തിരുവനന്തപുരം: കൊച്ചി പുറംകടലില്‍ ചരക്ക് കപ്പല്‍ മുങ്ങിയ സംഭവത്തില്‍ 19-ാം ദിവസം പൊലീസ് കേസ്. ആലപ്പുഴ, നീര്‍ക്കുന്നം സ്വദേശി പി ശ്യാംജി നല്‍കിയ പരാതിയില്‍ എംഎസ്‌സി കപ്പല്‍ കമ്പനിയുടമയെ ഒന്നാം പ്രതിയാക്കി ഫോര്‍ട്ട് കൊച്ചി കോസ്‌റ്റല്‍ പൊലീസ് എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്‌തു. കേസില്‍ ഷിപ്പ് മാസ്‌റ്റര്‍ രണ്ടാം പ്രതിയാണ്.
സ്‌ഫോടക വസ്‌തുക്കളും മനുഷ്യ ജീവനും സ്വത്തിനും അപകടമുണ്ടാക്കും വിധമുള്ള ചരക്കുകളുമുണ്ടെന്ന് മനസിലാക്കിയിട്ടും അപകടകരമായും ഉദാസീനമായും ചരക്കു കപ്പലിനെ കൈകാര്യം ചെയ്‌തുവെന്ന് ചൂണ്ടിക്കാട്ടിയാണ് കേസെടുത്തിട്ടുള്ളത്. കപ്പലിലെ മറ്റു ക്രൂ അംഗങ്ങള്‍ മൂന്നാം പ്രതിയാണ്. ഭാരതീയ ന്യായ സംഹിതയിലെ 282, 285, 286, 287, 288, 3(5) എന്നീ വകുപ്പുകൾ പ്രകാരമാണ് കേസ്. ജാമ്യം ലഭിക്കുന്ന വകുപ്പുകളാണ് ചുമത്തിയിരിക്കുന്നത്.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക
സംഭവത്തില്‍ കേസെടുക്കേണ്ടെന്നും കമ്പനിക്ക് പിഴ ചുമത്തിയാല്‍ മതിയെന്നുമായിരുന്നു സംസ്ഥാന സര്‍ക്കാര്‍ നിലപാട്. കപ്പലിലെ കണ്ടെയ്‌നറുകളില്‍നിന്ന് വിനാശകാരികളായ പ്ലാസ്‌റ്റിക് അവശിഷ്‌ടങ്ങളും മറ്റ് ചരക്കുകളും കടലില്‍ വീണതോടെ പരമ്പരാഗത മത്സ്യബന്ധന മേഖലയെ പ്രതികൂലമായി ബാധിച്ചുവെന്നും മത്സ്യത്തൊഴിലാളികള്‍ക്ക് ലക്ഷകണക്കിന് രൂപയുടെ നാശനഷ്‌ടമുണ്ടാക്കിയെന്നും എഫ്ഐആറില്‍ വിശദീകരിക്കുന്നു. ഫോര്‍ട്ട് കൊച്ചി കോസ്‌റ്റല്‍ പൊലീസിലെ ഇന്‍സ്‌പെക്‌ടര്‍ ടി എസ് ശിവകുമാറിനാണ് അന്വേഷണ ചുമതല.


മെയ് 24 നായിരുന്നു കേരള തീരത്ത് നിന്നും 38 നോട്ടിക്കല്‍ മൈല്‍ അകലെ ലൈബീരിയന്‍ കപ്പലായ എംഎസ്‌സി എല്‍സ അറബിക്കടലില്‍ മുങ്ങിയത്. ക്യാപ്റ്റനുള്‍പ്പെടെ 24 ജീവനക്കാരെയും അപകടത്തിന് തൊട്ടു പിന്നാലെ രക്ഷപ്പെടുത്തിയിരുന്നു. കപ്പലില്‍ നിന്നുള്ള കണ്ടെയ്‌നറുകളും പ്ലാസ്‌റ്റിക് പെല്ലറ്റുകളും തെക്കന്‍ കേരളത്തിലെ തീരങ്ങളില്‍ തുടര്‍ച്ചയായി വന്നടിയുകയാണ്. കപ്പലപകടത്തെ സംസ്ഥാന ദുരന്തമായും സര്‍ക്കാര്‍ പ്രഖ്യാപിച്ചിരുന്നു.