മലപ്പുറം: നിലമ്പൂർ ഉപതിരഞ്ഞെടുപ്പ് കേരള രാഷ്ട്രീയത്തിൽ നിർണായക വഴിത്തിരിവാകുമെന്ന് പിവി അൻവർ. നിലമ്പൂരിൽ കമ്മ്യൂണിസ്‌റ്റ് പാർട്ടിയെ രക്ഷിക്കാൻ കമ്മ്യൂണിസ്‌റ്റുകാർതന്നെ കമ്മ്യൂണിസ്‌റ്റ് സർക്കാരിനെതിരെ തിരിയുന്ന കാഴ്‌ചയാണ് കാണാൻ പോകുന്നത്. നിലമ്പൂർ തിരഞ്ഞെടുപ്പ് സർക്കാരിൻ്റെ വിലയിരുത്തലാകുമെന്നും അന്‍വര്‍ പറഞ്ഞു.
സിപിഎമ്മിന് നിലമ്പൂരിൽ സ്ഥാനാർഥിയെ കിട്ടാനില്ല. അരിവാൾ ചുറ്റിക നക്ഷത്രത്തിൽ മത്സരിപ്പിക്കാൻ ആളില്ലാത്ത അവസ്ഥയിലേക്ക് സിപിഎം എത്തി. ഇപ്പോൾ നാടുമുഴുവൻ സ്ഥാനാർഥിക്കായുള്ള പരക്കംപാച്ചിലാണെന്നും താൻ ഉന്നയിച്ച വിഷയങ്ങൾ തിരഞ്ഞെടുപ്പിൽ ചർച്ചയാകുമെന്നും പി വി അൻവർ പറഞ്ഞു.
അതേസമയം നിലമ്പൂർ ഉപതിരഞ്ഞെടുപ്പിൻ്റെ നടപടികൾ കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിഷൻ ആരംഭിച്ചിട്ടുണ്ട്. അടുത്ത മാസം തിരഞ്ഞെടുപ്പ് ഉണ്ടാകുമെന്നാണ് സൂചന. അന്തിമ വോട്ടർ പട്ടിക മെയ് 5 ന് പ്രസിദ്ധീകരിക്കാന്‍ തിരഞ്ഞെടുപ്പ് കമ്മിഷൻ നിർദേശം നല്‍കിയിട്ടുണ്ട്.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക
നിലമ്പൂരില്‍ യുഡിഎഫിൻ്റെ വിജയം പി വി അൻവറിൻ്റെ നേട്ടമായി വിലയിരുത്തപ്പെടുമെന്നതിനാൽ സിപിഎമ്മിന് ഇത് അഭിമാന പോരാട്ടമാണ്. സിപിഎം ചിഹ്നത്തില്‍ ഒരു എംഎല്‍എ ഉണ്ടായിട്ടില്ലാത്ത മണ്ഡലം കൂടിയാണ് നിലമ്പൂര്‍. നിലമ്പൂർ മണ്ഡലത്തിന് കീഴിൽ ഏഴ് പഞ്ചായത്തുകളും ഒരു നഗരസഭയുമാണുള്ളത്. പുതിയ അധ്യക്ഷൻ എത്തിയതിനുശേഷം ഉള്ള ആദ്യ തിരഞ്ഞെടുപ്പ് ആയതിനാല്‍ത്തന്നെ ബിജെപിക്കും നിലമ്പൂര്‍ അഭിമാന പോരാട്ടമാണ്.
കോൺഗ്രസിൽ രാഷ്ട്രീയകാര്യ സമിതി അംഗം എ പി അനിൽകുമാറിനും സിപിഎം എം സ്വരാജിനും നിലമ്പൂര്‍ തിരഞ്ഞെടുപ്പ് ചുമതല നൽകിയിട്ടുമുണ്ട്. രാഷ്‌ട്രീയ സമവാക്യങ്ങള്‍ മാറിമറിഞ്ഞ നിലമ്പൂര്‍ ഇനി ആര്‍ക്കൊപ്പം എന്നാണ് രാഷ്ട്രീയ കേരളം ഉറ്റുനോക്കുന്നതും.