കോഴിക്കോട്: ലഹരിക്ക് അടിമയായ മകനെ പൊലീസില്‍ ഏല്‍പ്പിച്ച് അമ്മ. കോഴിക്കോട് എലത്തൂർ സ്വദേശി രാഹുലിനെയാണ് അമ്മയുടെ പരാതിയിൽ പൊലീസ് അറസ്റ്റ് ചെയ്‌തത്. പോക്‌സോ കേസ് ഉള്‍പ്പെടെ നിരവധി കേസുകളില്‍ പ്രതിയാണ് രാഹുല്‍.
ഒൻപത് മാസത്തോളം ജയിലില്‍ കിടന്ന ശേഷം ജാമ്യത്തിലിറങ്ങി ഒളിവില്‍ നടക്കുകയായിരുന്നു. ലഹരിക്ക് അടിമയായ മകൻ വീട്ടിലുള്ളവരെ സ്ഥിരമായി ഭീഷണിപ്പെടുത്തുകയും സാധനങ്ങൾ നശിപ്പിക്കുകയും ചെയ്യുന്നതിൽ സഹികെട്ട് അമ്മ പൊലീസിനെ വിവരമറിയിക്കുകയായിരുന്നു.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക
അമ്മയെയും മുത്തശ്ശിയെയും വീട്ടിലെ സഹോദരിയുടെ കുഞ്ഞിനെ ഉള്‍പ്പെടെ കൊന്ന് ജയിലില്‍ പോകുമെന്നും മകൻ ഭീഷണിപ്പെടുത്തി. കൂടാതെ പൊലീസ് വന്നാൽ അമ്മക്കെതിരെ ആത്മഹത്യ കുറിപ്പ് എഴുതിവച്ച് ആത്മഹത്യ ചെയ്യുമെന്നും ഭീഷണി മുഴക്കി. ചോദിച്ച പണം കൊടുക്കാത്തതിനെ തുടർന്നായിരുന്നു കൊലവിളിയും ആത്മഹത്യ ഭീഷണിയും നടത്തിയതെന്നും അമ്മ നല്‍കിയ പരാതിയില്‍ പറയുന്നു.
പൊലീസ് എത്തിയപ്പോഴും രാഹുല്‍ ആത്മഹത്യാഭീഷണി മുഴക്കിയിരുന്നു. വീടിനകത്തും മകൻ പതിവായി ലഹരി മരുന്ന് ഉപയോഗിക്കാറുണ്ടെന്ന് അമ്മ പറയുന്നു. ലഹരിമുക്തി കേന്ദ്രത്തിലും മകനെ പ്രവേശിപ്പിച്ചിരുന്നു. ഒരു കുടുംബത്തിനും ഇങ്ങനെയൊരു ഗതി വരുത്തരുതെന്നും സഹിച്ചതിന് കണക്കില്ലെന്നും ഗതികെട്ടാണ് മകനെക്കുറിച്ച് പൊലീസിനെ വിവരം അറിയിച്ചതെന്നും അമ്മ പറഞ്ഞു.