ഇടുക്കി: തൊടുപുഴയിൽ വളർത്തു നായയോട് ഉടമയുടെ ക്രൂരത. ഉടമയുടെ ‘ആജ്ഞ അനുസരിച്ചില്ല’ എന്ന കാരണത്താൽ നായയെ വെട്ടിപ്പരിക്കേൽപ്പിച്ച് തെരുവിൽ ഉപേക്ഷിച്ചു. ദേഹമാസകലം മുറിവേറ്റ നിലയിൽ തൊടുപുഴ മുതലക്കോടത്ത് നിന്നാണ് അനിമൽ റെസ്ക്യൂ ടീം നായയെ കണ്ടെത്തുന്നത്.
വഴിയാത്രക്കാർ വിവരം അറിയിച്ചതിനെ തുടർന്ന് ടീം അംഗങ്ങളായ കീർത്തിദാസ്, മഞ്ജു എന്നിവർ സ്ഥലത്തെത്തി. തുടർന്ന് ആശുപത്രിയിലെത്തിച്ച് ആവശ്യമായ ചികിത്സ നൽകിയ ശേഷം അഭയകേന്ദ്രത്തിലേക്ക് മാറ്റി.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക
ഉടമ തന്നെ നായയെ വെട്ടിപ്പരിക്കേൽപ്പിക്കുകയായിരുന്നെന്ന് അനിമൽ റെസ്ക്യൂ ടീം അംഗം കീർത്തി ദാസ് പറഞ്ഞു. കൈയിൽ വെട്ടിപ്പരിക്കേൽപ്പിച്ച് അസ്ഥി പുറത്ത് വന്ന നിലയിലാണ്. കൈ പൂർണമായും തകർന്നു. എട്ടോളം ഭാഗത്ത് നായക്ക് പരിക്കേറ്റിട്ടുണ്ട്. സർജറി ചെയ്യേണ്ട ആവശ്യമുണ്ടെന്ന് വെറ്ററിനറി ഡോക്‌ടർ പറഞ്ഞു.
കൈയിൽ സർജറി ചെയ്യേണ്ട ആവശ്യമുണ്ട്. തലയിലും പരിക്കുണ്ട്. എത്രത്തോളം ആഴമുണ്ടെന്ന് എക്‌സ്‌റേ എടുത്താൽ മാത്രമേ അറിയാൻ കഴിയുകയുള്ളൂ. ഉടമ വിളിച്ചപ്പോൾ നായ വന്നില്ലായെന്നുള്ളതാണ് ഉപദ്രവിക്കാനുള്ള കാരണമെന്നാണ് നാട്ടുകാർ പറയുന്നത്. തൊടുപുഴ പൊലീസ് സ്റ്റേഷനിൽ പരാതി നൽകിയിട്ടുണ്ട്.
ഉടമക്കെതിരെ ശക്‌തമായ നിയമനടപടിയുമായി മുന്നോട്ട് പോകാനാണ് തീരുമാനമെന്ന് കീർത്തി ദാസ് പറഞ്ഞു. അനിമൽ റെസ്ക്യൂ ടീമിൻ്റെ പരാതിയിൽ നായയെ ഉപദ്രവിച്ചതിന് ഷൈജു തോമസ് എന്നയാളെ പ്രതി ചേർത്ത് തൊടുപുഴ പൊലീസ് കേസെടുത്തിട്ടുണ്ട്.
Also Read: തീകൊളുത്തി കൊലപ്പെടുത്താൻ ശ്രമിച്ച സംഭവം; ചികിത്സയിലിരുന്ന യുവതി മരിച്ചു