പത്തനംതിട്ട: നഗര മധ്യത്തിൽ വഴി തടസപ്പെടുത്തിയുള്ള യുവാവിന്‍റെ പിറന്നാളാഘോഷം വിവാദത്തില്‍. പത്തനംതിട്ട നഗരത്തിലെ സെന്‍റ് പീറ്റേഴ്‌സ് ജങ്‌ഷനിലാണ് ഇന്നലെ (ശനി) രാത്രി പിറന്നാളാഘോഷം നടന്നത്. 50 അംഗ സംഘം 20 കാറുകളിൽ റാലിയായി എത്തി പിറന്നാൾ ആഘോഷിക്കുകയായിരുന്നു.
പത്തനംതിട്ട വെട്ടിപ്പുറം സ്വദേശി ഷിയാസിന്‍റെ പിറന്നാളാണ് വഴി തടസപ്പെടുത്തി ആഘോഷിച്ചത്. രാത്രി 9.15-നാണ് ആഘോഷം ആരംഭിച്ചത്. വെട്ടിപ്പുറം ഭാഗത്ത് നിന്ന് റാലിയായി കാറില്‍ എത്തിയ യുവാക്കള്‍ സെന്‍റ് പീറ്റേഴ്‌സ് ജങ്ഷനിലെ തെരുവ് വിളക്കിന് വലംവെച്ചു. കുരിശടിയുടെ ഭാഗത്ത് കേന്ദ്രീകരിച്ച ശേഷം കാറിന്‍റെ ബോണറ്റില്‍ വെച്ച് കേക്ക് മുറിച്ചു.
വിവിധ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലും ഇസ്റ്റഗ്രാമിലും ദൃശ്യങ്ങള്‍ പങ്കുവെക്കുകയും ചെയ്‌തു. സിനിമാ ഡയലോഗുകളും പാട്ടുമൊക്കെയായി ആഘോഷിക്കുന്നതിന്‍റെ വീഡിയോയാണ് സമൂഹമാധ്യമങ്ങളില്‍ പങ്കുവെച്ചത്. ജില്ലയില്‍ ഇത് മൂന്നാം തവണയാണ് പൊതുനിരത്തില്‍ പിറന്നാള്‍ ആഘോഷം നടക്കുന്നത്.
അതേസമയം ആഘോഷത്തിനെത്തിയത് ഡിവൈഎഫ്‌ഐ - ഇടത് സംഘടന പ്രവര്‍ത്തകരാണെന്നും ആരോപണമുയരുന്നുണ്ട്. എന്നാൽ സംഭവത്തെ കുറിച്ച് അറിയില്ലെന്ന് ഡിവൈഎഫ്‌ഐ ജില്ല നേതൃത്വം അറിയിച്ചു.
കമ്മട്ടിപ്പാടം, പവര്‍ ഓഫ് പത്തനംതിട്ട, പത്തനംതിട്ട ബോയ്‌സ് എന്നീ പേരുകളിൽ പത്തനംതിട്ടയിലും പരിസര പ്രദേശങ്ങളിലുമുള്ള യുവാക്കളുടെ മൂന്ന് പ്രാദേശിക കൂട്ടായ്‌മകളുണ്ട്. ഇതില്‍ കമ്മട്ടിപ്പാടം എന്ന കൂട്ടായ്‌മയിലെ അംഗങ്ങളാണ് ഇന്നലെ രാത്രി പിറന്നാള്‍ ആഘോഷവുമായി നഗരത്തിൽ എത്തിയത്. പൊലീസിനും ഇതര പ്രാദേശിക കൂട്ടായ്‌മകള്‍ക്കുമുള്ള വെല്ലുവിളി എന്ന നിലയിലായിരുന്നു ആഘോഷം.
പവര്‍ ഓഫ് പത്തനംതിട്ട എന്നത് ബിജെപി - ആര്‍എസ്‌എസ് ബന്ധമുള്ള യുവാക്കളുടെ കൂട്ടായ്‌മയാണ്. ഇവരും നേരത്തെ ഗതാഗതം തടസപ്പെടുത്തി പിറന്നാള്‍ ആഘോഷിച്ചതായാണ് വിവരം. ഒരാഴ്‌ച മുൻപ് ഇതേ സ്ഥലത്താണ് ഇവര്‍ അംഗങ്ങളിലൊരാളുടെ പിറന്നാള്‍ ആഘോഷിച്ചത്. ഇതിന് മറുപടിയായുള്ള ശക്തി പ്രകടനം എന്ന രീതിയിലായിരുന്നു ഇന്നലത്തെ ആഘോഷം എന്നാണ് വിവരം.
Also Read: ആദ്യ സീപ്ലെയിനെ എതിരേറ്റ് കൊച്ചി; കനേഡിയൻ പൈലറ്റുമാർക്ക് ഗംഭീര സ്വീകരണം ▶വീഡിയോ