തൃശൂർ: സര്‍ക്കാര്‍ ധാര്‍ഷ്‌ട്യം അവസാനിപ്പിച്ച് ആശാവര്‍ക്കര്‍മാരുടെ സമരം അവസാനിപ്പിക്കാന്‍ തയ്യാറാകണമെന്ന് മുന്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. സമരം ചെയ്യുന്നവരോട് സർക്കാരിന് അലർജിയാണെന്നും അദ്ദേഹം. തൃശൂരില്‍ മാധ്യമങ്ങളോട് സംസാരിക്കവേയാണ് ചെന്നിത്തലയുടെ പ്രതികരണം.
കേരളത്തിൻ്റെ പൊതുസമൂഹം ആവശ്യപ്പെട്ടിട്ടും ധിക്കാരത്തിൻ്റെ പാതയിൽ തന്നെയാണ് സർക്കാർ. അവര്‍ ചെയ്യുന്നത് കൊലച്ചതിയാണ്. ആശാവർക്കർമാർ നമുക്കെല്ലാവർക്കും സേവനം നൽകുന്നവരാണ്. ഇത്രയും ദിവസം സമരം ചെയ്‌തിട്ടും ഒരു രൂപ കൂട്ടിക്കൊടുക്കുമെന്ന് പറയാതെ സമരം പിൻവലിച്ച് പോകൂയെന്ന് പറയുന്നത് സര്‍ക്കാരിന്‍റെ ധാർഷ്‌ട്യമാണ്.
ഇത് അവസാനിപ്പിച്ച് ആശാവർക്കർമാരുടെ സമരത്തിന് പരിഹാരം കാണാൻ സർക്കാർ തയ്യാറാകണം. മുഖ്യമന്ത്രിയും ആരോഗ്യമന്ത്രിയും പറയുന്നത് സമരം അവസാനിപ്പിച്ച് പോകാനാണ്. ഇതാണോ സമരം ചെയ്യുന്നവരോട് സ്വീകരിക്കുന്ന സമീപനമെന്ന് രമേശ് ചെന്നിത്തല ചോദിച്ചു.
കേരളത്തിലെ പൊതുസമൂഹവും മാധ്യമങ്ങളും ഒറ്റക്കെട്ടായി ആവശ്യപ്പെട്ടിട്ടും ധിക്കാരത്തിൻ്റെ പാതയിൽ തന്നെയാണ് സർക്കാർ മുന്നോട്ട് പോകുന്നത്. ഇത് കേരള സമൂഹം തിരിച്ചറിയണം. അവർ വിഷുവായിട്ട് പോലും വീടുകളിലേക്ക് പോകാതെ സമരം നടത്തുകയാണ്. ഇത് ഹൃദയഭേദകമാണ്.
ഈ സർക്കാരിന് സമരം ചെയ്യുന്നവരോട് അലർജിയാണ്. ഇതിനെതിരെയുള്ള ബഹുജന പ്രക്ഷോഭമാണ് നാട്ടിൽ വളർന്ന് വരേണ്ടത്. സമരം ചെയ്‌ത് കാര്യങ്ങൾ നേടേണ്ടയെന്ന സമീപനമാണ് സർക്കാരിൻ്റേത്. ഞങ്ങൾ എറിഞ്ഞുതരുന്ന കാശ് എടുത്താൽ മതിയെന്നുള്ളതാണ്. ഇത് കമ്മ്യൂണിസ്റ്റ് സർക്കാരിനും മുഖ്യമന്ത്രിക്കും ചേർന്നതാണോയെന്ന് അദ്ദേഹം ചോദിച്ചു.
സമരങ്ങളെ ചർച്ചയിലൂടെ പരിഹരിക്കാൻ മാർഗങ്ങൾ തേടുകയെന്നുള്ളതല്ലേ പരിഹാരമെന്ന് രമേശ് ചെന്നിത്തല മാധ്യമങ്ങളോട് ചോദിച്ചു. സർക്കാരിൻ്റെയും മുഖ്യമന്ത്രിയുടെയും ധിക്കാരമാണ് ഈ സമരം പരിഹരിക്കാതെ മുന്നോട്ട് പോകുന്നതെന്ന് അദ്ദേഹം പറഞ്ഞു.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക
നിലമ്പൂർ തെരഞ്ഞെടുപ്പിനെക്കുറിച്ചുള്ള മാധ്യമങ്ങളുടെ ചോദ്യത്തിന് നിലമ്പൂരിൽ ഇത്തവണ യുഡിഎഫ് വിജയിക്കുമെന്ന് രമേശ് ചെന്നിത്തല പറഞ്ഞു. അൻവർ യുഡിഎഫിന് പരസ്യമായി തന്നെ പിന്തുണ പ്രഖ്യാപിച്ചതാണ്. അൻവറിനെ ഒപ്പം നിർത്തിയുള്ള തെരഞ്ഞെടുപ്പ് പ്രചാരണമായിരിക്കും നിലമ്പൂരിൽ നടത്തുക. അൻവറിൻ്റെ യുഡിഎഫ് പ്രവേശനം സംബന്ധിച്ച ചർച്ച, സമയമാകുമ്പോൾ നടക്കുമെന്ന് അദ്ദേഹം പറഞ്ഞു.