തിരുവനന്തപുരം: ദേശീയപാത 66 പലയിടത്തും തകര്‍ന്നു വീണ സംഭവത്തില്‍ ദേശീയപാത നിര്‍മിക്കുന്ന കമ്പനികള്‍ ബിജെപിക്ക് പണം കൊടുത്തുവെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദന്‍. കരാര്‍ കമ്പനികളില്‍ പലതും ഇലക്‌ടോറല്‍ ബോണ്ട് കൊടുത്ത കമ്പനികളാണ്. 980 കോടി രൂപ ഒറ്റക്കമ്പനിയില്‍ നിന്ന് വാങ്ങിയതായി സിഎജിയും കണ്ടെത്തിയിരുന്നു.
ഇടതുപക്ഷ സര്‍ക്കാര്‍ ഇല്ലായിരുന്നുവെങ്കില്‍ ദേശീയപാത 66 ഇല്ലെന്നും തിരുവനന്തപുരത്ത് നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ എം വി ഗോവിന്ദന്‍ പറഞ്ഞു. നിര്‍മാണത്തില്‍ എവിടെയാണ് കോട്ടമുണ്ടായതെന്ന് പരിശോധിക്കണം. നിര്‍മാണ കമ്പനികളുടെ സുതാര്യത പരിശോധിക്കണം. ശരിയായ രീതിയിലുള്ള പരിശോധനയും ആവശ്യമായ നിലപാടുകളും സ്വീകരിക്കണം. മെറിറ്റിനെ പറ്റിയുള്ള ചോദ്യങ്ങള്‍ ഇപ്പോള്‍ അവസാനിച്ചു. കരിമ്പട്ടികയില്‍പ്പെടുത്തേണ്ട കമ്പനികളെയെല്ലാം കരിമ്പട്ടികയില്‍പ്പെടുത്തണം.
റോഡ് പൊളിഞ്ഞപ്പോള്‍ യുഡിഎഫിനും ബിജെപിക്കും ആഹ്ളാദമാണ്. കേന്ദ്ര സര്‍ക്കാര്‍ കൃത്യമായ നിലപാട് സ്വീകരിച്ചപ്പോള്‍ ഇവര്‍ക്കെല്ലാം മിണ്ടാട്ടമില്ലാതായി. പുതിയ വിവാദങ്ങളുണ്ടാക്കാന്‍ വേണ്ടി അവര്‍ പലതും പറയുന്നു. സര്‍ക്കാറിൻ്റെ 9-ാം വാര്‍ഷികം ജനങ്ങള്‍ ഏറ്റെടുത്തു. മന്ത്രിസഭയിലെ അംഗങ്ങളും വകുപ്പുകളും തമ്മില്‍ പ്രശ്‌നമാണെന്ന പ്രചരണവും അസംബന്ധമാണ്. അങ്ങനെയൊരു പ്രശ്‌നവും ഇടതുപക്ഷത്തില്‍ ഇല്ല. വകുപ്പുകള്‍ തമ്മില്‍ കൃത്യമായ ഏകോപനമുണ്ടായപ്പോഴാണ് വികസന പ്രവര്‍ത്തനങ്ങള്‍ യാഥാര്‍ഥ്യമായതെന്നും എം വി ഗോവിന്ദന്‍ പറഞ്ഞു.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക
പ്രതിപക്ഷത്തിൻ്റെ മാര്‍ക്ക് സര്‍ക്കാറിന് വേണ്ട, സര്‍ക്കാറിന് 90 മാര്‍ക്ക്
വികസനത്തില്‍ സര്‍ക്കാറിന് മാര്‍ക്കില്ലെന്ന് പറഞ്ഞ പ്രതിപക്ഷ നേതാക്കളുടെ വിമര്‍ശനത്തിന് മറുപടിയുമായി സിപിഎം സംസ്ഥാന സെക്രട്ടറി. ക്രിയാത്മകമായ സമരമൊന്നും പ്രതിപക്ഷത്തിൻ്റെ ഭാഗത്തു നിന്നുമുണ്ടായിട്ടില്ലെന്നും അദ്ദേഹം വിമര്‍ശിച്ചു. വികസന പ്രവര്‍ത്തനങ്ങള്‍ തടയുന്നത് മാത്രമാണ് പ്രതിപക്ഷത്തിൻ്റെ ഭാഗത്തു നിന്നുമുണ്ടായത്.
രാഷ്ട്രീയ ഉള്ളടക്കത്തോടെയാണ് പ്രതിപക്ഷ സമരമെല്ലാം. സര്‍ക്കാറിന് 90 മാര്‍ക്കാണു നൽകേണ്ടത്. പ്രതിപക്ഷത്തിന് പാസ് മാര്‍ക്ക് പോലുമില്ലെന്ന് ഉറപ്പാണ്. കുഴപ്പങ്ങളെല്ലാം പ്രതിപക്ഷ നേതാക്കള്‍ തമ്മിലാണ്. ലോകത്തെ ജനാധിപത്യ സമൂഹത്തില്‍ എല്ലാ വികസന പ്രവര്‍ത്തനങ്ങളെയും എതിര്‍ത്ത ഒരു പ്രതിപക്ഷമാണ് ഇവിടെയുള്ളതെന്നും എംവി ഗോവിന്ദന്‍ പറഞ്ഞു.