പത്തനംതിട്ട: ഒമ്പതുവയസുകാരിയെ നിരന്തര ലൈംഗിക പീഡനത്തിന് ഇരയാക്കിയ സംഭവത്തിൽ അമ്മയും രണ്ടാനച്ഛനും അറസ്റ്റിൽ. കുട്ടിയെ തുടർച്ചയായി ലൈംഗിക പീഡനത്തിന് ഇരയാക്കിയതിന് രണ്ടാനച്ഛനെയും വിവരം നിയമപരമായി അറിയിക്കാതെ തുടർ പീഡനങ്ങൾക്ക് അവസരമൊരുക്കിയതിന് അമ്മയെയും ആറന്മുള പൊലീസ് അറസ്റ്റ് ചെയ്‌തു. 2023 സെപ്റ്റംബർ ഒന്ന് മുതൽ 2024 മേയ് 31 വരെ വാടക വീട്ടിൽ വച്ചാണ് കുട്ടി ലൈംഗിക പീഡനത്തിന് ഇരയായത്.
കുട്ടിയുടെ മൊഴിയുടെ അടിസ്ഥാനത്തിൽ ബലാത്സംഗത്തിനും പോക്സോ പ്രകാരവും ബാലനീതി നിയമം അനുസരിച്ചും ആറന്മുള പൊലീസ് കേസെടുത്തു. പൊലീസ് ഇൻസ്‌പെക്ടർ വിഎസ് പ്രവീണാണ് കേസ് രജിസ്റ്റർ ചെയ്‌തത്.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യു
കുട്ടിയുടെ അച്ഛൻ നേരത്തെ കുടുംബം ഉപേക്ഷിച്ചുപോയതാണ്. ഇപ്പോൾ കുട്ടിയും അമ്മയും ഇളയ സഹോദരനും രണ്ടാനച്ഛനോടൊപ്പം മറ്റൊരു സ്ഥലത്ത് താമസിച്ചു വരികയാണ്. അതിനിടെയാണ് അറസ്റ്റ്. പരാതിക്ക് പിന്നാലെ പെണ്‍കുട്ടിയെ വൈദ്യപരിശോധനക്ക് വിധേയമാക്കി. കോടതിയിൽ മൊഴി രേഖപ്പെടുത്തൽ ഉൾപ്പെടെയുള്ള നടപടികൾ കൈകൊണ്ട് ചൈൽഡ് വെൽഫയർ കമ്മിറ്റിക്ക് റിപ്പോർട്ട് നൽകി.
പ്രതികളെ പറ്റി നടത്തിയ അന്വേഷണത്തിൽ ഒന്നാം പ്രതിയെ കൊല്ലം നെടിയവിളയിൽ നിന്നും, രണ്ടാം പ്രതിയെ പരുത്തിമുക്കിൽ നിന്നും കസ്റ്റഡിയിലെടുത്തു. സ്റ്റേഷനിൽ എത്തിച്ച് വിശദമായി ഇരുവരെയും ചോദ്യം ചെയ്ത് കുറ്റസമ്മതമൊഴി രേഖപ്പെടുത്തി. പ്രതികളെ വൈദ്യപരിശോധനയ്ക്കും മറ്റു നടപടികൾക്കും ശേഷം കോടതിയിൽ ഹാജരാക്കി.