എറണാകുളം : സുരേഷ് ഗോപി നായകനാകുന്ന ജെ.എസ്.കെ ചലച്ചിത്രത്തിന്റെ നിർമാതക്കൾ ഹർജിയുമായി ഹൈക്കോടതിയിൽ. ഹർജി ഹൈക്കോടതി നാളെ പരിഗണിക്കും. സെൻസർ സർട്ടിഫിക്കറ്റ് വൈകുന്നതിനെതിരെയാണ് ഹർജി. ജസ്റ്റിസ് എൻ നഗരേഷിന്റെ ബെഞ്ചാണ് ഹർജി പരിഗണിക്കുക.
സെൻസർ ബോർഡ് സാക്ഷ്യപത്രം നൽകാൻ വൈകുന്നുവെന്ന് ചൂണ്ടിക്കാട്ടിയാണ് സുരേഷ് ഗോപി നായകനാകുന്ന ജാനകി v/s സ്റ്റേറ്റ് ഓഫ് കേരള ചിത്രത്തിന്റെ നിർമാണ കമ്പനി ഹൈക്കോടതിയെ സമീപിച്ചത്. സെൻസർ സർട്ടിഫിക്കറ്റിനായുള്ള നടപടികൾ വേഗത്തിലാക്കാൻ കേന്ദ്ര സെൻസർ ബോർഡിന് നിർദേശം നൽകണമെന്നാണ് ആവശ്യം. കാരണം കാണിക്കൽ നോട്ടിസ് നൽകുവാനും നിർദേശിക്കണമെന്ന ഇടക്കാല ആവശ്യവും ഹർജിയിലുണ്ട്.
സെൻസർ സർട്ടിഫിക്കറ്റ് വൈകുന്നതുമായി ബന്ധപ്പെട്ട് അനൗദ്യോഗിക വിവരങ്ങൾ മാത്രമാണ് ലഭിച്ചത്. കോടിക്കണക്കിന് രൂപ പ്രൊമോഷനും മറ്റും ചെലവഴിച്ചു. റിലീസ് വൈകുന്നത് കനത്ത നഷ്ടത്തിനു വഴിവയ്ക്കുമെന്നും ഹൈക്കോടതിയിൽ ചലച്ചിത്ര നിർമാണ കമ്പനിയായ കോസ്മോസ് എന്റർടൈൻമെൻറ്സ് നൽകിയ ഹർജിയിൽ പറയുന്നു. കേന്ദ്ര സെൻസർ ബോർഡ് ചെയർമാൻ, സി.ബി.എഫ്.സി റീജിയണൽ ഓഫിസർ ഉൾപ്പെടെയുള്ളവരാണ് എതിർ കക്ഷികൾ.
ഹർജി ജസ്റ്റിസ് എൻ നഗരേഷിന്റെ ബെഞ്ച് നാളെ പരിഗണിക്കും. ചിത്രത്തിന്റെ പേരിൽ ജാനകിയെന്നുള്ളത് മാറ്റണമെന്ന് സെൻസർ ബോർഡ് ആവശ്യപ്പെട്ടുവെന്നാണ് അണിയറ പ്രവർത്തകരുടെ ആക്ഷേപം. സിനിമയില്‍ ഇരയാകുന്ന പെണ്‍കുട്ടിക്ക് സീത ദേവിയുടെ പേര് പാടില്ലെന്നും സെന്‍സര്‍ ബോര്‍ഡ് പറഞ്ഞിരുന്നു.
അതേസമയം, സിനിമയുടെ പേരിലെ ജാനകി മാറ്റണമെന്ന സെൻസർ ബോർഡ് ആവശ്യത്തിനെതിരെ മലയാള സിനിമ പ്രവർത്തകർ രംഗത്ത് വന്നിരുന്നു. എന്നാൽ ഇതിനെതിരെ സംവിധായകൻ സനൽകുമാർ ശശിധരൻ പ്രതികരിക്കുകയുണ്ടായി. സനൽകുമാർ ശശിധരന്റെ ഏറെ വിമർശിക്കപ്പെട്ട സിനിമയായിരുന്നു സെക്‌സി ദുര്‍ഗ.
ദൈവത്തിന്‍റെ പേരിനൊപ്പമുള്ള സെക്‌സി എന്ന് വാക്ക് ഒഴിവാക്കാനായിരുന്നു അന്ന് സെന്‍സര്‍ ബോര്‍ഡിന്‍റെ നിര്‍ദേശം. ഇതിന് പിന്നാലെ പ്രതിഷേധങ്ങള്‍ പലതും നടന്നെങ്കിലും ഒടുവില്‍ സെക്‌സി എന്ന വാക്കിന് പകരം 'എസ്' മാത്രമായി 'എസ് ദുര്‍ഗ' എന്ന പേരില്‍ ചിത്രം തിയേറ്ററുകളില്‍ എത്തിയിരുന്നു.
സെക്‌സി ദുര്‍ഗയുടെ സമയത്ത് സനല്‍കുമാറിനെ, സംവിധായകന്‍റെ മാർക്കറ്റിംഗ് തന്ത്രമാണിതെന്ന് വിമര്‍ശിച്ചിരുന്നു. ഇതിനെ ഓര്‍മ്മപ്പെടുത്തിയാണ് സനല്‍കുമാര്‍ രംഗത്തെത്തിയത്. ചരിത്രത്തിൽ ഇതാദ്യമായാണ് അനീതി നടക്കുന്നതെന്നും ഇത് മാർക്കറ്റിങ് തന്ത്രം അല്ലായിരിക്കും എന്നുമാണ് സനല്‍കുമാര്‍ ചോദിക്കുന്നത്. ഫേസ്‌ബുക്കിൽ നീണ്ട കുറിപ്പ് പങ്കിട്ടാണ് സനൽ രംഗത്തെത്തിയത്.