തിരുവനന്തപുരം: സസ്പെന്‍ഷന്‍ കാലാവധി ആറുമാസം പിന്നിട്ടിട്ടും വച്ചകാല്‍ പിന്നോട്ടില്ലെന്ന നിലപാടില്‍ തന്നെയാണ് യുവ ഐഎഎസ് ഓഫിസര്‍ എന്‍ പ്രശാന്ത്. കഴിഞ്ഞ ദിവസം ചീഫ് സെക്രട്ടറി ശാരദാ മുരളീധരനു മുന്നില്‍ ഹാജരായി വിശദീകരണം നല്‍കിയതിനുശേഷം അതിൻ്റെ വിശദാംശങ്ങളെ സംബന്ധിച്ച് സമൂഹമാധ്യമത്തില്‍ പങ്കുവെച്ച വിശദീകരണക്കുറിപ്പിലാണ് താന്‍ പിന്നോട്ടല്ലെന്ന സൂചന ഒന്നു കൂടി പ്രശാന്ത് ദൃഢമാക്കിയത്. ആറുമാസത്തില്‍ തീര്‍പ്പാക്കണമെന്ന് നിയമമുണ്ടായിട്ടും മൂന്നു വര്‍ഷമായി തൻ്റെ ഫയല്‍ പൂഴ്ത്തിയതായി പ്രശാന്ത് ആരോപിച്ചു. 2022 മുതല്‍ അകാരണമായി തടഞ്ഞു വച്ച തൻ്റെ പ്രമോഷന്‍ ഉടനടി നല്‍കണം. ഓരോ ഫയലും ഓരോ ജീവനെടുക്കാനുള്ള അവസരമായി കാണരുതെന്ന പരിഹാസവുമുണ്ട്.
ഭരണഘടനാ വിരുദ്ധമായും അഖിലേന്ത്യ സര്‍വീസ് ചട്ടങ്ങള്‍ക്കു വിരുദ്ധമായും ഫേസ്ബുക്ക് പോസ്‌റ്റിൻ്റെ പേരില്‍ വീണ്ടുമൊരന്വേഷണം തുടങ്ങാന്‍ ശ്രമിക്കാതെ ഈ പ്രസഹസനം ഇവിടെ അവസാനിപ്പിക്കണം. അഡീഷണല്‍ ചീഫ് സെക്രട്ടറി ജയതിലകിനും മാതൃഭൂമി ദിനപത്രത്തിനും ഐഎഎസ് ഉദ്യോഗസ്ഥനായ ഗോപാലകൃഷ്‌ണനുമെതിരെ ക്രിമനല്‍ ഗൂഢാലോചന, വ്യാജരേഖ സൃഷ്ടിക്കല്‍, സര്‍ക്കാര്‍ രേഖയില്‍ കൃത്രിമം കാണിക്കല്‍ ഉള്‍പ്പെടെയുള്ള കുറ്റകൃത്യങ്ങള്‍ക്ക് കേസെടുക്കണം. ചട്ടങ്ങളും നിയമങ്ങളും സര്‍ക്കാരിന് ബാധകമാണ്. അതിനു വിരുദ്ധമായി പ്രവര്‍ത്തിച്ചിട്ട് 'ന്നാ താന്‍ പോയി കേസുകൊട്' എന്നു പറയുന്നത് നീതിയുക്‌തമായ ഭരണ സംവിധാനത്തിന് ഭൂഷണമല്ല.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക
താനിതുവരെ സര്‍ക്കാരിനെതിരെ ഒരു കേസും കൊടുത്തിട്ടില്ല. അതിന് ദയവായി സാഹചര്യം ഒരുക്കരുത്. ഇവയൊന്നും പരിഹരിക്കാതെ തൻ്റെ സസ്‌പെന്‍ഷന്‍ തിരക്കിട്ട് പിന്‍വലിക്കണമെന്ന് യാതൊരൂ നിര്‍ബന്ധവും ഇല്ലെന്നും സര്‍ക്കാര്‍ സംവിധാനങ്ങള്‍ക്ക് പുറത്ത് ശ്വാസം മുട്ടാന്‍ താന്‍ ഗോപാലകൃഷ്‌ണനല്ലെന്നും നടന്‍ മോഹന്‍ലാലിൻ്റെ ചിത്രം പങ്കുവെച്ചുള്ള കുറിപ്പില്‍ പ്രശാന്ത് വ്യക്തമാക്കുന്നു.
കഴിഞ്ഞ ദിവസം ചീഫ് സെക്രട്ടറിക്കെതിരെയും പ്രശാന്ത് ഫേസ്ബുക്കിലൂടെ രംഗത്തു വന്നിരുന്നു. തൻ്റെ ഹിയറിങ് വെബ് കാമറയിലൂടെ ചിത്രീകരിക്കണം എന്ന ആവശ്യം തള്ളിയതിനായിരുന്നു വിമര്‍ശനം. ചിഫ് സെക്രട്ടറി(സിഎസ്) സുപ്രീംകോടതി(എസ്‌സി)യെക്കാള്‍ പവര്‍ ആണെന്നായിരുന്നു പ്രശാന്തിൻ്റെ പരിഹാസം. ഇത് വിചിത്രമായ ആവശ്യമാണെന്ന് ചില മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തുവെന്നാരോപിച്ച പ്രശാന്ത് മാധ്യമങ്ങള്‍ക്കു വേണ്ടി ഹൈക്കോടതിയിലെ വെബ് സ്ട്രീമിങ് വീഡിയോയും ഫേസ് ബുക്കില്‍ പങ്കുവച്ചു.