കോഴിക്കോട്: കൊടും ചൂടാണ്, അത്യുഷ്ണം. ഈ സമയത്ത് ഒരു മൊട്ട കുന്നിൻ മുകളിൽ കയറിയാൽ എന്തായിരിക്കും അവസ്ഥ. കരിഞ്ഞുണങ്ങും. അങ്ങിനെ ഒരു കുന്നിൻ പുറമായിരുന്നു വടകര ചോറോട് രയരോത്ത് സുഭാഷ് ചന്ദ്രബോസിന് തറവാട് സ്വത്തായി ലഭിച്ചത്. 33 സെൻ്റ് കുന്നു പ്രദേശത്ത് ബോസ് തൊണ്ണൂറുകളിൽ ഒരു വീട് വച്ചു. അഭിഭാഷകനും നോട്ടറിയും കൂടിയായ അദ്ദേഹം തൻ്റെ ഡൽഹിയിലെ ഒരു കമ്പനി ജോലി കഴിഞ്ഞ് നാട്ടിലെത്തി. ഭാര്യ ഇന്ദിര നാദാപുരത്തെ എൽപി സ്കൂളിൽ നിന്ന് പ്രധാന അധ്യാപികയായും വിരമിച്ചു.
വിശ്രമ ജീവതമല്ലേ.... വീടൊരു കാടാക്കിയാലോ
ഇനിയാണ് കഥയിലെ ട്വിസ്റ്റ്. വിശ്രമ ജീവിതം മൊട്ടക്കുന്നിലെ വീട്ടിൽ എങ്ങിനെ കഴിച്ചു കൂട്ടുമെന്ന ചിന്ത. കൊടും ചൂട്, കുടിക്കാൻ വെള്ളവുമില്ല. ആറ് സെൻ്റ സ്ഥലത്ത് ഒരു കുളം കുഴിച്ചെങ്കിലും വേനലിൽ വറ്റും. വാർധക്യത്തിലേക്ക് കടക്കുന്ന ഇരുവരും അത് തീരുമാനിച്ചു. നമ്മുടെ വീടൊരു കാടാക്കണം. ഭർത്താവിൻ്റെ കൈയും പിടിച്ച് ഭാര്യ ഇറങ്ങി. നാട് മുഴുവൻ സഞ്ചരിച്ച് കിട്ടുന്ന വൃക്ഷലതാതികളെല്ലാം വാങ്ങിച്ച് പുര നാലുചുറ്റും നട്ടു. ചെടികളും മരങ്ങളും പച്ചപിടിച്ചതോടെ കുളം വറ്റാതായി. അതിൽ നിറയെ മത്സ്യങ്ങളും വളർത്തി. ഈ ജലശേഖരം ചുറ്റുപാടിനും ഉറവയാകുന്നു.

ഒന്നര പതിറ്റാണ്ടായി, ഇന്നിവിടെ ഇരുനൂറിലേറെ ഔഷധ ചെടികൾ, ഓരില, മൂവില, മുക്കുറ്റി, ജീരക വെറ്റില, കർപ്പൂര വെറ്റില, പിച്ചകം, മുത്തിൾ, കരിനൊച്ചി, വേപ്പുകൾ... ഇഞ്ചികൾ... മഞ്ഞളുകൾ.. നൂറിലേറെ ഫലവൃക്ഷങ്ങൾ മൾബറി, ബ്ലാക്ക്ബറി, ബ്ലൂബറി, ലിച്ചി, മാംഗോസ്റ്റിൻ, റമ്പൂട്ടാൻ, പ്ലം, പൂച്ചപ്പഴം, മിറാക്കിൾ ഫ്രൂട്ട്, സ്റ്റാർ ആപ്പിൾ, റെഡ് ആപ്പിൾ, മലേഷ്യൻ ആപ്പിൾ, ഗണപതി നാരങ്ങ, മുസമ്പി, രാജാ പുളി...


ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക
പാഠം ഒന്ന്: കാടുണ്ടെങ്കിലേ വെള്ളമൊള്ളൂ....
വനമുണ്ടെങ്കിലേ കുടിക്കാൻ വെളളം കിട്ടൂ എന്ന പാഠമാണ് ഇവർ പകർന്നു നൽകുന്നത്. ഒപ്പം പച്ചപ്പ് ഏത് ചൂടിനേയും ശമിപ്പിക്കും എന്ന അനുഭവ ചിത്രവും. വർഷങ്ങൾക്ക് മുമ്പ് 'ദി ഹിന്ദു' വിൽ കണ്ട കുട്ടിവനത്തെ കുറിച്ചുള്ള രണ്ട് കോളം വാർത്തയാണ് പ്രേരണയായതെന്ന് സുഭാഷ് ചന്ദ്രബോസ് പറയുന്നു. '' അവളുടെ പെൻഷൻ തുകയും എൻ്റെ ചെറിയ വരുമാനവും കൂട്ടിയാണ് ഇതെല്ലാം വാങ്ങിയത്. അതിനായി പല നാട്ടിലും പോയിട്ടുണ്ട്. പിന്നീട് ഇത് ഹരിത പ്രവർത്തകർ പ്രോത്സാഹിപ്പിച്ചു.

എത്രയെത്ര അംഗീകാരങ്ങൾ
സംസ്ഥാനത്തെ മികച്ച ജൈവ സംരക്ഷക കർഷക പുരസ്കാരം, വനമിത്ര പുരസ്കാരം, മത്സ്യ കർഷക പുരസ്കാരം. തുടങ്ങി നിരവധി പുരസ്കാരങ്ങൾ തേടിയെത്തി. രണ്ട് ആൺ മക്കളാണ്. ഒരാൾ വിദേശത്ത് കുടുംബസമേതം കഴിയുന്നു. ഇളയ മകൻ നാട്ടിലുണ്ട്. കുട്ടിവനത്തോട് അവന് താൽപര്യമുണ്ട്'' ബോസ് പറഞ്ഞു. 79 വയസായി സുഭാഷ് ചന്ദ്രബോസിന്, ഇന്ദിരക്ക് 74ഉം. ചോറോടെ 'രയരോത്ത് ബോസ് ഇന്ദിര' വീട്ടിലെ കാഴ്ചകൾ കാണാൻ വന്ന് മടങ്ങുന്നവരോട് ഇരുവരും പറയും '' ഞങ്ങൾ തുടങ്ങിയിട്ടേയുള്ളൂ.. ഇത് ഇനിയും വിപുലമാക്കണം'' എന്ന്.

Also Read:- നട്ടുച്ചയ്ക്കും കുളിര് കോരും കോടക്കാഴ്ച: കൂർഗിലെ മണ്ഡൽപട്ടി! ഭൂമിയിലെ സ്വർഗത്തിലേക്ക് ഒരു യാത്ര