തിരുവനന്തപുരം: കാലാവസ്ഥ വ്യതിയാനവും കടലിന്‍റെ സ്വഭാവ മാറ്റവും വംശനാശ ഭീഷണി നേരിടുന്ന ഒലിവ് റിഡ്‌ലി എന്ന കടലാമകളെ തിരുവനന്തപുരത്തെ തീരത്ത് നിന്നുമകറ്റിയിട്ട് വർഷങ്ങളായി. ഫെബ്രുവരി 15നായിരുന്നു കടലാമക്കൂട്ടം മുട്ടയിട്ട് മടങ്ങുന്ന അപൂർവ്വ കാഴ്‌ചയ്ക്ക് സുഹൃത്തുക്കളായ അഖിൽ ആന്‍റണി, സ്റ്റെജിൻ തോമസ്, പ്രിൻസ് മാത്യു എന്നിവർ സാക്ഷിയായത്. കടലാമ കുഞ്ഞുങ്ങൾ കൂട്ടത്തോടെ കടലിലേക്ക് മടങ്ങുന്ന കാഴ്‌ച പണ്ടെങ്ങോ കണ്ട് മറന്നതാണിവർ.
വീടിനോട് ചേർന്നുള്ള പള്ളിയിലെ ഉത്സവത്തിരക്കും കടലിന്‍റെ വേലിയേറ്റവും പ്രകൃതിയുടെ അപൂർവ്വ പ്രതിഭാസം നശിപ്പിക്കുമെന്ന് മനസിലാക്കിയ ചെറുപ്പക്കാർ ഇവയ്ക്ക് സംരക്ഷണമൊരുക്കാൻ തന്നെ ഉറപ്പിച്ചു. മുട്ടകൾ കണ്ടെത്തിയിടത്ത് നിന്നും നൂറ് മീറ്റർ മാറി തീരത്ത് തന്നെ താത്കാലിക സംരക്ഷണമൊരുക്കുകയായിരുന്നു ആദ്യ പടി.
ഇതിനായി വൈൽഡ് ലൈഫ് ട്രസ്റ്റ് ഓഫ് ഇന്ത്യയുടെ കൺസർവേറ്ററായ അജിത്തിനെയാണ് ആദ്യം ബന്ധപ്പെട്ടത്. വംശനാശ ഭീഷണി നേരിടുന്ന ഒലീവ് റിഡ്‌ലി എന്നയിനം കടലാമയുടെ 123 മുട്ടകളാണ് ചെറുപ്പക്കാർ സൂക്ഷിച്ചതെന്ന് മനസിലാക്കിയ അജിത് തുമ്പ പൊലീസ് കോസ്റ്റൽ പൊലീസ് വനം വകുപ്പ് ഉദ്യോഗസ്ഥര്‍ എന്നിവരുമായി ഉടൻ ബന്ധപ്പെട്ടു.
ഒരു കൂട്ടം ചെറുപ്പക്കാരുടെ ശ്രമത്തിന് പിന്നിൽ ഒരു നാടാകെ പിന്തുണയുമായെത്തി. കടൽ കയറുമെന്ന ഭയത്തിൽ പല രാത്രികളിലും ആമ മുട്ടകൾക്ക് ഉറക്കമൊഴിഞ്ഞു കാവലിരുന്നുവെന്ന് അഖിൽ പറയുന്നു. ഒടുവിൽ 45ാം ദിനം മുട്ടവിരിഞ്ഞു. വലിയവേളി തീരത്ത് ഉദ്യോഗസ്ഥരെയും നാട്ടുകാരെയും സാക്ഷിയാക്കി 108 കടലാമ കുഞ്ഞുങ്ങളെ അഖിലും സംഘവും കടലിലേക്ക് യാത്രയാക്കി.


കഴിഞ്ഞ വർഷം ശംഖുമുഖം തീരത്തും കടലാമയുടെ മുട്ടകൾ കണ്ടെത്തിയെങ്കിലും അവ കടലെടുത്തു നശിച്ചുവെന്ന് വൈൽഡ് ലൈഫ് ട്രസ്റ്റ് ഓഫ് ഇന്ത്യയുടെ കൺസർവേറ്റർ അജിത് ശംഖുമുഖം പറയുന്നു. ഇത്തവണ ആമ മുട്ടകൾ കാണാതായതോടെ ആശങ്കയിലായിരുന്നു. എന്നാൽ തീരത്തെ ചെറുപ്പക്കാർ ആമ കുഞ്ഞുങ്ങൾക്ക് കാവലായെന്നും അജിത് പറയുന്നു.

പ്രാദേശിക ജനവിഭാഗങ്ങൾക്ക് കടലാമകളുടെ സംരക്ഷണത്തിൽ അവബോധം ആവശ്യമാണെന്ന് തിരുവനന്തപുരം സോഷ്യൽ ഫോറസ്റട്രി വിഭാഗത്തിലെ അസിസ്റ്റന്‍റ് കൺസർവേറ്റർ സജു പറയുന്നു. കടലിന്‍റെ ആവാസ വ്യവസ്ഥയിൽ പ്രധാന പങ്കുവഹിക്കുന്ന ജീവികളാണ് കടലാമകൾ. വംശനാശ ഭീഷണി നേരിടുന്ന ഒലീവ് റിഡ്‌ലി കടലാമകൾ തീരത്തേക്ക് വരുമ്പോൾ സംരക്ഷണത്തിന്‍റെ പ്രാധാന്യം വർധിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.


ഒലീവ് റിഡ്‌ലിയെന്ന് അപൂര്‍വ്വയിനം കടലാമ: കേരള തീരത്ത് ഇപ്പോഴും അപൂർവമായി മുട്ടായിടനെത്തുന്ന ഏക കടലാമയാണ് ഒലീവ് റിഡ്‌ലിയെന്ന് കേരള സർവകലാശാലയിലെ ഫിഷറീസ് ആൻഡ് അക്വാട്ടിക് ബയോളജി വിഭാഗം അധ്യാപകൻ ഡോ.ബിജു കുമാർ പറയുന്നു. ചെരിവുള്ള കടൽ തീരത്താണ് കടലാമകൾ മുട്ടായിടാനെത്തുക.
വർഷങ്ങൾക്ക് മുമ്പ് കേരളത്തിലെ തീരങ്ങൾ കടലിലേക്ക് ചരിഞ്ഞിറങ്ങി കിടക്കുമായിരുന്നു. എന്നാൽ കാലക്രമേണ കാലാവസ്ഥ വ്യതിയാനവും തീരത്തെ നിർമാണവും തീരത്തിന്‍റെ ഘടനയെ അട്ടിമറിച്ചു. പതിയെ കടലാമകൾ അപ്രത്യക്ഷമായി തുടങ്ങി. എന്നാൽ ഒലിവ് റിഡ്‌ലി എന്ന കടലാമ ഇന്നും അപൂർവമായി കേരളത്തിന്‍റെ തീരങ്ങളിൽ കണ്ടുവരാറുണ്ട്.


ഒറ്റയ്ക്കോ 2-3 എണ്ണമടങ്ങുന്ന സംഘമായോ ഒലിവ് റിഡ്‌ലികൾ കേരളത്തിൽ മുട്ടായിടാനെത്തും. എന്നാൽ ഒഡിഷയിൽ പൂർണ ചന്ദ്രനുള്ള ദിവസങ്ങളിൽ ലക്ഷ കണക്കിന് ഒലിവ് റിഡ്‌ലികൾ കൂട്ടമായി എത്തി മുട്ടയിട്ട് മടങ്ങുന്ന പ്രതിഭാസമുണ്ട്. അരിബാദ (Arribada) എന്ന പേരിലാണ് ഈ പ്രതിഭാസം അറിയപ്പെടുന്നത്.
ഇന്ത്യൻ മഹാസമുദ്രത്തിലും അറബിക്കടലിലും ബംഗാൾ കടലിടുക്കിലും ധാരാളമായി കാണുമെങ്കിലും വംശനാശ ഭീഷണി നേരിടുന്ന കടലാമയാണ് ഒലിവ് റിഡ്‌ലികളെന്നും ഡോ.ബിജു കുമാർ പറഞ്ഞു.
Also Read |
- ചീമുട്ടയും കോഴിത്തലയും ഇനി വേണ്ട, 'ഇതാണ് ന്യൂജെൻ പണി'; മേൽവിലാസം എഴുതിയ കവർ കളമശ്ശേരിയിൽ നിക്ഷേപിച്ചാൽ മതി
- സ്കൂള്‍ പ്രവേശനത്തിനുള്ള പ്രായ പരിധി ഉയര്‍ത്തി; നടപ്പിലാക്കുക അടുത്ത വര്‍ഷം മുതലെന്ന് വി.ശിവന്‍കുട്ടി
- ഒരേ സിറിഞ്ച് കുത്തിവച്ച് ലഹരി ഉപയോഗം; മലപ്പുറത്ത് 9 പേര്‍ക്ക് എച്ച്ഐവി, ഞെട്ടിക്കുന്ന കണ്ടെത്തല്‍!