തിരുവനന്തപുരം: ത്യാഗത്തിന്‍റെയും ആത്മസമർപ്പണത്തിന്‍റെയും സ്മരണ പുതുക്കി വിശ്വാസികൾ ബലി പെരുന്നാൾ ആഘോഷിച്ചു. സംസ്ഥാനത്തിന്‍റെ വിവിധ ഭാഗങ്ങളിലായി പള്ളികളിലും ഈദ് ഗാഹുകളിലും പ്രാർഥനകൾ സംഘടിപ്പിച്ചു. തിരുവന്തപുരം ചന്ദ്രശേഖരന്‍ നായര്‍ സ്റ്റേഡിയത്തില്‍ സംഘടിപ്പിച്ച ഈദ്ഗാഹിന് പാളയം ഇമാം ഡോ. വി.പി. ഷുഹൈബ് മൗലവി നേതൃത്വം നല്‍കി.
പഹല്‍ഗാം ഭീകരാക്രമണത്തെ അപലപിച്ച ഇമാം സൈനികര്‍ നല്‍കിയ തിരിച്ചടിയെ പ്രശംസിച്ചു. ബലി പെരുന്നാളിന്‍റെ സന്തോഷത്തിലും രാജ്യത്ത് അടുത്തിടെയുണ്ടായ ഭീകരാക്രമണത്തെ വിസ്മരിക്കാനാകില്ലെന്നും ഇമാം പറഞ്ഞു. പഹല്‍ഗാമില്‍ 26 നിരപരാധികളായ മനുഷ്യര്‍ നിര്‍ദാക്ഷിണ്യം കൊല്ലപ്പെട്ടു. പൈശാചികവും മനുഷ്യത്വരഹിതവും എന്നു മാത്രമേ അതിനെ വിശേഷിപ്പിക്കാനാകൂ. ഭീകരാക്രമണത്തെ അപലപിക്കുകയും കൊല്ലപ്പെട്ടവരുടെ കുടുംബത്തിന്‍റെ ദുഃഖത്തില്‍ ഈ പെരുന്നാള്‍ ദിനത്തില്‍ പങ്കു ചേരുന്നു. മനുഷ്യരെ അന്യായമായി വധിക്കുന്നത് പൈശാചികമാണ് എന്നതില്‍ ഒരു തര്‍ക്കവുമില്ല. വിശുദ്ധ ഖുറാന്‍ അത് വ്യക്തമായി പറയുന്നുണ്ട്. അന്യായമായി ആരെയെങ്കിലും വധിച്ചാല്‍ അത് ഭൂമിയിലെ എല്ലാ മനുഷ്യരെയും വധിച്ചതിനു തുല്യമായ ക്രൂരതയാണെന്നാണ് ഖുറാന്‍ പറയുന്നത്.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക
ഒരു മതവും ആത്മീയ ചിന്തയും ഒരു തരത്തിലുള്ള ഭീകരപ്രവര്‍ത്തനങ്ങളേയും അംഗീകരിക്കുന്നില്ല.മനുഷ്യ മനഃസാക്ഷിയെ നടുക്കിയ പഹല്‍ഗാം ഭീകരാക്രമണളേയും അതുപോലുള്ള ഭീകരാക്രമണങ്ങളെയും അതുമായി ബന്ധപ്പെട്ട വാര്‍ത്തകളേയും രാഷ്ട്രീയ നേട്ടങ്ങള്‍ക്കു വേണ്ടിയും സമൂഹത്തില്‍ വെറുപ്പും വിദ്വേഷവും പ്രചരിപ്പിക്കുന്നതിനു വേണ്ടിയും ദുരുപയോഗപ്പെടുത്താതിരിക്കാനുള്ള ജാഗ്രതയും കരുതലും എല്ലാവര്‍ക്കും ആവശ്യമാണ്. അക്രമണങ്ങള്‍ക്കെതിരെ നമ്മുടെ രാജ്യം ഒറ്റക്കെട്ടാണെന്നും വിളിച്ചുപറയാന്‍ ഈ സൈനിക നടപടികള്‍ക്കായി. അതിന്‍റെ പിന്നില്‍ പ്രവര്‍ത്തിച്ച എല്ലാ സൈനികര്‍ക്കും ആദരവോടു കൂടി നന്ദി അറിയിക്കുന്നു. രാജ്യത്തിന്‍റെ ഐക്യവും അഖണ്ഡതയും സംരക്ഷിക്കാന്‍ സൗഹൃദത്തോ ടെ മുന്നോട്ടു നീങ്ങണമെന്നാണ് ഇത്തരം സാഹചര്യങ്ങള്‍ നമ്മോടു പറയുന്നത്.
ഇന്ന് രാജ്യത്തെ ഇസ്ലാം വിശ്വാസികള്‍ നേരിടുന്ന പ്രധാന പ്രശ്നമാണ് വഖഫ് നിയമ ഭേദഗതി. ഈ നിയമത്തിലുടെ മസ്ജിദ്, മദ്രസകള്‍,യത്തീംഖാനകള്‍ എന്നിവ നഷ്ടപ്പെടാന്‍ പാടില്ല. കേസുമായി ബന്ധപ്പെട്ട സുപ്രീം കോടതിയില്‍ നിന്നുണ്ടായ ഇടക്കാല ഉത്തരവുകളും നിരീക്ഷണങ്ങളും ആശ്വാസകരമാണെന്നും ഇമാം. മനുഷ്യാവകാശത്തെയും അന്താരാഷ്ട നിയമങ്ങളെയും വെല്ലുവിളിച്ച് കൊണ്ട് പലസ്തീനികളെ ഭൂപടത്തിൽ നിന്ന് തുടച്ചുനീക്കാനാണ് ഇസ്രയേലിന്‍റെ ശ്രമം. കൊച്ചുകുട്ടികളെ പട്ടിണിക്കിട്ടുകൊണ്ടും ക്രൂരത തുടരുകയാണ്. പതിനായിരക്കണക്കിന് കുഞ്ഞുങ്ങൾ ഉടൻ മരിച്ചുവീഴുമെന്ന് യുഎൻ മുന്നറിയിപ്പ് നൽകി. എന്നാൽ നിരപരാധികളെ വെടിവെച്ചുവീഴ്ത്തുകയാണ് ഇസ്രയേൽ. അതുകൊണ്ടുതന്നെ പലസ്തീനികൾക്ക് വേണ്ടി പ്രത്യേകം പ്രാർഥിക്കണമെന്നും ഇമാം. കോഴിക്കോട്, കൊച്ചി, കണ്ണൂര്‍, മലപ്പുറം എന്നിവടങ്ങളില്‍ സംഘടിപ്പിച്ച ഈദ്ഗാഹുകള്‍ നിരവധി വിശ്വാസികള്‍ പങ്കെടുത്തു.