കോട്ടയം: കോട്ടയം ജില്ലയിലെ മുണ്ടക്കയം കോസ്‌വേയിലെ നാട്ടുകാരെ ഒന്നടങ്കം ഞെട്ടിച്ച സംഭവമായിരുന്നു വെള്ളിയാഴ്‌ച അരങ്ങേറിയത്. എന്താണ് സംഭവിക്കുന്നതെന്നറിയാതെ നാട്ടുകാര്‍ പകച്ചു നിന്നു. നിര്‍ത്താതെ ചീറി പാഞ്ഞ് സൈറണ്‍ മുഴക്കിയെത്തുന്ന ആംബുലന്‍സുകള്‍, പൊലീസും ഫയര്‍ഫോഴ്‌സും ദേശീയ ദുരന്ത നിവാരണ സേനാംഗങ്ങളും... എന്തോ സംഭവിച്ചുവെന്ന് ഉറപ്പിച്ച നിമിഷങ്ങള്‍. ശരിക്കും നാട്ടുകാര്‍ ഒന്നടങ്കം അമ്പരന്ന നിമിഷം...
വീടുകളിലേക്കും കെട്ടിടങ്ങളിലേക്കും കടമുറികളിലേക്കും ഇരച്ചു കയറി പൊലീസും ഫയര്‍ഫോഴ്‌സും ദുരന്ത നിവാരണ സേനയും പരിക്കേറ്റവരെ ഉടനടി പുറത്തെത്തിക്കുന്നു. ആംബുലന്‍സുകള്‍ ആശുപത്രികള്‍ ലക്ഷ്യമാക്കി കുതിക്കുന്നു. തളര്‍ന്നു പോയവരെ താങ്ങിയെടുത്ത് രക്ഷാപ്രവര്‍ത്തകര്‍ ആംബുലന്‍സുകളിലെത്തിക്കുന്നു. കണ്ടു നിന്നവര്‍ ഭീതിയോടെ കണ്ണുതള്ളി നിന്നു. ആര്‍ക്കും ഒന്നും മനസ്സിലായില്ല.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക
ഏതാണ്ട് ഇതേസമയം തന്നെ ഇതിനു സമാനമായ സംഭവങ്ങള്‍ അല്‍പ്പം അകലെ മീനച്ചില്‍ താലൂക്കിലെ വെള്ളികുളത്തും അരങ്ങേറി. രണ്ടിടത്തും രക്ഷാപ്രവര്‍ത്തകര്‍ കുതിച്ചെത്തുന്നതു കണ്ടാണ് നാട്ടുകാര്‍ എന്താണ് സംഭവമെന്ന് തിരക്കിയത്. പിന്നീടാണ് ദുരന്തസമാന സാഹചര്യം കൃത്രിമമായി ഒരുക്കി നടത്തിയ 'മോക്ഡ്രിൽ' ആണ് തങ്ങള്‍ കണ്ടതെന്ന് നാട്ടുകാര്‍ക്ക് മനസിലായത്.
പ്രതികൂല സാഹചര്യത്തെ ഒറ്റക്കെട്ടായി നേരിടാനുള്ള പരിശീലനം
ഏത് പ്രതികൂല സാഹചര്യവും നേരിടാൻ ജില്ല സജ്ജമാണെന്ന പ്രഖ്യാപനമായി മാറുകയായിരുന്നു കോട്ടയം ജില്ലയുടെ രണ്ട് ഭാഗങ്ങളില്‍ നടത്തിയ മോക് ഡ്രില്‍. ദേശീയ-സംസ്ഥാന-ജില്ലാ ദുരന്ത നിവാരണ അതോറിറ്റികൾ സംയുക്തമായി വിവിധ വകുപ്പുകളെ പങ്കെടുപ്പിച്ച് നടത്തിയ മോക് ഡ്രിൽ ദുരന്തങ്ങളുണ്ടായാൽ എങ്ങനെ നേരിടണമെന്ന പ്രായോഗിക അനുഭവങ്ങൾ പ്രദേശവാസികൾക്കും നൽകി.
ചുഴലിക്കാറ്റും അനുബന്ധമായി ഉണ്ടായേക്കാവുന്ന പ്രകൃതിക്ഷോഭങ്ങളും മുന്നിൽക്കണ്ടാണ് പരിപാടി നടത്തിയത്. കാഞ്ഞിരപ്പള്ളി താലൂക്കിലെ മുണ്ടക്കയം കോസ്‌വേയിൽ വെള്ളപ്പൊക്കമുണ്ടായാൽ നേരിടേണ്ട രീതിയും മീനച്ചിൽ താലൂക്കിലെ വെള്ളികുളത്ത് ഉരുൾപൊട്ടലുണ്ടായാൽ ചെയ്യേണ്ട കാര്യങ്ങളും മോക് ഡ്രില്ലിലൂടെ അവതരിപ്പിച്ചു.
ദുരന്തമുണ്ടായാൽ എങ്ങനെയാണോ നേരിടേണ്ടത് അതേപോലെ തന്നെയാണ് എല്ലാ കാര്യങ്ങളും ഒരുക്കിയത്. യഥാർഥ അപകടമെന്ന് യാത്രക്കാരിൽ ചിലർ തെറ്റിദ്ധരിച്ചെങ്കിലും മോക് ഡ്രില്ലിന്‍റെ ഭാഗമാണെന്നു തിരിച്ചറിഞ്ഞതോടെ അവരും കാഴ്‌ചക്കാരായിനിന്നു.
റവന്യൂ, ആരോഗ്യവകുപ്പ്, പൊലീസ്, ഫയർഫോഴ്‌സ്, പൊതുമരാമത്തുവകുപ്പു കെട്ടിട, റോഡ്‌സ് വിഭാഗങ്ങൾ, തദ്ദേശസ്ഥാപനങ്ങൾ തുടങ്ങി വിവിധ സർക്കാർ വകുപ്പുകൾ പ്രവർത്തനങ്ങൾ ഏകോപിപ്പിച്ചു. രണ്ടിടത്തും 25 വീതം വോളന്‍റിയർമാരെ മോക് ഡ്രില്ലിന്‍റെ ഭാഗമാക്കി. കാഞ്ഞിരപ്പള്ളി തഹസീൽദാർ കെ.എം. ജോസുകുട്ടി, മീനച്ചിൽ തഹസീൽദാർ ലിറ്റിമോൾ തോമസ് എന്നിവർ നേതൃത്വം നൽകി.
ജില്ലാ കലക്‌ടറേറ്റിലെ ജില്ലാ ദുരന്തനിവാരണ അതോറിറ്റി ഓഫിസിലൊരുക്കിയ വീഡിയോ കോൺഫറൻസിലൂടെ ജില്ലാ കലക്‌ടർ ജോൺ വി.സാമുവൽ, അഡീഷണൽ ജില്ലാ മജിസ്ട്രേറ്റ് എസ്. ശ്രീജിത്ത് എന്നിവരുടെ നേതൃത്വത്തിൽ നടപടികൾ വിലയിരുത്തി.