാനുമതിക്കായി സമർപ്പിച്ചിട്ടുണ്ട്.
നാല് കോടിയാണ് സർക്കാർ രണ്ട് ബജറ്റിലായി അനുവദിച്ചത്. ഹരിത കേരള മിഷൻ പദ്ധതിയുടെ ഭാഗമായി ജലസംരക്ഷണ മേഖലയിൽ ജനപങ്കാളിത്തത്തോടെ നടപ്പിലാക്കിവരുന്ന, സംസ്ഥാന തലത്തിൽ തന്നെ ശ്രദ്ധേയമായ പദ്ധതിയാണ് കാനാമ്പുഴ അതിജീവന പദ്ധതി. കണ്ണൂർ ജില്ലയിലെ മുണ്ടേരി ഗ്രാമപഞ്ചായത്തിൽ അയ്യപ്പമലയിൽ നിന്നും ഉത്ഭവിച്ച് തോട്ടടയിൽ അഴിമുഖത്ത് (ആദികടലായി) അറബിക്കടലിൽ ചെന്ന് ചേരുന്ന കാനാമ്പുഴ, ചെളിയും മാലിന്യങ്ങളും നിറഞ്ഞ് ഒഴുക്ക് നിലച്ച് മൃതാവസ്ഥയിൽ ആയിരുന്നു.
ഉത്ഭവ സ്ഥാനത്ത് ഏകദേശം അഞ്ച് മീറ്റര്‍ വീതിയും കടലിലേക്ക് ചേരുന്ന ഭാഗത്ത് എത്തുമ്പോൾ 50 മീറ്റര്‍ വീതിയും ഉള്ള കാനാമ്പുഴ കണ്ണൂർ മുൻസിപ്പൽ കോർപറേഷൻ പരിധിക്കുള്ളിൽ വരുന്ന പ്രധാന ജലസ്രോതസാണ്. ഈ പുഴയുടെ വൃഷ്‌ടി പ്രദേശം ഏകദേശം 25 ചതുരശ്ര കിലോമീറ്ററാണ്.