തൃശൂര്‍: വാൽപ്പാറയിൽ പുലി പിടിച്ച നാലരവയസുകാരിയെ കണ്ടെത്താന്‍ തെരച്ചിൽ ഊർജിതമാക്കി വനം വകുപ്പും പൊലീസും. അണ്ണാമലൈ ടൈഗർ റിസർവ് വനത്തിലും പച്ചമല എസ്റ്റേറ്റിലുമായാണ് തെരച്ചിൽ പുരോഗമിക്കുന്നത്. കനത്ത മഴയെ തുടർന്നും വന്യമൃഗ ശല്യം മൂലവും ഇന്നലെ രാത്രി തെരച്ചിൽ അവസാനിപ്പിച്ചിരുന്നു.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക
ഇന്നലെ വൈകുന്നേരമാണ് വാൽപ്പാറ നഗരത്തോടു ചേർന്നുള്ള പച്ചമല എസ്റ്റേറ്റിലെ തെക്ക് ഡിവിഷനിൽ തോട്ടം തൊഴിലാളിയായ ജാർഖണ്ഡ് സ്വദേശി മനോജ് കുന്ദയുടെ മകൾ റൂസ്‌നിയെ പുലി പിടിച്ചത്. വീടിനു മുന്നിൽ കളിച്ചു കൊണ്ടിരിക്കെ തൊട്ടടുത്ത തേയിലത്തോട്ടത്തിൽ നിന്നും എത്തിയ പുലി കുട്ടിയെ പിടിച്ചുകൊണ്ടുപോകുകയായിരുന്നു.
ഇതു കണ്ട മറ്റു തൊഴിലാളികള്‍ വിവരം അറിയിച്ചതിനെ തുടര്‍ന്ന് തോട്ടം മുഴുവനും ഒട്ടു മൊത്ത തൊഴിലാളികളും അരിച്ചു പെറുക്കിയെങ്കിലും കുട്ടിയെ കണ്ടെത്താനായില്ല. അതേസമയം കഴിഞ്ഞ ഞായറാഴ്‌ചയാണ് മനോജ് കുന്ദയും കുടുംബവും ഇവിടെ ജോലിയ്‌ക്ക് എത്തിയത്. കുട്ടിയെ പിടികൂടിയത് പുലി തന്നെയാണെന്ന് വനം വകുപ്പ് സ്ഥിരീകരിച്ചിരുന്നു. സംഭവസ്ഥലത്തു നിന്നും പുലിയുടെ കാൽപ്പാടുകൾ കണ്ടെത്തിയിരുന്നു.
കുട്ടിയുടെ രക്ഷിതാക്കളുടെ നിലവിളി കേട്ടാണ് തങ്ങള്‍ ഓടിയെത്തിയതെന്ന് തൊഴിലാളികളില്‍ ചിലര്‍ പറഞ്ഞു. ഉടന്‍ തന്നെ കമ്പും മറ്റുമായി തെരച്ചില്‍ ആരംഭിച്ചെങ്കിലും കുട്ടിയേയും പുലിയേയും കണ്ടെത്താന്‍ കഴിഞ്ഞില്ലെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.
ബൈക്ക് യാത്രക്കാർക്ക് നേരെ തിരിഞ്ഞ് കാട്ടാന
അതേസമയം അതിരപ്പിള്ളി - മലക്കപ്പാറ റൂട്ടിൽ ബൈക്ക് യാത്രക്കാർക്ക് നേരെ കാട്ടാനയുടെ ആക്രമണ ശ്രമമുണ്ടായി. ഇന്നലെ വൈകീട്ട് ആയിരുന്നു സംഭവം. മലക്കപ്പാറയിൽ നിന്നും അതിരപ്പിള്ളി ഭാഗത്തേക്ക് ബൈക്കിൽ വന്നിരുന്ന യുവാക്കളെ കണ്ട് കാട്ടാന ഇവർക്ക് നേരെ ഓടിയടുത്തു. ഇതോടെ ബൈക്ക് ഉപേക്ഷിച്ച് ഇരുവരും ഓടി രക്ഷപ്പെട്ടു. റോഡിന് വശത്തുള്ള കാട്ടിൽ നിന്നും ഇറങ്ങി വന്ന രണ്ട് ആനകളിൽ ഒരു ആനയാണ് ആക്രമണം നടത്തിയത്.