ഇടുക്കി: പണിതിട്ടും പണിതിട്ടും പണിതീരാതെ രാജാക്കാട് ഗ്രാമപഞ്ചായത്തിലെ ഹോമിയോ ആശുപത്രി കെട്ടിടം. നിർമാണം ആരംഭിച്ച് നാല് വർഷം പിന്നിട്ടിട്ടും കെട്ടിട നിര്‍മാണം എങ്ങുമെത്തിയിട്ടില്ല. എന്ന് പണികൾ പൂർത്തികരിക്കുവാൻ സാധിക്കുമെന്ന് കരാറുകാരനോ പഞ്ചായത്ത് അധികൃതർക്കോ നിശ്ചയമില്ല താനും.
രാജാക്കാട് ഗ്രാമപഞ്ചായത്തിലെ ഐ എച്ച് ആർ ഡി ബിൽഡിങ്ങിലെ ഇടുങ്ങിയ മുറിയിൽ പ്രവർത്തിച്ചു വരുന്ന ഹോമിയോ ആശുപത്രിക്ക് അടിസ്ഥാന സൗകര്യമുള്ള ഒരു കെട്ടിടം വേണമെന്ന ആവശ്യത്തിന് വർഷങ്ങളുടെ പഴക്കമുണ്ട്. ജനങ്ങളുടെ നിരന്തര ആവശ്യത്തെത്തുടർന്ന് 2019 -ൽ ആശുപത്രി കെട്ടിടം നിർമിക്കുന്നതിനുള്ള സ്ഥലം ഏറ്റെടുത്തു. സ്ഥല ലഭ്യത ഉറപ്പായതോടെ 2020 -ൽ ഉടുമ്പൻചോല എംഎൽഎയുടെ ആസ്‌തിവികസന ഫണ്ടിൽനിന്ന് ആശുപത്രി കെട്ടിടം നിർമിക്കുന്നതിനായി 40 ലക്ഷം രൂപ അനുവദിക്കുകയും ചെയ്‌തു. തുടര്‍ന്ന് ടെണ്ടർ നടപടികൾ പൂർത്തീകരിച്ചു കരാറുകാരൻ നിർമാണ പ്രവർത്തനങ്ങളും ആരംഭിച്ചു. എന്നാൽ പണി തുടങ്ങി നാല് വർഷം കഴിഞ്ഞിട്ടും ആശുപത്രി കെട്ടിടത്തിൻ്റെ അവസ്ഥയ്ക്ക് യാതൊരു മാറ്റവുമില്ല.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക
രാജാക്കാട് ഹോമിയോ ആശുപത്രിക്ക് ഒപ്പം നിർമാണം ആരംഭിച്ച സമീപ പഞ്ചായത്തുകളിലെ ആശുപത്രി കെട്ടിടങ്ങൾ നിർമാണം പൂർത്തികരിച്ചു പ്രവർത്തനം ആരംഭിച്ചു കഴിഞ്ഞു. എന്നാല്‍ ഇവിടുത്തെ പണി എങ്ങുമെത്താതെ നീളുകയാണ്. ഒച്ച് ഇതിലും വേഗത്തിൽ ഇഴയുമെന്നാണ് ആശുപത്രി കെട്ടിടത്തിൻ്റെ നിര്‍മാണത്തെക്കുറിച്ച് പ്രദേശവാസികൾ പറയുന്നത്.