കോഴിക്കോട്: ക്ഷീര മാലിന്യ (Dairy waste) സംസ്കരണത്തിലൂടെ മറ്റ് ഉത്പന്നങ്ങൾ വികസിപ്പിച്ചെടുക്കാനുള്ള സാങ്കതിക വിദ്യയ്‌ക്ക് നിർമാണ അവകാശം (patent) നേടിയെടുത്ത് കോഴിക്കോട് എൻഐടി. ഡെയറി മലിന ജല ശുദ്ധീകരണത്തിനും അതിൽ നിന്നുള്ള ഉത്പന്ന വികസനത്തിനും ഒരേ ഘട്ടത്തിൽ സാധ്യത ഒരുക്കുന്ന ''കോഗ്യുലേഷൻ റിയാക്ടറിനാണ് പേറ്റന്റ് ലഭിച്ചത്. പോഷക സമൃദ്ധമായ പക്ഷി മൃഗ തീറ്റകൾ, ബയോ കംപോസ്റ്റ് എന്നിവ ഇതിലൂടെ നിർമിക്കാൻ കഴിയും.
എന്തുക്കൊണ്ടാണ് പുതിയ വിദ്യ വികസിപ്പിച്ചെടുത്തത്
സംസ്കരണ സമയത്ത് ഉത്പാദിപ്പിക്കുന്ന ജൈവ മലിനജലത്തിൻ്റെ അളവ് കാരണം ക്ഷീര വ്യവസായ രംഗം വലിയ പ്രതിസന്ധിയിലാണ്. ഈ മലിനജലം സാധാരണയായി എയറോബിക്, അനയറോബിക് പോലുള്ള പരമ്പരാഗത ജൈവ രീതികൾ ഉപയോഗിച്ചോ അല്ലെങ്കിൽ രണ്ടിൻ്റെയും സംയോജനം ഉപയോഗിച്ചോ സംസ്കരിക്കുകയാണ് പതിവ്. ഈ സംസ്കരണത്തിന് കൂടുതൽ സമയം, വിശാലമായ സ്ഥലം സങ്കീർണമായ യന്ത്രങ്ങൾ എന്നിവ ആവശ്യമാണ്. ഉയർന്ന ജൈവ സാന്നിധ്യവും കൊഴുപ്പും കാരണം ക്ഷീര മാലിന്യങ്ങൾ സംസ്കരിക്കുന്നത് അത്ര എളുപ്പമല്ല. നിലവിലെ സംസ്കരണ രീതികൾ ഉപഉത്പ്പന്നങ്ങൾ വീണ്ടെടുക്കൽ പ്രാപ്തവുമല്ല (EcoFriendly Solution).

ഈ പരിമിതികൾ പരിഹരിക്കുന്നതിനായാണ് നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി കാലിക്കറ്റ് (NITC) ക്ഷീര മാലിന്യ സംസ്കരണത്തിന് ഒരു ബദലും നൂതനവുമായ സമീപനം വാഗ്ദാനം ചെയ്യുന്ന ഒരു പേറ്റൻ്റ് കോഗ്യുലേഷൻ റിയാക്ടർ വികസിപ്പിച്ചെടുത്തത് (Waste To Wealth). ഈ റിയാക്ടർ പ്രവർത്തിക്കാൻ പരിമിതമായ സ്ഥലം മതി. നാരങ്ങ തൊലികളിൽ നിന്ന് ലഭിക്കുന്ന പ്രകൃതിദത്ത കോഗ്യുലൻ്റുകൾ ഉപയോഗിക്കുമ്പോൾ, സംസ്കരണം പൂർണമായും പരിസ്ഥിതി സൗഹൃദവുമാകും. ലഭിക്കുന്ന ഉത്പ്പന്നം ഉണങ്ങുമ്പോൾ, പെല്ലറ്റൈസ് ചെയ്ത് മൃഗങ്ങളുടെയോ പക്ഷികളുടെയോ തീറ്റയാക്കാം.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക
അലുമിനിയം അല്ലെങ്കിൽ ഇരുമ്പ് ഓക്സൈഡുകളും ഉണങ്ങിയ ഇലകളും മറ്റ് ചില ഘടകങ്ങളും ചേർത്താണ് ജൈവ കമ്പോസ്റ്റ് അല്ലെങ്കിൽ മണ്ണിര കമ്പോസ്റ്റ് ഉത്പാദിപ്പിക്കുന്നത്. ഈ സാങ്കേതിക വിദ്യയുടെ പ്രധാന നേട്ടം അതിൻ്റെ ഇരട്ട പ്രവർത്തനക്ഷമതയിലാണ്. മാലിന്യ സംസ്കരണം, വിഭവങ്ങൾ വീണ്ടെടുക്കൽ, കുറഞ്ഞ സംസ്കരണ സമയം. അതുവഴി മാലിന്യം ഇല്ലാതാകുന്നു. മിൽമ പോലുള്ള ക്ഷീര വ്യവസായകർക്ക് ഫലപ്രദവും, കുറഞ്ഞ ചെലവിൽ ഉപയോഗപ്പെടുത്താവുന്നതും ആണെന്ന് ഇതിൻ്റെ പിന്നിൽ പ്രവർത്തിച്ചവർ പറഞ്ഞു(Sustainable Technology). കെമിക്കൽ എഞ്ചിനിയറിങ് വിഭാഗം അസോ: ഫ്രൊഫ: എസ് ഭുവനേശ്വരിയാണ് ഗവേഷണത്തിന് മേൽനോട്ടം വഹിച്ചത്.
Also Read:- എന്‍ജിനിയറിങ്, ഫാര്‍മസി പ്രവേശന പരീക്ഷ; അവസാനവട്ട ഒരുക്കത്തിൽ ശ്രദ്ധിക്കേണ്ടത് എന്തെല്ലാം