മലപ്പുറം: ചുവരുകള്‍ക്ക് ചായം തേക്കുന്നതിനിടയിൽ നെയ്‌തെടുത്ത നിറമുള്ള സ്വപ്‌നങ്ങളാണ്. ഒരുപാട് യാത്രകള്‍ ചെയ്യണം, മനുഷ്യരെ അറിയണം, നാഗാലാന്‍റിലെ ഹോണ്‍ബിൽ ഫെസ്‌റ്റ് ഉള്‍പ്പെടെ ഉള്ളിൽ ആശിച്ച കാഴ്‌ചകളെല്ലാം നേരിട്ട് കാണണം. മലപ്പുറം കാളികാവിലിരുന്ന് പെയ്‌ന്‍റിങ് തൊഴിലാളിയായ മുരളികൃഷ്‌ണൻ ഈ സ്വപ്‌നങ്ങള്‍ കാണുമ്പോള്‍ കാര്യമായ നീക്കിയിരിപ്പുകളൊന്നും ഉണ്ടായിരുന്നില്ല.
എന്നാൽ തുച്ഛമായ വരുമാനത്തിൽ നിന്നും സ്വരുക്കൂട്ടി മുരളികൃഷ്‌ണന്‍ ഇതുവരെ യാത്ര ചെയ്‌തത് 10 സംസ്ഥാനങ്ങളിലൂടെയാണ്. ഇന്ത്യയുടെ അയൽ രാജ്യങ്ങളായ ഭൂട്ടാൻ, നേപ്പാൾ, മ്യാൻമാർ, ബംഗ്ലാദേശ് ബോർഡറുകളും സന്ദർശിച്ചു. മുമ്പ് ഏഴോളം വിദേശരാജ്യങ്ങളിൽ യാത്ര നടത്തിയ മുരളിയുടെ പതിനഞ്ചാമത്തെ യാത്രയായിരുന്നു ഇന്ത്യയിലെ വടക്ക് കിഴക്കൻ സംസ്ഥാനങ്ങളിലൂടെയുള്ള യാത്ര.
10 ഓളം സംസ്ഥാനങ്ങളിലൂടെയുള്ള ഈ സാഹസിക യാത്രയിൽ കൂട്ടായുണ്ടായിരുന്നതോ, 14 വർഷത്തോളം പഴക്കമുള്ള മുരളികൃഷ്‌ണന്‍റെ ബൈക്കും. 14,000 കിലോമീറ്റർ ആണ് ഈ ബൈക്കിൽ മുരളികൃഷ്‌ണന്‍ താണ്ടിയത്. പെയിന്‍റിങ് ജോലി ചെയ്‌ത് സമ്പാദിച്ച പണം ഉപയോഗിച്ചാണ് അദ്ദേഹം യാത്ര ചെയ്‌തത്. തമിഴ്‌നാട്, ആന്ധ്രാപ്രദേശ്, ഒഡീഷ, പശ്ചിമ ബംഗാൾ, നാഗാലാൻഡ്, അരുണാചൽ പ്രദേശ്, മേഘാലയ, സിക്കിം തുടങ്ങിയ സംസ്ഥാനങ്ങളിലൂടെയെല്ലാം യുവാവ് ബൈക്കിൽ സഞ്ചരിച്ചു.
യാത്രയെക്കുറിച്ച് സംസാരിച്ച് ഇകെ മുരളികൃഷ്‌ണൻ: 'യാത്രയെ വളരെ ഇഷ്‌ടപ്പടുന്നയാളാണ് ഞാൻ. നാഗാലാന്‍റിലെ ഹോൺബിൽ ഫെസ്‌റ്റിവൽ നേരിട്ട് കാണണമെന്നത് എന്‍റെ വളരെ വലിയൊരു ആഗ്രഹമാണ്' എന്ന് ഇകെ മുരളിധരൻ പറഞ്ഞു. നാഗാലാന്‍റിൽ വാഹനസൗകര്യം വളരെ കുറവായിരിക്കും അതിനാലാണ് ബൈക്ക് എടുത്തത്. സ്വന്തമായി ബൈക്കുണ്ടെങ്കിൽ എവിടെയും സഞ്ചരിക്കുന്നതിന് ബുദ്ധിമുട്ടുണ്ടാകില്ലെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.
നാല് മാസത്തോളം നീണ്ടുനിന്ന യാത്രയിൽ നാഗാലാൻഡിൽ എത്താൻ മാത്രം 12 ദിവസമെടുത്തെന്ന് മുരളികൃഷ്‌ണൻ പറഞ്ഞു. തമിഴ്‌നാട്, ആന്ധ്രാപ്രദേശ്, ഒഡീഷ, വെസ്‌റ്റ് ബംഗാൾ, അസം എന്നീ സംസ്ഥാനങ്ങൾ കടന്നാണ് നാഗാലാന്‍റിലെത്തിയത്. ഹോൺബിൽ ഫെസ്‌റ്റിവലിൽ ഒരു നാല് ദിവസം അവിടെയുണ്ടായിരുന്നു.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക
ഹോൺബിൽ ഫെസ്‌റ്റിവലിന് ശേഷം അരുണാചൽ, മേഘാലയ, സിക്കിം അങ്ങനെ പല സംസ്ഥാനങ്ങളും സന്ദർശിച്ചുവെന്ന് അദ്ദേഹം പറഞ്ഞു. നാല് മാസമാണ് താൻ യാത്ര ചെയ്‌തത്. 14,000 കിലോമീറ്റർ സഞ്ചരിച്ചുവെന്ന് അദ്ദേഹം അറിയിച്ചു. യാത്ര ചെയ്‌തുവരുന്ന ആളുകളെ വളരെയേറെ ഇഷ്‌ടപ്പെടുന്ന ആളുകളാണ് നോർത്ത് ഈസ്‌റ്റിലുള്ളതെന്ന് അദ്ദേഹം പറഞ്ഞു. യാത്രയിലുടനീളം നല്ല അനുഭവമാണ് ഉണ്ടായതെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.
യാത്ര വളരെ സുഖകരമായിരുന്നു. എല്ലാ സംസ്ഥാനങ്ങളിലെയും ജനങ്ങൾ നല്ല രീതിയിലാണ് പെരുമാറിയതെന്ന് മുരളികൃഷ്‌ണൻ പറഞ്ഞു. കേരളത്തിൽ നിന്നാണ് വരുന്നതെന്ന് പറയുമ്പോൾ കൂടുതൽ സ്‌നേഹം കാണിച്ചതായി അദ്ദേഹം പറയുന്നു. രാത്രിയിൽ ടെന്‍റ് കെട്ടിയായിരുന്നു താമസം.
ഇനിയും ഒരുപാട് യാത്ര ചെയ്യണമെന്നതാണ് തന്‍റെ ആഗ്രഹമെന്ന് അദ്ദേഹം പറഞ്ഞു. ഇന്ത്യ മുഴുവൻ കണ്ടു തീർക്കാൻ വർഷങ്ങൾ വേണ്ടിവരുമെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. മാത്രമല്ല, യാത്രാമദ്ധ്യേ ചെറിയ രീതിയിൽ ദുരനുഭവങ്ങൾ ഉണ്ടായിട്ടുണ്ടെന്നും അദ്ദേഹം അറിയിച്ചു. സാമ്പത്തികമായി പിന്നോക്കം നിൽക്കുന്നവർക്ക് പോലും അവരുടെ സ്വപ്‌നങ്ങൾ സാക്ഷാത്കരിക്കാൻ സാധിക്കുമെന്നതിന് ഒരു ഉത്തമ ഉദാഹരണമാണ് ഈ യുവാവിൻ്റെ യാത്ര.