കാസർകോട്: ആചാരപരമായി പ്രവേശനത്തിന് നിയന്ത്രണം ഉണ്ടായിരുന്ന ദേവസ്വം ബോർഡ് ക്ഷേത്ര നാലമ്പലത്തിൽ പ്രവേശിച്ച് 30 ഓളം പേർ. കാസർകോട് പിലിക്കോട് രയരമംഗലം ഭഗവതി ക്ഷേത്രത്തിലാണ് നിനവ് പുരുഷ സ്വയം സഹായ സംഘത്തിൻ്റെ നേതൃത്വത്തിൽ മുപ്പതോളം പേർ നാലമ്പലത്തിൽ പ്രവേശിച്ചത്.
വിശേഷ ദിവസങ്ങളിൽ നമ്പൂതിരി, വാര്യർ വിഭാഗത്തിൽപ്പെട്ടവർക്ക് മാത്രമേ നേരത്തെ പ്രവേശനം അനുവദിച്ചിരുന്നുള്ളൂ. നാലമ്പത്തിനുള്ളിൽ സഹസ്രാബ്‌ദങ്ങളായി ഭക്തജന പ്രവേശനമില്ലാത്ത പിലിക്കോട് രയരമംഗലം ഭഗവതീ ക്ഷേത്രത്തിലാണ് മേടസംക്രമ ദിനത്തിൽ 30 അംഗ സംഘം പ്രവേശിച്ചത്.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക
പ്രാർഥനയ്ക്ക് ശേഷം ശ്രീകോവിലിന് മുന്നിലെത്തിയ സംഘം നാലമ്പല പ്രവേശന പ്രഖ്യാപനം നടത്തുകയും ചെയ്‌തു. കഴിഞ്ഞ വർഷം ഡിസംബറിൽ നാലമ്പല ദർശനവുമായി ബന്ധപ്പെട്ട് പുരഷ സ്വയം സഹായ സംഘം പ്രമേയം പാസാക്കിയിരുന്നു. പിന്നീട് ജനകീയ കൂട്ടായ്‌മ രൂപീകരിച്ചാണ് ക്ഷേത്ര പ്രവേശനം നടത്തിയത്.
തുടർ ദിവസങ്ങളിൽ മുഴുവൻ ഭക്തജനങ്ങളോടും നാലമ്പല പ്രവേശനത്തിന് ജനകീയ കൂട്ടായ്‌മ ആഹ്വാനം ചെയ്‌തു. ആയിരം വർഷത്തിലേറെ പഴക്കമുണ്ടെന്ന് കരുതുന്ന ക്ഷേത്രത്തിൽ പൂർവാചാര പ്രകാരമാണ് ക്ഷേത്രദർശനവും ആചാനാനുഷ്‌ഠാനങ്ങളും തുടരുന്നതെന്നാണ് ക്ഷേത്രം എക്‌സിസിക്യുട്ടീവ് ഓഫിസറുടെ പക്ഷം.
നാലമ്പലത്തിനും ശ്രീകോവിലിനും ഇടയ്ക്കുള്ള പാട്ട് കൂടിനുള്ളിലൂടെ തന്ത്രിക്കല്ലാതെ മറ്റാർക്കും പ്രവേശനമില്ല. നിരവധി സങ്കീർണമായ ചടങ്ങുകൾ ഈ വഴിയിലാണ് നടക്കുന്നതെന്നാണ് വിശ്വാസം. അതിനാലാണ് മറ്റുള്ളവർക്ക് പ്രവേശനം അനുവദിക്കാത്തതെന്നാണ് തന്ത്രിയുടെ വിശദീകരണം. തൊഴാനെത്തുന്ന ആരെയും തടയില്ലെന്നും തന്ത്രിയുടെ തീരുമാനപ്രകാരം തുടർനടപടി സ്വീകരിക്കാനാണ് ബോർഡിൻ്റെ തീരുമാനമെന്നും അധികൃതർ അറിയിച്ചു.