കോഴിക്കോട്: ഉദ്ഘാടന വേദിയുടെ സദസ്സിൽ ആളില്ലാത്തതിൻ്റെ അമർഷം ആക്ഷേപഹാസ്യത്തിലൂടെ വിമർശനമാക്കി മുഖ്യമന്ത്രി പിണറായി വിജയൻ. വടകര ജില്ല ആശുപത്രിയില്‍ പ്രധാനമന്ത്രി ജൻ വികാസ് കാര്യക്രം (പിഎംജെവികെ) പദ്ധതിയിൽ കേന്ദ്ര ന്യൂനപക്ഷ മന്ത്രാലയം വഴി 83.70 കോടി രൂപ ചെലവിൽ പുതിയ കെട്ടിടം നിര്‍മിക്കുന്നതിൻ്റെ തറക്കല്ലിടല്‍ ചടങ്ങിലാണ് സദസ്സിലെ കസേരകൾ തിങ്ങി നിറയാതെ ഒഴിഞ്ഞ് കിടന്നത്.
വെയിലും കടുത്ത ചൂടും ആയത് കൊണ്ട് ആളുകൾക്ക് വിസ്താരമായി ഇരിക്കാനായിരിക്കും സംഘാടകർ വലിയ പന്തലിട്ട് സൗകര്യം ഒരുക്കിയതെന്ന് മുഖ്യമന്ത്രി പറഞ്ഞു. പൊതുവെ വടകരയിലെ പരിപാടികൾ ഇങ്ങനെ അല്ല, നല്ല ആൾക്കൂട്ടം ഉണ്ടാവാറുണ്ട്. വലിയ പന്തൽ സംഘാടകർ ഒരുക്കിയിട്ടുണ്ട്. തിങ്ങി ഇരിക്കേണ്ട എന്ന് കരുതിക്കാണും. മുഖ്യമന്ത്രി പറഞ്ഞു.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക
സദസ്സിൽ ആളില്ലാത്തതിനാൽ 11 മണിക്ക് തുടങ്ങേണ്ട പരിപാടിക്ക് അര മണിക്കൂറിലധികം വൈകി 11.35നാണ് മുഖ്യമന്ത്രി എത്തിയത്. സദസില്‍ ആളുകള്‍ എത്തുന്നതുവരെ മുഖ്യമന്ത്രി ഗസ്റ്റ് ഹൗസില്‍ തങ്ങുകയായിരുന്നു. വടകര എംഎൽഎ കെകെ രമയും എംപി ഷാഫി പറമ്പിലും പരിപാടിയിൽ പങ്കെടുത്തില്ല. ഔചിത്യ ബോധം കാരണം ഞാൻ മറ്റൊന്നും പറയുന്നില്ലെന്ന് മുഖ്യമന്ത്രി പറഞ്ഞത് എം.പിയേയും എംഎൽഎയയും ഉദ്ദേശിച്ചാണെന്നാണ് വിലയിരുത്തൽ.