തിരുവനന്തപുരം: നിര്‍മാണത്തിനിടെ തകര്‍ച്ച നേരിട്ട ദേശീയപാത 66 സമയ ബന്ധിതമായി പൂര്‍ത്തിയാക്കുമെന്ന് കേന്ദ്ര മന്ത്രിയില്‍ നിന്ന് ഉറപ്പു ലഭിച്ചതായി പൊതുമരാമത്തു മന്ത്രി പി.എ. മുഹമ്മദ് റിയാസ് അറിയിച്ചു. മുഖ്യമന്ത്രി പിണറായി വിജയന്‍റെ നേതൃത്വത്തില്‍ കേന്ദ്ര ഉപരിതല ഗതാഗത മന്ത്രി നിതിന്‍ ഗഡ്‌കരിയുമായി നടത്തിയ കൂടിക്കാഴ്ചയ്ക്കു ശേഷം മാധ്യമങ്ങളോടു സംസാരിക്കുകയായിരുന്നു മന്ത്രി.
ദേശീയ പാത തകര്‍ന്നു വീണ കൂരിയാട്ട് 360 മീറ്ററില്‍ വയഡക്ട് നിര്‍മിക്കാമെന്ന് കേന്ദ്രം ഉറപ്പു നല്‍കി. പാതയുടെ തകര്‍ച്ചയ്ക്ക് ഉ ത്തരവാദികളായ ഉദ്യോഗസ്ഥരെ ദേശീയ പാത അതോറിട്ടി സസ്‌പെന്‍ഡ് ചെയ്യുകയും കരാറുകാരെ തുടര്‍ പ്രവര്‍ത്തനങ്ങളില്‍ നിന്ന് വിലക്കുകയും ചെയ്തു. 2025 ഡിസംബറില്‍ ദേശീയ പാത 66 ന്‍റെ നിര്‍മ്മാണം പൂര്‍ത്തിയാക്കാന്‍ കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് നിതിന്‍ ഗഡ്കരി ചര്‍ച്ചയില്‍ വ്യക്തമാക്കി.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക
പദ്ധതി 2026 പുതുവത്സര സമ്മാനമായി നാടിനു സമര്‍പ്പിക്കാനാകും എന്നാണ് കേന്ദ്ര സര്‍ക്കാര്‍ പറഞ്ഞിട്ടുള്ളത്. ചില റീച്ചുകളില്‍ ചില പ്രശ്‌നങ്ങളുണ്ടെങ്കിലും പൊതുവില്‍ നല്ല പുരോഗതിയാണ് നിര്‍മ്മാണത്തിനുള്ളത്. നിര്‍മ്മാണവുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങള്‍ പരിഹരിച്ച് സമയ ബന്ധിതമായി പദ്ധതി പൂര്‍ത്തിയാക്കണമെന്ന് കേന്ദ്രത്തോട് ആവശ്യപ്പെട്ടിട്ടുണ്ട്. തിരുവനന്തപുരം ഔട്ടര്‍ റിങ് റോഡ് നിര്‍മ്മാണ ഉത്തരവ് ജൂലൈയില്‍ ഇറക്കാമെന്ന ഉത്തരവു ലഭിച്ചു.
പാലക്കാട്-മലപ്പുറം-കോഴിക്കോട് ദേശീയപാത 966 തിരക്കു കണക്കെടുത്തുള്ള പാലക്കാട്-കോഴിക്കോട് ഗ്രീന്‍ഫീല്‍ഡ് ഹൈവേയ്ക്ക് ജൂലൈ അവസാനത്തോടെ അംഗീകാരം നല്‍കാമെന്ന് കേന്ദ്രമന്ത്രി ഉറപ്പു നല്‍കി. കൊല്ലം-ചെങ്കോട്ട ഗ്രീന്‍ഫീല്‍ഡ് ദേശീയപാത 744 ന് പെത്ംബറില്‍ അനുമതി ലഭിക്കും. എറണാകുളം നഗരത്തിന്റെ ഗതാഗത കുരുക്ക് പരിഹരിക്കുന്നതിനുള്ള എറണാകുളം ബൈപാസിന് തത്വത്തില്‍ അംഗീകാരം ലഭിച്ചു. ആറുമാസത്തിനുള്ളില്‍ നടപടിക്രമങ്ങള്‍ പൂര്‍ത്തീകരിച്ച് നിര്‍മ്മാണ പ്രവര്‍ത്തനങ്ങളുമായി മുന്നോട്ടു പോകാനാകും.
എന്‍എച്ച് 66 ല്‍ നിന്ന് കണ്ണൂര്‍ എയര്‍പോര്‍ട്ടിലേക്ക് വേഗത്തിലെത്താനും രാമനാട്ടുകര നിന്ന് കോഴിക്കോട് എയര്‍പോര്‍ട്ടിലെത്താന്‍ അനുഭവിക്കുന്ന ബുദ്ധിമുട്ട് പരിഹരിക്കാന്‍ കേന്ദ്രം സഹായം നല്‍കാമെന്ന് ഗഡ്കകരി സമ്മതിച്ചു. ദേശീയപാതാ 66 ന് സ്ഥലമേറ്റെടുക്കലിന്റെ ഭാഗമായി സംസ്ഥാനം ചെലവഴിച്ച 5500 കോടി രൂപ കിഫ്ബി ഫണ്ടാണ്. ഇത് കടമെടുപ്പ് പരിധിയില്‍ നിന്ന് ഒഴിവാക്കണമെന്ന് കേന്ദ്രത്തോട് അഭ്യര്‍ഥിച്ചു. ഇതിനു പുറമേ സംസ്ഥാനം സമര്‍പ്പിച്ച പദ്ധതികള്‍ക്ക് എല്ലാം തത്വത്തില്‍ അംഗീകാരം ലഭിച്ചിട്ടുണ്ടെന്നും മന്ത്രി മുഹമ്മദ് റിയാസ് പറഞ്ഞു.