തൃശൂർ: കൂടൽമാണിക്യം ക്ഷേത്രത്തിൽ ജാതിവിവേചനം നേരിട്ടെന്നാരോപിച്ച് ബാലു രാജിവച്ച ഒഴിവിലേക്ക് പുതിയ നിയമനം. കഴകം ജോലിക്കായി ഈഴവ ഉദ്യോഗാർഥിക്ക് ദേവസ്വം റിക്രൂട്ട്മെൻ്റ് ബോർഡ് അഡ്വൈസ് മെമോ അയച്ചു. ബാലു രാജിവച്ച ഒഴിവിൽ പട്ടികയിലെ അടുത്ത ഊഴക്കാരനായ ചേർത്തല സ്വദേശി കെ എസ് അനുരാഗിനാണ് അഡ്വൈസ് മെമ്മോ അയച്ചത്.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക
നിയമനവുമായി മുന്നോട്ട് പോകുമെന്ന് ദേവസ്വം റിക്രൂട്ട്മെൻ്റ് ബോർഡ് ചെയർമാൻ കെ ബി മോഹൻദാസ് അറിയിച്ചു. വിവാദം ഉണ്ടായത് പ്രത്യേക സാഹചര്യത്തിലെന്നും ചെയർമാൻ കെ ബി മോഹൻദാസ് പറഞ്ഞു. 'അന്ന് ക്ഷേത്രം അഡ്‌മിനിസ്ട്രേറ്റർ സ്വന്തം നിലയിൽ ഇടപെട്ടു. സർക്കാർ അഡ്‌മിനിസ്‌ട്രേറ്ററോട് വിശദീകരണം തേടിയിരുന്നു. നിലവിൽ വിവാദം ഉണ്ടാകേണ്ട സാഹചര്യമില്ലെന്ന്' ചെയർമാൻ പറഞ്ഞു.
അതേസമയം, കാരായ്‌മ പ്രവൃത്തി ചെയ്യുന്നവർക്ക് ജോലി നഷ്‌ടമാകുമെന്ന അവസ്ഥ വന്നപ്പോഴാണ് ഇടപെട്ടത്. പുതിയ നടപടിയിൽ പ്രതിഷേധം ഉണ്ട്. കാരായ്‌മ നിലനിർത്താൻ നിയമപരമായി പോരാടുമെന്ന് വാര്യർ സമാജം സംസ്ഥാന ട്രഷറർ ഗിരീഷ് പറഞ്ഞു. മെയ് 8ന് ക്ഷേത്ര ഉത്സവം ആരംഭിക്കുന്നതിന് മുൻപ് കഴക നിയമനം പൂർത്തിയാക്കാനാണ് കൊച്ചിൻ ദേവസ്വം ബോർഡിൻ്റെ തീരുമാനം.
ദേവസ്വം റിക്രൂട്ട്മെന്‍റ് ബോർഡ് നടത്തിയ പരീക്ഷ ജയിച്ചാണ് കഴകം തസ്‌തികയിൽ ആര്യനാട് സ്വദേശി ബാലു നിയമിതനായത്. പിന്നാക്ക സമുദായക്കാരനായത് കൊണ്ട് തന്ത്രിമാരുടെ പ്രതിഷേധം കാരണം ജോലിയിൽ നിന്നും മാറ്റി നിർത്തിയെന്ന് ബാലു പരാതി നൽകിയിരുന്നു. ബാലു ജോലിക്ക് പ്രവേശിച്ച നാള്‍ മുതല്‍ തന്ത്രിമാര്‍ ക്ഷേത്രത്തിലെ ചടങ്ങുകള്‍ക്കെത്താതെ പ്രതിഷേധ സ്വരത്തിലായിരുന്നു.
പിന്നാക്കക്കാരനായ ബാലുവിനെ ക്ഷേത്ര ജോലിയില്‍ നിന്ന് മാറ്റിനിര്‍ത്തണം എന്ന് ആവശ്യപ്പെട്ട് തന്ത്രിമാർ ക്ഷേത്ര ബഹിഷ്‌കരണ സമരവും നടത്തിയിരുന്നു. ക്ഷേത്രത്തിലെ ശുദ്ധ ക്രിയകളില്‍ പങ്കെടുക്കാതെ തന്ത്രിമാര്‍ മാറി നിന്ന് പ്രതിഷേധിച്ചു. ഇതിനുപിന്നാലെ കഴകം തസ്‌തികയില്‍ നിന്ന് മാറ്റി ഓഫിസ് ജോലികള്‍ക്കായി നിയോഗിച്ചെന്ന് ബാലു ആരോപിച്ചിരുന്നു. വിവാദങ്ങൾക്കൊടുവിൽ ബാലു ദേവസ്വം ബോർഡിന് രാജിക്കത്ത് കൈമാറുകയായിരുന്നു.
Also Read: കേരളത്തിൽ നിഴലില്ലാനേരം വരുന്നു... നിങ്ങളുടെ പ്രദേശത്തെ ദിവസവും സമയവും അറിയാം