ഇടുക്കി: യേശുദേവൻ്റെ ജറുസലേം പ്രവേശനം അനുസ്‌മരിച്ച് ക്രൈസ്‌തവ വിശ്വാസികൾ ഇന്ന് ഓശാന ഞായർ ആചരിച്ചു. ജറുസലേം നഗരത്തിലേക്ക് കഴുതപ്പുറത്ത് യേശുദേവൻ കടന്നു ചെല്ലുമ്പോൾ നഗരവാസികൾ ഒലീവ് ഇലകളുമായി സ്വീകരിച്ചതിൻ്റെ ഓർമ പുതുക്കലാണ് ഓശാനത്തിരുന്നാൾ. കുരുത്തോലകളുമായി വിശ്വാസികൾ ഈ ദിനം ചടങ്ങുകളിൽ പങ്കെടുത്തു. ഓശാന ഞായറിൻ്റെ ഭാഗമായി വിവിധ ദേവാലയങ്ങളിൽ പ്രാർഥനകൾ നടന്നു.
ജറുസലേം ജനത ക്രിസ്‌തുവിനെ വരവേറ്റത് ഓശാന എന്ന് പറഞ്ഞാണ്. ഓശാന, ഹോസാന എന്നതിന് 'രക്ഷിക്കണേ', 'സഹായിക്കണേ' എന്നൊക്കെയാണ് അർഥം. ജറുസലേം നഗരം മുഴുവൻ ഇളകിമറിഞ്ഞ് സൈത്തിൻ കൊമ്പുകളും ഒലീവിലകളും വീശി ക്രിസ്‌തുവിനെ ആർപ്പുവിളിച്ച് സ്വീകരിച്ചതിൻ്റെ ഓർമയാണ് ഓരോ ഓശാന ഞായറും. പള്ളികളിൽ പ്രത്യേക പ്രാർഥനകളും കുരുത്തോല വെഞ്ചരിപ്പും, കുരുത്തോലകളേന്തിയുള്ള പ്രദക്ഷിണവും നടന്നു.
50 ദിവസത്തെ നോമ്പിന് ശേഷമാണ് വിശുദ്ധ വാരത്തിലേക്ക് വിശ്വാസികൾ കടക്കുന്നതെന്ന് മാർ ജോൺ നെല്ലിക്കുന്നേൽ പറഞ്ഞു. പ്രാർഥനയുടെ ഫലമായിട്ടുള്ള ഒരു വലിയ സന്തോഷം എല്ലാ കുടുംബങ്ങളിലും ഉണ്ട്. എല്ലാ വ്യക്‌തികളിലും ഉണ്ട്. ഉയർത്തെഴുന്നേറ്റ ഈശോ നിങ്ങളുടെ ഹൃദയത്തിൽ വസിക്കട്ടേയെന്ന് ഇടുക്കി ബിഷപ്പ് മാർ ജോൺ നെല്ലിക്കുന്നേൽ ആശംസകൾ നേർന്നു. മരിയൻ തീർഥാടന കേന്ദ്രമായ രാജകുമാരി ദേവമാതാ പള്ളിയിൽ നടന്ന ഓശാന തിരുകർമ്മങ്ങൾക്ക് മാർ ജോൺ നെല്ലിക്കുന്നേലാണ് നേതൃത്വം നൽകിയത്.
മുരിക്കുംതൊട്ടി സെൻ്റ് ജോർജ് യാക്കോബായ സുറിയാനി പള്ളിയിൽ നടന്ന ഓശാന തിരുകർമ്മങ്ങൾക്ക് യാക്കോബായ സഭ ഹൈറേഞ്ച് മേഖല മെത്രാപൊലീത്ത ഡോ. ഏലിയാസ് മാർ അത്താനാസിയോസ് മുഖ്യകാർമികത്വം വഹിച്ചു.

ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക
കുരുത്തോലയെ വിശ്വാസികൾ വളരെ ഭക്തിയോടെ കൈകാര്യം ചെയ്യുകയും വീട്ടിൽ ഭദ്രമായി സൂക്ഷിക്കുകയും ചെയ്യുന്നു. പെസഹ വ്യാഴവും ദുഃഖവെള്ളിയും ഈസ്റ്ററും ഉൾപ്പെടുന്ന വിശുദ്ധവാര ചടങ്ങുകൾക്കും ഓശാന ഞായറോടെ തുടക്കമാകും. അന്ത്യ അത്താഴത്തിൻ്റെ ഓർമയിൽ വ്യാഴാഴ്‌ച പെസഹാദിനം ആചരിക്കും.
പള്ളികളിൽ കാൽ കഴുകൽ ശുശ്രൂഷയും വീടുകളിൽ പുളിപ്പില്ലാത്ത അപ്പം മുറിക്കലും നടക്കും. കുരിശുമരണത്തിൻ്റെ ഓർമകൾ പുതുക്കുന്ന ദുഃഖവെള്ളിയിൽ പീഡാനുഭവ വായനകളും കുരിശിൻ്റെ വഴിയും പരിഹാര പ്രദക്ഷിണങ്ങളും നടക്കും. യേശുദേവൻ്റെ പുനരുഥാന ഓർമ പുതുക്കി ഞായറാഴ്‌ച ഈസ്റ്റർ ആചരിക്കുന്നതോടെ വിശുദ്ധ വാരത്തിന് സമാപനം കുറിക്കും.

ഓശാന ഞായർ ആശംസകൾ
നിങ്ങളുടെ സുഹൃത്തുകൾക്കും ബന്ധുക്കൾക്കും നേരാം ഓശാന ഞായർ ആശംസകൾ. .
- നിങ്ങളുടെ ജീവിതത്തിൽ സമാധാനവും സന്തോഷവും സ്‌നേഹവും ഉണ്ടാകട്ടെ, ഓശാന ഞായർ ആശംസകള്‍
- നിങ്ങൾക്കും നിങ്ങളുടെ കുടുംബത്തിനും ഏറ്റവും സന്തോഷകരമായ ഓശാന ഞായര്‍ ആശംസിക്കുന്നു!
- സമാധാനവും സ്നേഹവും വിജയവും നിറഞ്ഞ ഒരു ജീവിതം ആശംസിക്കുന്നു, ഓശാന ഞായർ ആശംസകള്‍
- വിശുദ്ധവാരത്തിന് ഇതാ ഒരു മികച്ച തുടക്കം
- ഈ ഓശാന ഞായറാഴ്‌ച നിങ്ങളുടെ കുടുംബത്തിലേക്ക് വെളിച്ചവും സ്നേഹവും കൊണ്ടുവരട്ടെ എന്ന് ആശംസിക്കുന്നു.
- പ്രിയപ്പെട്ടവരോടൊപ്പം ചെലവഴിക്കാൻ സാധിക്കുന്നതാണ് ഏറ്റവും മികച്ച ഓശാന ഞായർ
- യേശുവിന്‍റെ ജറുസലേമിലേക്കുള്ള വരവ് ആഘോഷിക്കാനുള്ള സമയം, എല്ലാവര്‍ക്കും ഓശാന ഞായര്‍ ആശംസകള്‍...