കാസർകോട്: പാല്‍ തിളപ്പിക്കുമ്പോൾ രൂക്ഷ ഗന്ധം... അതും ഓയിലിന്‍റെ മണവുമായി സാമ്യം. ജില്ലയിലെ കാഞ്ഞങ്ങാട് കഴിഞ്ഞ ദിവസം ഇത്തരത്തിൽ നിരവധി പരാതികളാണ് ഭക്ഷ്യ സുരക്ഷാ വകുപ്പിന് ലഭിച്ചത്.
ചൂട് കാലത്ത് പാലിൽ ഉണ്ടാകുന്ന പ്രശ്‌നങ്ങൾ ആണെന്നാണ് ഭക്ഷ്യ സുരക്ഷ ഉദ്യോഗസ്ഥർ കരുതിയത്. എന്നാൽ അന്വേഷണം നടത്തിയപ്പോൾ മിൽമയ്ക്ക് വീഴ്‌ച സംഭവിച്ചിട്ടുണ്ടെന്നാണ് ഭക്ഷ്യ സുരക്ഷ വകുപ്പിന്‍റെ പ്രാഥമിക കണ്ടെത്തൽ. സാമ്പിളുകൾ ശേഖരിച്ച് പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്.
പരിശോധന ഫലം ഒരാഴ്‌ചക്കുള്ളിൽ ലഭിക്കും എന്നാണ് പ്രതീക്ഷിക്കുന്നത്. കൂടാതെ മിൽമ ഡയറക്‌ടർക്ക് വിശദീകരണ നോട്ടിസും അയച്ചിട്ടുണ്ട്. നിരവധി സാമ്പിളുകൾ ശേഖരിച്ച് പരിശോധനയ്ക്ക് അയച്ചിട്ടുണ്ടെന്നും വളരെ ഗൗരവമായാണ് സംഭവത്തെ കാണുന്നതെന്നും കാസർകോട് ഭക്ഷ്യ സുരക്ഷാ അസി.കമ്മിഷണർ വിനോദ് ഇടിവി ഭാരതിനോട് പറഞ്ഞു.
മാവുങ്കാലിൽ പ്രവർത്തിക്കുന്ന കാസർകോട് ഡയറിയിൽ നിന്ന് നൽകിയ ഒരു ബാച്ച് പാലിലാണ് തിളപ്പിക്കുമ്പോൾ ഓയിൽ ഗന്ധം വരുന്നതായി പരാതി ഉയർന്നത്. പാല്‍ കുടിച്ചപ്പോൾ നിരവധി പേർക്ക് അസ്വസ്ഥത ഉണ്ടായി. ഇതേത്തുടര്‍ന്ന് തിങ്കളാഴ്‌ച മിൽമയുടെ കണ്ണൂരിലെ ലാബിൽ നടത്തിയ പരിശോധനയിൽ രൂക്ഷ ഗന്ധത്തിന്‍റെ കാരണം വ്യക്തമായില്ല.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക
അരലിറ്ററിന്‍റെ 40,000 പായ്ക്കറ്റുകളാണ് ഒരു ബാച്ചിൽ ഉണ്ടായിരുന്നത്. പരാതിയുടെ അടിസ്ഥാനത്തിൽ 18,000 പായ്ക്കറ്റ് മിൽമ തിരിച്ചെടുത്തിരുന്നു. അതേസമയം പാലിൽ നിന്നും രൂക്ഷഗന്ധം ഉയർന്നുവെന്ന പരാതിയിൽ വിശദമായ പരിശോധന നടക്കുന്നുണ്ടെന്ന് മിൽമ അറിയിച്ചു.
രൂക്ഷ ഗന്ധമുണ്ടെന്ന് സമ്മതിക്കുമ്പോഴും പാലിൽ ഒന്നും കലർന്നിട്ടില്ലെന്ന നിലപാടിലാണ് മിൽമ. അടുത്തിരിക്കുന്ന വസ്‌തുക്കളുടെ ഗന്ധം ആഗിരണം ചെയ്യാനുള്ള പാലിന്‍റെ കഴിവായിരിക്കാം ഓയിൽ സ്വഭാവമുള്ള ഗന്ധത്തിന് പിന്നിലെന്നാണ് മിൽമയുടെ പ്രാഥമിക നിഗമനം. ശാരീരികാസ്വാസ്ഥ്യം അനുഭവപ്പെട്ടെന്ന് പറഞ്ഞവരുടെ വീട്ടിൽ മിൽമ അധികൃതർ നേരിട്ടെത്തി പരിശോധന നടത്തിയിരുന്നു. അതേസമയം പരിശോധന നടക്കുന്നുണ്ടെന്നും കാരണം കണ്ടെത്താൻ കഴിഞ്ഞില്ലെന്നും കാസർകോട് മിൽമ ഡയറി മാനേജർ മാത്യു വർഗീസ് പറഞ്ഞു.
Also Read: ഗോലി സോഡ ഇനി 'അൽ ഗോലി സോഡ'; അറബ്, യൂറോപ്യന്‍ അന്താരാഷ്ട്ര വിപണികളിൽ തരംഗമാകുന്നു