വയനാട്: ലോകമെമ്പാടുമുള്ള മലയാളികൾ ഓണം ആഘോഷിക്കുമ്പോൾ മനസിൽ നോവായി തന്നെ തുടരുകയാണ് വയനാട്. ദുരന്തം വിതച്ച വെള്ളാർമലയിലെയും മുണ്ടക്കൈയിലെയും കുട്ടികൾക്ക് ഇത് അതിജീവനത്തിന്‍റെ ഓണമാണ്. ജൂലൈ 30ന് ഒഴുകിയെത്തിയ ദുരന്തം നിരവധി കുരുന്നുകളെ കവർന്നെടുത്ത് പോയി.
പുന്ന പുഴയുടെ തീരത്ത് കണ്ണീരുവറ്റാതെ വെള്ളാർമല സ്‌കൂൾ നിൽക്കുമ്പോൾ , വേദനയിലും കുരുന്നുകൾക്ക് ഓണവിരുന്നൊരുക്കി. നിഷ്‌കളങ്കമായ ചിരിയോടെ ഓണ സദ്യ ഉണ്ണുന്ന കുരുന്നുകൾക്ക് ദുരന്തത്തിന്‍റെ വ്യാപ്‌തി അറിയില്ല. ഒരു വാക്ക് പോലും പറയാതെ തങ്ങളുടെ കൂട്ടുകാർ മറ്റെവിടെയോ പോയെന്ന വിശ്വാസത്തിൽ കുരുന്നുകൾ ഓണ സദ്യയുണ്ടു. ഒരു നാടിന്‍റെ സ്നേഹവും കരുതലുമാണ് ഈ വിളമ്പിയത്. മേപ്പാടിയിലെ പുതിയ സ്‌കൂളിലാണ് ഇവിടുത്തെ വിദ്യാർഥികൾ ഇപ്പോള്‍ പഠനം തുടരുന്നത്.
ഇടിവി ഭാരത് കേരളം ഇനി വാട്‌സ്‌ആപ്പിലും
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
കുട്ടികൾക്കായി ചാലിയാറിലെ രക്ഷാപ്രവർത്തനത്തിന്‍റെ മുഖമായിരുന്ന ഫ്രണ്ട്സ് ക്ലബ് പോത്തുക്കല്ലാണ് വിഭവസമൃദ്ധമായ സദ്യ ഒരുക്കിയത്. വെള്ളാർമല, മുണ്ടക്കൈ , മേപ്പാടി സ്‌കൂളുകളിലെ 3500 ഓളം പേർക്കാണ് സദ്യ വിളമ്പിയത്. ഉരുൾപൊട്ടലിൽ വീട് നഷ്‌ടപ്പെട്ട് കുന്നമ്പറ്റയിലെ വാടക കെട്ടിടങ്ങളിൽ താമസിക്കുന്ന 30 ഓളം കുടുംബത്തിലെ 100 ഓളം പേർക്കും ക്ലബ് ഓണ സദ്യ വിളമ്പി.
വിദ്യാഭ്യാസ വകുപ്പിന്‍റെ ഉൾപ്പെടെ അനുവാദം വാങ്ങിയാണ് ഇവർക്കായി സദ്യ ഒരുക്കിയതെന്ന് ക്ലബ് പ്രസിഡന്‍റ് അനസ് പറഞ്ഞു. അനസിനൊപ്പം ക്ലബ്ബിലെ 60 ഓളം പ്രവർത്തകരും മേപ്പടിയിലെ മുണ്ടക്കൈ, വെള്ളാർമല സ്‌കൂളിൽ എത്തിയിരുന്നു. മേപ്പാടി പഞ്ചായത്ത് 19ാം വാർഡ് മെമ്പർ അജ്‌മലിന്‍റെ നേതൃത്വത്തിലാണ് ഉത്രാട ദിനത്തിൽ ഓണസദ്യ വിളമ്പിയത്.
ഓണസദ്യ മാത്രമല്ല, ഇവിടെ പൂക്കളവും ഒരുക്കി. കുടുംബശ്രീ പ്രവർത്തകരാണ് ഇവർക്ക് ഭക്ഷണം ഒരുക്കിയത്. മസ്‌കറ്റ് ഇന്ത്യൻ വിമൻസ് അസോസിയേഷൻ പ്രവർത്തകരും സമ്മാനങ്ങളുമായി ഓണാഘോഷത്തിനെത്തിയിരുന്നു.