കാസർകോട്: തെക്കുപടിഞ്ഞാറൻ മൺസൂൺ വടക്കൻ ഭാഗങ്ങളില്‍ ശേഷിക്കുന്ന ഭാഗങ്ങൾ കൂടുതൽ മുന്നേറുന്നതായി കാലാവസ്ഥ നിരീക്ഷണ കേന്ദ്രം. അടുത്ത 36 മണിക്കൂറിനുള്ളിൽ രാജസ്ഥാൻ, പഞ്ചാബ്, ഹരിയാന,ഡൽഹി, പടിഞ്ഞാറൻ ഉത്തർപ്രദേശിന്‍റെ ശേഷിക്കുന്ന ഭാഗങ്ങൾ എന്നിവിടങ്ങളിൽ തെക്കുപടിഞ്ഞാറൻ മൺസൂൺ കൂടുതൽ മുന്നേറുന്നതിന് അനുകൂലമായ സാഹചര്യങ്ങളുണ്ടെന്നും നിരീക്ഷണ കേന്ദ്രം അറിയിച്ചു.
മൺസൂണിന്‍റെ വടക്കൻ പരിധി ബാർമർ, ജോധ്പൂർ, ജയ്പൂർ, ആഗ്ര, റാംപൂർ, ബിജ്‌നോർ, കർണാൽ, ഹൽവാര, എന്നിവയിലൂടെ കടന്നുപോകുകുകയാണ്. അതേസമയം കേരളത്തിൽ 28 വരെ ശക്തമായ മഴയ്‌ക്ക് സാധ്യതയുണ്ടെന്നു കാലാവസ്ഥ നിരീക്ഷണ കേന്ദ്രം മേധാവി നീത കെ ഗോപാൽ ഇ ടിവി ഭാരതിനോട് പറഞ്ഞു. ജൂൺ 29 മുതൽ ജൂലൈ 5 വരെ മഴ കുറയുമെന്നും അവർ അറിയിച്ചു.
28 വരെ മഞ്ഞ അലര്‍ട്ട് ആണ് ഉള്ളതെങ്കിലും ഇടിയോടു കൂടിയ ശക്തമായ മഴ പ്രതീക്ഷിക്കാം. ഇടവേളകളിൽ മഴ പെയ്യുന്നത് കൊണ്ടാണ് ഇടിയും ഉണ്ടാകുന്നത്. കാറ്റിന്‍റെ ഗതിയിലും മാറ്റം ഉള്ളതായി കാലാവസ്ഥ നിരീക്ഷണ കേന്ദ്രം സൂചന നൽകുന്നു. 28 വരെ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്.
24 മണിക്കൂറിൽ 64.5 മില്ലിമീറ്റർ മുതൽ 115.5 മില്ലിമീറ്റർ വരെ മഴ ലഭിക്കുന്ന സാഹചര്യത്തെയാണ് ശക്തമായ മഴ എന്നത് അർഥമാക്കുന്നത്.ഇപ്പോൾ പെയ്യുന്ന പോലെ തന്നെ അടുത്ത ദിവസങ്ങളിലും മഴ പ്രതീക്ഷിക്കാം. വടക്കൻ ജില്ലകളിൽ ആണ് കൂടുതൽ മഴ ലഭിക്കുക.
