തിരുവനന്തപുരം: പത്മനാഭസ്വാമി ക്ഷേത്രത്തിലെ സ്വർണ മോഷണത്തിൽ ക്ഷേത്ര ജീവനക്കാർക്ക് നുണ പരിശോധന നടത്താൻ പൊലീസ് തീരുമാനിച്ചു. ആറ് ക്ഷേത്ര ജീവനക്കാരെ നുണ പരിശോധനക്ക് വിധേയമാക്കാൻ ആവശ്യപ്പെട്ട് ഫോർട്ട് പൊലീസ് കോടതിയിൽ അപേക്ഷ നൽകിയിട്ടുണ്ട്. കഴിഞ്ഞ മാസം 108 ഗ്രാം സ്വർണമാണ് ക്ഷേത്രത്തിൽ നിന്ന് കാണാതായത്.
പിന്നീട് സ്വർണം ക്ഷേത്രമുറ്റത്തെ മണ്ണിൽ നിന്നാണ് കണ്ടെത്തിയത്. സ്വർണം കിട്ടിയതിനു പിന്നാലെയാണ് പൊലീസ് ഈ നടപടി സ്വീകരിച്ചത്. സ്വർണം കാണാതായതിന് പിന്നിൽ ജീവനക്കാർക്കിടയിലെ ഭിന്നതയാണോയെന്ന് പൊലീസ് സംശയിക്കുന്നുണ്ട്. ബാഗിൽ കൊണ്ടുപോകുമ്പോൾ താഴെ പോയെന്നാണ് പ്രാഥമിക വിലയിരുത്തൽ.
അതേസമയം, സ്വർണം ആരും മനഃപൂർവം എടുത്തു കൊണ്ടുപോകില്ലെന്ന് ക്ഷേത്ര ഭരണസമിതി അംഗം ആദിത്യ വർമ മാധ്യമങ്ങളോട് പറഞ്ഞു. ക്ഷേത്രത്തിൽ നിന്ന് എന്തു പുറത്തേക്ക് പോയാലും പരിശോധനയ്ക്ക് ശേഷം മാത്രമേ സാധനങ്ങൾ പുറത്തുവിടുമെന്നും അദ്ദേഹം വ്യക്തമാക്കി.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക
13 പവനോളം വരുന്ന സ്വർണ ദണ്ഡായിരുന്നു ക്ഷേത്രത്തിലെ ലോക്കറിൽ നിന്ന് കാണാതെ പോയത്. പിന്നാലെ മെറ്റൽ ഡിറ്റക്ടർ ഉൾപ്പെടെയുള്ള സംവിധാനങ്ങൾ ഉപയോഗിച്ച് പൊലീസ് ആദ്യഘട്ടത്തിൽ നടത്തിയ പരിശോധന ഫലം കണ്ടില്ല. തുടർന്ന് ഉദ്യോഗസ്ഥർ നേരിട്ട് തിരച്ചിൽ നടത്തിയപ്പോൾ ക്ഷേത്രത്തിനുള്ളിൽ തന്നെ മണ്ണിൽ പൂണ്ട നിലയിൽ ദണ്ഡ് കണ്ടെത്തുകയായിരുന്നു.
സ്വർണം നഷ്ടപ്പെട്ട ഭാഗങ്ങൾ സിസിടിവി കാമറകളുടെ പരിധിയിൽ വരുന്നില്ല. ജീവനക്കാർ തന്നെയാണ് സ്വർണം കൈകാര്യം ചെയ്യുന്നതും. സംഭവത്തിൽ പൊലീസ് അന്വേഷണം തുടരുകയാണ്. ജീവനക്കാരുടെ അറിവോടെയല്ലാതെ മോഷണ ശ്രമമുണ്ടാകാൻ സാധ്യതയില്ലെന്ന് കണ്ടാണ് പൊലീസ് ഇപ്പോൾ നുണ പരിശോധനയ്ക്ക് അപേക്ഷ നൽകിയിരിക്കുന്നത്.
Also Read: പൈതൃക പെരുമ കൈവിടാതെ കുടകർ; അയിന്മനകളെ ഭക്തിസാന്ദ്രമാക്കുന്ന കാരവണർ തെയ്യം