എറണാകുളം: മുനമ്പം ഭൂമി പ്രശ്‌നത്തിൽ നിരാശ പ്രകടിപ്പിച്ച് സിറോ മലബാർസഭ. മുനമ്പത്തെ ജനങ്ങൾ നിയമ പോരാട്ടം തുടരേണ്ടിവരുമെന്ന കേന്ദ്ര മന്ത്രി റിജിജുവിൻ്റെ പ്രസ്‌താവനയാണ് സഭയുടെ ആശങ്കയ്ക്ക് കാരണം.
മുനമ്പത്തെ വഖഫ് ഭൂമി പ്രശ്‌നം പരിഹരിക്കാത്തതിൽ ആശങ്കയുണ്ടെന്ന് സഭാ വക്താവ് ഫാ. ആൻ്റണി വടക്കേകര പറഞ്ഞു. രാഷ്ട്രീയ പാർട്ടികൾ ജനങ്ങളെ തെറ്റിദ്ധരിപ്പിച്ചിട്ടുണ്ട്. അത്തരം തെറ്റിദ്ധാരണയുടെ പേരിലാകാം ചില പാർട്ടികൾക്ക് അനുകൂലമായ പ്രതികരണം ഉണ്ടായതും ചിലർക്കെതിരെ വൈകാരികമായി പ്രതികരിച്ചതെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
രാഷ്ട്രീയ പാർട്ടികൾക്ക് ഏത് വിഷയത്തിലും രാഷ്ട്രീയ ലക്ഷ്യങ്ങൾ ഉണ്ടാകാം. ഇക്കാര്യത്തിൽ ഞങ്ങൾ രാഷ്ട്രീയം കാണുന്നില്ല. വഖഫ് നിയമ ഭേദഗതി ജനങ്ങൾക്ക് പ്രത്യാശ നൽകുന്നതാണ്. എന്നാൽ മുനമ്പം ഭൂമി പ്രശ്‌നത്തിൽ പരിഹാരം ഉണ്ടാകാത്തതിൽ ആശങ്കയുണ്ട്. നിയമ ഭേദഗതിക്ക് മുൻകാല പ്രാബല്യം ഉണ്ടാകേണ്ടതായിരുന്നു. അതായിരുന്നു ഞങ്ങളുടെ ആവശ്യം. നിലവിലെ ഭേദഗതി കൊണ്ടു മാത്രം മുനമ്പം പ്രശ്‌നം പരിഹരിക്കപ്പെടില്ല എന്നാണ് മനസിലാക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക
സംസ്ഥാന ഗവൺമെൻ്റും ക്രിയാത്മകമായി പ്രശ്‌നത്തില്‍ ഇടപെടണം. വഖഫ് ട്രൈബ്യൂണലിൻമേൽ സംസ്ഥാന സർക്കാരിനുള്ള അധികാരം ഉപയോഗിക്കണമെന്നും സഭാ വക്താവ് ആവശ്യപ്പെട്ടു.
സർക്കാർ സ്പോൺസേർഡ് കൊലപാതകങ്ങളാണ് നടക്കുന്നതെന്നു പറഞ്ഞ് വന്യജീവി ആക്രമണത്തെയും സിറോ മലബാർ സഭ കുറ്റപ്പെടുത്തി.
സംസ്ഥാന വനം വകുപ്പാണോ സർക്കാർ ഭരിക്കുന്നത് ? വനം മന്ത്രി വന്ന് നഷ്ടപരിഹാരം കൊടുത്ത് മടങ്ങിയാൽ പോര. മലയോര മേഖലയിലെ ജനങ്ങളുടെ സംരക്ഷണത്തിന് ഒരു നടപടിയും ഉണ്ടാകുന്നില്ല. വനം മന്ത്രിയുടേത് അക്ഷന്തവ്യമായ നിഷ്ക്രിയത്വമാണ്. വനം മന്ത്രിക്ക് ഭരിക്കാൻ അറിയില്ലെങ്കിൽ രാജിവയ്ക്കണമെന്നും സഭാ വക്താവ് ആവശ്യപ്പെട്ടു.