കോഴിക്കോട്: നിരവധി മോഷണക്കേസുകളിൽ പ്രതികളായ കുപ്രസിദ്ധ മോഷ്‌ടാവും സഹായിയും പൊലീസിൻ്റെ പിടിയിൽ. മായനാട് താഴെ ചപ്പളങ്ങ തോട്ടത്തിൽ സാലു എന്ന ബുള്ളറ്റ് സാലു, കോട്ടക്കൽ സ്വദേശി സൂഫിയാൻ എന്നിവരെയാണ് മെഡിക്കൽ കോളജ് പൊലീസ് മാവൂരിൽ നിന്നും കസ്റ്റഡിയിലെടുത്തത്. ഇന്ന് (ഒക്‌ടോബർ 15) രാവിലെ മോഷണം നടത്തി വരുന്ന വഴി കെഎസ്ആർടിസി ബസിൽ വെച്ചാണ് പൊലീസ് ഇയാളെ പിടികൂടിയത്.
ആഴ്‌ചകൾക്ക് മുമ്പ് മാവൂർ പൊലീസ് സ്റ്റേഷൻ പരിധിയിലെ ചെറുകുളത്തൂർ പാടേരി ഇല്ലത്ത് നടന്ന മോഷണക്കേസിലെ പ്രതി കൂടിയാണ് ബുള്ളറ്റ് സാലു. ഇവിടെനിന്നും 35 പവൻ സ്വർണവും പണവും കവർന്നിരുന്നു. കൂടാതെ വിവിധ പൊലീസ് സ്റ്റേഷൻ പരിധികളിലും അയൽ സംസ്ഥാനങ്ങളിലും മോഷണം നടത്തിയ കേസുകളും ഇയാളുടെ പേരിലുണ്ട്.
ജയിൽ ശിക്ഷ അനുഭവിച്ച് പുറത്തിറങ്ങിയ ശേഷം വീണ്ടും മോഷണത്തിന് ഇറങ്ങുകയായിരുന്നു. വൈകുന്നേരങ്ങളിൽ ഗ്രാമങ്ങളിൽ ചുറ്റിക്കറങ്ങി ലൈറ്റിടാത്ത വീടുകൾ കണ്ടെത്തി പുലർച്ചെ വീടുകളിൽ മോഷണം നടത്തി അതുവഴി വരുന്ന ഏതെങ്കിലും ബൈക്കുകളിൽ കയറി സ്ഥലം വിടുകയാണ് പതിവ്. കിട്ടുന്ന പണം ആഡംബര ജീവിതത്തിനും ചീട്ടുകളിക്കാനും ഉപയോഗിക്കുകയാണ് ഇയാളുടെ പതിവെന്ന് മെഡിക്കൽ കോളജ് സബ് ഡിവിഷൻ അസിസ്റ്റൻ്റ് കമ്മിഷണർ എ ഉമേഷ് അറിയിച്ചു.
ചെറുകുളത്തൂർ പാടേരി ഇല്ലത്തെ മോഷണത്തിന് ശേഷം മാവൂർ, മെഡിക്കൽ കോളജ് പൊലീസിൻ്റെ നേതൃത്വത്തിൽ ഇയാളെ നിരീക്ഷിച്ച് വരികയായിരുന്നു. അതിനിടയിലാണ് ഇപ്പോൾ
പൊലീസിൻ്റെ പിടിയിലാകുന്നത്. പ്രതികളിൽനിന്ന് ഏഴ് ലക്ഷത്തോളം രൂപ കണ്ടെടുത്തു.
മെഡിക്കൽ കോളജ് ഡിവിഷൻ അസിസ്റ്റൻ്റ് കമ്മിഷണർ എ ഉമേഷ് പൊലീസ് ഇൻസ്പെക്‌ടർ പികെ ജിജീഷ്, മെഡിക്കൽ കോളജ് എസ്ഐമാരായ പിടി സൈഫുള്ള, പി അനീഷ്, സ്പെഷ്യൽ ആക്ഷൻ ഗ്രൂപ്പ് സീനിയർ സിവിൽ പൊലീസ് ഓഫിസർമാരായ എ പ്രശാന്ത് കുമാർ, ഷാഫി പറമ്പത്ത്, ഷഹീർ പെരുമണ്ണ, ജിനേഷ് ചൂലൂർ, രാകേഷ് ചൈതന്യം, എന്നിവരുടെ നേതൃത്വത്തിലാണ് പ്രതിയെ പിടികൂടിയത്. അറസ്റ്റ് രേഖപ്പെടുത്തിയ പ്രതിയെ ഇന്ന് കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്യും.
Also Read: രോഗികളെ സഹായിക്കാൻ എന്ന പേരിൽ ട്രസ്റ്റ്; സംഭാവന ചോദിച്ചെത്തി പിന്നീട് മോഷണം, കൊല്ലം സ്വദേശി പിടിയിൽ