തിരുവനന്തപുരം: തമ്പാനൂര്‍ റെയില്‍വേ യാര്‍ഡിനടിയിലൂടെ ആമയിഴഞ്ചാന്‍ തോട് കടന്നു പോകുന്നുണ്ടെങ്കിലും അവിടേക്ക് ഒരു മാലിന്യം പോലും റെയില്‍വേ നിക്ഷേപിക്കുന്നില്ലെന്ന് തിരുവനന്തപുരം ഡിവിഷണല്‍ റയില്‍വേ മാനേജര്‍ ഡോ. മനീഷ് ധപ്ല്യാല്‍. മഴവെള്ളത്തിലൂടെ നഗരത്തിന്‍റെ മറ്റിടങ്ങളില്‍ നിന്നുള്ള മാലിന്യങ്ങള്‍ പല വഴികളിലൂടെ ആമയിഴഞ്ചാന്‍ തോട്ടിലേക്ക് ഒഴുകിയെത്തുകയാണ് ചെയ്യുന്നത്. യാര്‍ഡിന് താഴെ തുരങ്കത്തിനടിയിലെ ആഴക്കുറവും പവര്‍ ഹൗസ് റോഡിലെത്തുന്ന ഭാഗത്ത് തോടിന് കുറുകെയുള്ള കോണ്‍ക്രീറ്റ് കെട്ടും കാരണമാണ് മാലിന്യം അവിടെ കെട്ടിക്കിടക്കുന്നത്.
ആമയിഴഞ്ചാന്‍ തോട്ടില്‍ മാലിന്യം വലിച്ചെറിയാതിരിക്കാന്‍ വലിയ ഉയരത്തിലുള്ള കമ്പിവേലിയാണുള്ളത്. ഇതിലൂടെ തിരുവനന്തപുരം റെയില്‍വേ സ്റ്റേഷനില്‍ വന്നിറങ്ങുന്ന ഒരു യാത്രക്കാരനും മാലിന്യം വലിച്ചെറിയാന്‍ കഴിയില്ല. തിരുവനന്തപുരം റെയില്‍വേ സ്റ്റേഷനിലെ എല്ലാ മാലിന്യങ്ങളും അല്‍പം പോലും അവശേഷിപ്പിക്കാതെ ദിനം പ്രതി നീക്കം ചെയ്യുകയാണ് റെയില്‍വേ ചെയ്യുന്നത്. ഇതിനുള്ള കരാറുകാര്‍ ഇത് ഭംഗിയായി നിര്‍വ്വഹിക്കുന്നുണ്ട്.
ബയോ ടോയ്‌ലെറ്റിനുള്ളിലാകട്ടെ അല്‍പം പോലും ഖരമാലിന്യം അവശേഷിക്കാറുമില്ല. അതിനാല്‍ ബയോ ടോയ്‌ലെറ്റില്‍ നിന്നുള്ള മനുഷ്യ വിസര്‍ജ്യം ആമയിഴഞ്ചാന്‍ തോട്ടിലേക്ക് ഒഴുക്കുന്നുവെന്ന ആരോപണത്തിനും അടിസ്ഥാനമില്ല. തോട് വൃത്തിയാക്കുന്നതിനിടെ തൊഴിലാളി വീണു മരിക്കാനുണ്ടായ സാഹചര്യം ഭാവിയില്‍ ആവര്‍ത്തിക്കാതിരിക്കാന്‍ ശ്രദ്ധിക്കും. ഇതിന്‍റെ എല്ലാ വശവും പരിശോധിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ സാങ്കേതിക വിദഗ്‌ധര്‍ ഉള്‍പ്പെടെയുള്ളവര്‍ അടങ്ങിയ ഉന്നത തല സമിതി രൂപീകരിച്ചു. റിപ്പോര്‍ട്ട് ലഭിച്ച ശേഷം ഇത് സംബന്ധിച്ച എല്ലാ പ്രശ്‌നങ്ങള്‍ക്കും സാങ്കേതികമായ പരിഹാരമുണ്ടാക്കും.
തിരുവനന്തപുരം കോര്‍പറേഷനും ജില്ലാ ഭരണകൂടവുമായി ഇക്കാര്യത്തില്‍ സഹകരിച്ച് മുന്നോട്ടു പോകും. ഇപ്പോഴത്തെ സംഭവത്തില്‍ പ്രാഥമികമായി റെയില്‍വേയ്ക്ക് ഒരുത്തരവാദിത്തവുമില്ല. മരിച്ച ശുചീകരണ തൊഴിലാളിയുടെ കുടുംബത്തിന് നഷ്‌ട പരിഹാരം നല്‍കുന്നത് ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ അന്വേഷണ സമിതിയുടെ റിപ്പോര്‍ട്ട് വന്ന ശേഷം പരിശോധിക്കുമെന്ന് റെയില്‍വേ ഡിവിഷണല്‍ മാനേജര്‍ അറിയിച്ചു.
Also Read: ആമയിഴഞ്ചാൻ തോട്ടിലെ മാലിന്യം; അടിയന്തര യോഗം വിളിച്ച് മുഖ്യമന്ത്രി