എറണാകുളം: പെരുമ്പാവൂർ സ്വദേശിയായ അസ്മയെന്ന യുവതി മലപ്പുറം ചട്ടിപറമ്പിലെ വാടക വീട്ടിൽ വച്ച് പ്രസവത്തെ തുടർന്ന് മരിച്ചത് രക്തസ്രാവത്തെ തുടർന്നെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ട്. കളമശ്ശേരി മെഡിക്കൽ കോളജിൽ നടത്തിയ പോസ്റ്റ്‌മോർട്ടം റിപ്പോർട്ടിലെ പ്രാഥമിക വിവരത്തിലാണ് മരണകാരണം വ്യക്തമാക്കുന്നത്. നടപടികൾ പൂർത്തിയാക്കി മൃതദേഹം ബന്ധുക്കൾക്ക് കൈമാറി.
സംഭവത്തിൽ പൊലീസ് കേസെടുത്തിരുന്നു. അസ്വാഭാവിക മരണത്തിനാണ് കേസെടുത്തത്. പോസ്റ്റ്‌മോർട്ടം റിപ്പോർട്ടിൻ്റെ അടിസ്ഥാനത്തിൽ ഗുരുതരമായ വകുപ്പുകൾ പൊലീസ് ചുമത്താനാണ് സാധ്യത. യുവതിയുടെ അമ്മാവൻ്റെ പരാതിയിലായിരുന്നു പൊലീസ് കേസെടുത്തത്. അതേ സമയം സംഭവം നടന്നത് മലപ്പുറത്തായതിനാൽ തുടർനടപടികൾക്കായി പോസ്റ്റ്‌മോർട്ടം റിപ്പോർട്ട് മലപ്പുറം പൊലീസിന് നൽകും.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക
മരണപ്പെട്ട അസ്മയുടെ ഭർത്താവ് സിറാജുദീൻ മുസ്‌ലിയാർക്കെതിരെയാണ് പൊലീസിന് പരാതി ലഭിച്ചത്. ഇയാളുടെ നിർബന്ധ പ്രകാരം അസ്മയുടെ അഞ്ചാമത്തെ പ്രസംവം വീട്ടിലാക്കിയതിനെ തുടർന്ന് ആവശ്യമായ ചികിത്സ ലഭിക്കാത്തതിനെ തുടർന്ന് മരണം സംഭവിച്ചുവെന്നാണ് ആരോപണം. അസ്മയുടെ മൂന്ന് പ്രസവങ്ങൾ ആശുപത്രിയിലും നാലാമത്തെ പ്രസവം വീട്ടിലുമായിരുന്നു നടന്നത്.
മലപ്പുറം ചട്ടി പറമ്പിലെ വാടക വീട്ടിൽ കഴിഞ്ഞിരുന്ന യുവതി ഗർഭിണിയാണെന്ന് അയൽക്കാരോ, ആശാ പ്രവർത്തകരോ അറിഞ്ഞിരുന്നില്ല. ശനിയാഴ്ച വൈകുന്നേരം ആറുമണിയോടെ വീട്ടിൽ വെച്ച് പ്രസവം നടക്കുകയും യുവതി മരണപ്പെടുകയായിരുന്നു. ഇതേ തുടർന്ന് യുവതിയുടെ മൃതദേഹവും നവജാത ശിശുവിനെയും സിറാജുദീൻ പെരുമ്പാവൂരിലെ വീട്ടിലെത്തിക്കുകയായിരുന്നു. തുടർന്ന് സംസ്‌കാരം നടത്താനായിരുന്നു ശ്രമം. എന്നാൽ യുവതിയുടെ വീട്ടുകാർ ഇതിനെ എതിർക്കുകയും പെരുമ്പാവൂർ പൊലീസിനെ അറിയിക്കുകയായിരുന്നു. പൊലീസിൻ്റെ നിർദേശപ്രകാരം യുവതിയുടെ മൃതദേഹം ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. നവജാത ശിശു കളമശ്ശേരി മെഡിക്കൽ കോളജിൽ ചികിത്സയിൽ കഴിയുകയാണ്. സമൂഹമാധ്യമത്തിലൂടെ മതപ്രഭാഷണം നടത്തുന്ന സിറാജുദീൻ നാട്ടുകാരുമായി കാര്യമായ ബന്ധം പുലർത്തിയിരുന്നില്ല. ഇയാൾ അന്ധവിശ്വാസം പ്രചരിപ്പിക്കുന്നതായും ആരോപണമുയർന്നിരുന്നു.
Also Read:- "എനിക്കിപ്പോൾ പെറോട്ടയും ബീഫും വേണം..." ജീവനൊടുക്കുമെന്ന ഭീഷണിയുമായി യുവാവ് അയൽവാസിയുടെ പുരപ്പുറത്ത്