കണ്ണൂർ: പൂരാഘോഷം ഉത്തരകേരളത്തില്‍ പുതുമയല്ല. പക്ഷേ പൂരാഘോഷത്തിന്‍റെ ഭാഗമായി ആചാരപരമായിത്തന്നെ അശ്ലീലം പറയുന്ന ചടങ്ങ് ഇന്നും നിലനില്‍ക്കുന്ന രണ്ട് ഇടങ്ങളുണ്ട് ഉത്തര കേരളത്തില്‍. കണ്ണൂർ ജില്ലയിലെ പയ്യന്നൂർ തെരു അഷ്‌ടമച്ചാൽ ഭഗവതി ക്ഷേത്രത്തിലെ പൂരാഘോഷം ഏറെ കൗതുകകരമാവുന്നത് അത്യപൂര്‍വ്വമായ ഈ ആചാര സവിശേഷത കൊണ്ടാണ്. സാമൂഹ്യ വിമര്‍ശനമെന്ന നിലയില്‍ പച്ചയ്ക്ക് അനാചാരങ്ങളേയും അനീതികളേയും പുരോഹിതന്മാരേയും നാട്ടുമുഖ്യന്മാരേയുമൊക്കെ കളിയാക്കാനും പരിഹസിക്കാനും തെറി വിളിക്കാനുമൊക്കെ സ്വാതന്ത്ര്യം നല്‍കുന്ന ആചാരപ്പൊറാട്ട് എന്ന കലാരൂപം ഈ ക്ഷേത്രത്തിന്‍റെ പ്രത്യേകതയാണ്.
പൂരാഘോഷത്തിന്‍റെ അവസാന നാളിലാണ് കൊടുങ്ങല്ലൂര്‍ ഭരണിയുടെയത്ര തീവ്രതയിലല്ലെങ്കില്‍പ്പോലും അതിനെ അനുസ്‌മരിപ്പിക്കുന്ന രീതിയില്‍ മുനവച്ച ദ്വയാര്‍ഥ പ്രയോഗങ്ങളോടെ അശ്ലീലം പറയുന്ന ആചാരപ്പൊറാട്ട് അരങ്ങേറുക. തീക്ഷ്‌ണമായിത്തന്നെ സമുദായത്തെയും നാട്ടുമുഖ്യന്മാരേയും തന്ത്രിമാരേയുമൊക്കെ ഈ ദിവസം പൊറാട്ടിലൂടെ വിമര്‍ശിക്കാം അശ്ലീലം കലര്‍ത്തി ശകാരിക്കാം. അതിന്‍റെ പേരില്‍ പിന്നീട് ചോദ്യം ചെയ്യലോ പ്രതികരണങ്ങളോ തിരിച്ചടികളോ പാടില്ലെന്നതാണ് പിന്തുടര്‍ന്നു പോരുന്ന കീഴ്വഴക്കം.
പയ്യന്നൂരിൽ നിന്ന് അധികം അകലെയല്ലാതെയാണ് ഈ തെരുവ്. കൂടുതലും ചാലിയ സമുദായക്കാര്‍ പാർക്കുന്ന ഇടം. ആക്ഷേപ ഹാസ്യത്തിലൂടെ സാമൂഹ്യ വിമര്‍ശനം എന്നതാണ് സങ്കല്‍പ്പം. കാല ക്രമേണ ആക്ഷേപഹാസ്യവും അതിലേറെ അശ്ലീലവും ആചാരപ്പൊറാട്ടിന്‍റെ അനിവാര്യതയായി. ഉത്തരകേരളത്തിലെങ്ങുമെന്ന പോലെ മീനമാസത്തിലെ കാർത്തിക നാൾ മുതൽ ഉത്രം നാൾ വരെയാണ് ഇവിടുത്തെ പൂരാഘോഷം.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക
പൂരക്കളിയും മറുത്തുകളിയും ഒക്കെ കാവുകളെ സമ്പന്നമാക്കുമ്പോൾ അതിൽ നിന്നൊക്കെയും വേറിട്ട ആചാരങ്ങൾ കൂടി ചേരുന്നതാണ് പയ്യന്നൂർ തെരു അഷ്‌ടമച്ചാൽ ഭഗവതി ക്ഷേത്രത്തിലെ പൂരാഘോഷം. കാർത്തിക നാൾ മുതൽ ഉത്രം നാൾ വരെ നീണ്ട് നിൽക്കുന്ന ആഘോഷത്തിലെ അവസാന നാളിലാണ് ആറാട്ട് മഹോത്സവം എന്ന പേരിൽ ഈ ചടങ്ങ് നടക്കുന്നത്. ഇതിൽപ്പെട്ടതാണ് പൊറാട്ട് എന്ന മറ്റൊരാചാരം.
എന്താണ് പൊറാട്ട് ?
പൂരത്തിൻ്റെ അവസാന നാല് നാളുകളിൽ രാത്രി പൂരക്കളിക്ക് ശേഷം പൊറാട്ട് കൊണ്ട് കാണിക്കൽ എന്നൊരു ചടങ്ങുണ്ടെന്നും ആ ചടങ്ങിൽ നിന്ന് വ്യത്യസ്‌തമായി ആറാട്ട് മഹോത്സവത്തിൽ സമീപത്തെ ഏറ്റവും പ്രധാന ക്ഷേത്രമായ സുബ്രഹ്മണ്യ സ്വാമി ക്ഷേത്രത്തിലെത്തി സന്തോഷിപ്പിക്കുന്ന രീതിയിൽ ആണ് പൊറാട്ട് നടക്കാറുള്ളത് എന്നും സമുദായ അംഗം ബാലൻ പറയുന്നു. സമുദായത്തിലെയും സമൂഹത്തിലെയും അനാചാരങ്ങളെയും അനീതികളെയും പച്ചയായി തുറന്നുകാട്ടുന്ന ഒരു കലാരൂപമാണ് ആചാര പൊറാട്ട്. ഏതാണ്ട് ചാക്യാർകൂത്ത് പോലുള്ള ഒരു അനുഷ്‌ഠാന കല.
ചാലിയ സമുദായത്തെ ഉൾക്കൊള്ളുന്ന പൊറാട്ടുകളിലൂടെയാണ് ചടങ്ങിൻ്റെ തുടക്കം. പിന്നീട് തന്ത്രി വര്യന്മാരെയും ഈഴവ സമുദായത്തെയും സവർണ സമുദായത്തെയും എല്ലാം ആക്ഷേപഹാസ്യമായി അവതരിപ്പിക്കുന്നു. ഈ ദിവസം കഴിഞ്ഞാൽ ഇതിനെ ചാരി പിന്നീട് ഒരു പ്രശ്‌നവും ഉണ്ടാവാറില്ല. ആചാരം എന്ന നിലയ്ക്ക് മാത്രമാണ് ആ ദിവസത്തെ പരാമര്‍ശങ്ങളെ ആളുകള്‍ സ്വീകരിക്കുക.
പൊറാട്ട് വേഷങ്ങള്‍ സംസാരിക്കുന്നതിനെ ഉരിയാടുക എന്നാണ് പറയുക. ചാലിയ സമുദായക്കാരാണ് പൊറാട്ട് വേഷങ്ങളുമായി എത്തുക. ആചാരപ്പൊറാട്ടിന് നിയതമായ ചില വേഷങ്ങളുണ്ട്. അട്ടക്കണം പോതി, കേളിപാത്രം, ചേകോന്‍ എന്നിവയാണ് പ്രധാനം. വിവിധ സമുദായങ്ങളെ പ്രതിനിധാനം ചെയ്‌ത് കൊണ്ടുള്ള വേഷങ്ങളും പൊറാട്ടുകളായെത്തും. വാഴച്ചാൻ, മുരുഡൻ പൊറാട്ട് തുടങ്ങിയവയാണ് മറ്റുള്ളവ. ശിവൻ്റെ കാട്ടാള വേഷത്തെ അനുസ്‌മരിപ്പിക്കുന്ന വിധമാണ് വാഴച്ചാൻ്റെ അവതരണം.
കിരാതമൂർത്തി ആരാധന മൂർത്തി സമ്പ്രദായമുള്ളതിനാൽ ശിവസങ്കൽപ്പത്തെക്കുറിച്ചുള്ള ഒരുപാട് ആചാരങ്ങളും ഇവിടെ നടന്നു വരുന്നു. കൂടാതെ അട്ടക്കുടം പോതി അയ്യക്കപ്പോതി തുടങ്ങിയ ഹാസ്യത്മക ചടങ്ങുകൾ പൂർത്തിയാക്കി തിടമ്പ് നൃത്തത്തിന് ശേഷം ആണ് പൂരാഘോഷം അവസാനിക്കുക. ചുറ്റും നടക്കുന്ന അനീതികളെയും അരുതായ്‌മകളേയും ആക്ഷേപഹാസ്യത്തിലൂടെ ചോദ്യം ചെയ്യുകയും അതിനിശിതമായി വിമര്‍ശിക്കുകയും ചെയ്യുകയാണ് പൊറാട്ട് വേഷങ്ങള്‍.
പലപ്പോഴും സമീപകാല സംഭവങ്ങളും ഇടകലര്‍ത്തിയാകും ഉരിയാട്ടുകള്‍. അവിടെ സിനിമയും സീരിയലും അന്നന്ന് നാട്ടില്‍ നടക്കുന്ന കാര്യങ്ങളും കണ്‍മുന്നില്‍ കാണുന്ന കാഴ്‌ചകളുമൊക്കെ പരാമര്‍ശിക്കപ്പെടും. നീലേശ്വരം പിലിക്കോട് തെരുവിലും പയ്യന്നൂര്‍ അഷ്‌ടമച്ചാല്‍ ക്ഷേത്രത്തിലുമാണ് ആചാരപ്പൊറാട്ട് ഇന്നും സജീവമായുള്ളത്.
കൊടുങ്ങല്ലൂർ ഭരണി പാട്ടുമായി ബന്ധമുണ്ടോ...?
കൊടുങ്ങല്ലൂർ ഭരണി പാട്ട് ഏറെ പ്രസിദ്ധമാണ്. ഉത്തരകേരളത്തിൽ അധികമാരും അങ്ങനെ ഒരു ഭരണി പാട്ടിനെ കുറിച്ച് കേട്ടതും ഇല്ല. എന്നാൽ കൊടുങ്ങല്ലൂർ ക്ഷേത്രവുമായി ചില ഐതിഹ്യങ്ങൾ ഉണ്ടായേക്കാം എന്ന് പറയുകയാണ് ശാലിയ സമുദായാംഗമായ ബാലൻ.
നീലേശ്വരത്തും പയ്യന്നൂരിലുമാണ് ഇത്തരത്തിൽ ചാലിയ പൊറാട്ടുകൾ നടക്കാറുള്ളത്. യഥാർഥത്തിൽ ഭദ്രകാളി സങ്കൽപ്പത്തിലായിരുന്നു തെരു അഷ്‌ടമച്ചാൽ ഭഗവതി ക്ഷേത്രം. പിന്നീടാണ് അഷ്‌ടമച്ചാൽ ഭഗവതിയുടെ സങ്കൽപ്പത്തിലേക്ക് വരുന്നതെന്നും ബാലൻ പറയുന്നു. ഭദ്രകാളി സങ്കൽപ്പത്തിൽ ആയതുകൊണ്ടാണ് കൊടുങ്ങല്ലൂർ ഭരണിയുമായി ഇതിന് സാമ്യം വരുന്നതെന്നും ബാലൻ കൂട്ടിച്ചേർത്തു.