കണ്ണൂർ: 20 സംസ്ഥാനങ്ങൾ, 33 നഗരങ്ങൾ, 44 ലൊക്കേഷനുകൾ രഞ്ജിത്തിൻ്റെ വന്ദേമാതരത്തിന് ഇന്ത്യയിലെ ഗ്രാമങ്ങളുടെ നിറമുണ്ട്. ഒന്നര വര്‍ഷം എടുത്താണ് ആൽബത്തിൻ്റെ നിർമാണം പൂർത്തീകരിച്ചിട്ടുള്ളത്. കേദാർ നാഥിൽ തുടങ്ങിയ ചിത്രീകരണം ഡൽഹി, ആഗ്ര, അമൃത്സർ, ജമ്മു കശ്‌മീരിൻ്റെ ബോർഡറായ കേരൻ, ശ്രീനഗർ, കുപ്‌വാര, വാരണാസി, ലഡാക്ക്, ഹൈദരാബാദ്, അജ്‌മീർ, ജയ്‌പൂർ, കുളു മണാലി, കൊൽക്കത്ത, അഹമ്മദാബാദ്, ഹംപി, കണ്ണൂർ, ആലപ്പുഴ, തിരുവനന്തപുരം, വാഗമൺ തുടങ്ങിയ പ്രധാന നഗരങ്ങളിലെല്ലാം ചിത്രീകരിച്ചിട്ടുണ്ടെന്ന് സംവിധായകൻ സിവി രഞ്ജിത്ത് പറയുന്നു.
കശ്‌മീർ മുതൽ കന്യാകുമാരി വരെയുള്ള ഇന്ത്യയുടെ വിവിധ പ്രദേശങ്ങളിൽ ചിത്രീകരിച്ച "വന്ദേമാതരം എ ഫീൽ ഓഫ് പാട്രിയോട്ടിസം" എന്ന ദേശഭക്തിഗാനത്തെ ഇതിനകം ലോക റെക്കോർഡും തേടിയെത്തിക്കഴിഞ്ഞു. ഇന്ത്യയിലെ 20 സംസ്ഥാനങ്ങളും 33 നഗരങ്ങൾ ഉൾപ്പെടെയുള്ള 44 ലൊക്കേഷനുകളിൽ ചിത്രീകരിച്ച ഗാനത്തിലൂടെ ഏറ്റവും കൂടുതൽ നഗരങ്ങളിൽ ചിത്രീകരിച്ച ദേശഭക്തിഗാനം ഒരുക്കിയതിനാണ് വേൾഡ് റെക്കോർഡ് യൂണിയൻ്റെ അംഗീകാരം ഡോ.സിവി രഞ്ജിത്തിനെ തേടിയെത്തിയത്.
6 മിനിറ്റ് ദൈർഘ്യമുളള പാട്ടിന് സുമിത ആയിലത്താണ് വരികൾ എഴുതിയത്. അസ്‌ലം കെയി ആണ് ഗാനം ആലപിച്ചത്. സംഗീതത്തിൻ്റെ ബാലപാഠങ്ങൾ പോലും പഠിക്കാതെയാണ് സ്വന്തം കഴിവിൽ സംഗീത സംവിധായകനായി മാറിയ ഡോ. സിവി രഞ്ജിത്ത് ഈ രംഗത്ത് ലോക റെക്കോർഡും ഇൻ്റർനാഷണൽ അവാർഡും വരെ നേടിയത്.
ശാലു എന്ന ഹിന്ദി ആൽബം സൂപ്പർ ഹിറ്റായി മാറിയതോടെയാണ് രഞ്ജിത്ത് ഈ രംഗത്ത് ഉറപ്പിക്കാൻ തീരുമാനിച്ചത്. സച്ചിൻ ടെണ്ടുൽക്കർ എന്ന ഇതിഹാസതാരത്തെ പ്രകീർത്തിച്ചുകൊണ്ട് 20 ഭാഷകളിൽ പാട്ടൊരുക്കിയിരുന്നു. ഖത്തറിൽ നടന്ന 2022 ലോകകപ്പ് ഫുട്ബോളിനായി ഇംഗ്ലീഷ് ഭാഷയിൽ ഒരുക്കിയ ഗാനം അന്താരാഷ്ട്രതലത്തിൽ ശ്രദ്ധിക്കപ്പെട്ടു. ചെറുകുന്നിലെ ക്ലിനിക്കിൽ തൻ്റെ പ്രൊഫഷനൊപ്പം സംഗീതം എന്ന പാഷനും മുറുകെപ്പിടിച്ചുകൊണ്ട് സംഗീതസപര്യ തുടരുകയാണ് ഡോ.സിവി രഞ്ജിത്ത്.