കൊല്ലം : കേരളം സമ്പൂര്‍ണ മാലിന്യമുക്ത സംസ്ഥാനമായി മാറുന്നതിനു ഓരോ പൗരന്‍റെയും സമര്‍പിത മനോഭാവത്തോടെയുള്ള പ്രവര്‍ത്തനം അനിവാര്യമാണെന്ന് തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി എം ബി രാജേഷ്. കൊല്ലം കോര്‍പറേഷന്‍ കൗണ്‍സില്‍ ഹാളില്‍ സ്വച്ഛത ഹി സേവ 2024 ക്യാമ്പയിന്‍റെ സംസ്ഥാനതല ലോഞ്ചും മാലിന്യ നിക്ഷേപത്തിനെതിരെ പരാതി നല്‍കുവാനുള്ള പൊതു വാട്‌സ്‌ആപ്പ് നമ്പറിന്‍റെ പ്രഖ്യാപനവും നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം.
പൊതുസ്ഥലങ്ങളില്‍ മാലിന്യം കൂടികിടക്കുന്നത് തദ്ദേശ സ്ഥാപനങ്ങളുടെ ശ്രദ്ധയില്‍ വരുത്തുവാനും പൊതുസ്ഥലങ്ങളും ജലാശയങ്ങളും മലിനമാക്കുന്നവര്‍ക്ക് എതിരെ തെളിവുകള്‍ സഹിതം പരാതി നല്‍കുവാനും 9446700800 എന്ന വാട്‌സ്‌ആപ്പ് നമ്പര്‍ ജനങ്ങള്‍ക്ക് ഉപയോഗിക്കാം. പൊതു വാട്‌സ്‌ആപ്പ് നമ്പര്‍ എന്നത് ഒരു സോഷ്യല്‍ ഓഡിറ്റായി കൂടി പ്രവര്‍ത്തിക്കും. സംസ്ഥാനതല വാര്‍ റൂമില്‍ ലഭിക്കുന്ന പരാതികള്‍ തദ്ദേശ സ്ഥാപനങ്ങളിലേക്ക് നല്‍കുന്ന രീതിയാണ് പിന്തുടരുക.
രണ്ടു ഘട്ടമായി ക്രമീകരിച്ചിരിക്കുന്ന നടപടികളില്‍ ആദ്യം മലിനമായ ഇടം ശുചിയാക്കുകയും അതിനോടൊപ്പം രണ്ടാമതായി കുറ്റക്കാര്‍ക്ക് എതിരെ നടപടികള്‍ സ്വീകരിക്കലുമാണ്. മാലിന്യ മുക്തം നവകേരളം പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനം ഒക്ടോബര്‍ രണ്ടിന് കൊട്ടാരക്കരയില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍വഹിക്കും. ജനപങ്കാളിത്തം വര്‍ധിപ്പിച്ചു മാലിന്യമുക്ത കേരളം സൃഷ്‌ടിക്കുക എന്നതാണ് വിഭാവനം ചെയ്‌തിരിക്കുന്നത്.
ഇടിവി ഭാരത് കേരളം ഇനി വാട്‌സ്‌ആപ്പിലും
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
മേയര്‍ പ്രസന്ന ഏണസ്റ്റ് പരിപാടിയുടെ അധ്യക്ഷത വഹിച്ചു. ഡെപ്യൂട്ടി മേയര്‍ കൊല്ലം മധു, എല്‍എസ്‌ജിഡി സ്‌പെഷ്യല്‍ സെക്രട്ടറി അനുപമ, കോര്‍പ്പറേഷന്‍ സെക്രട്ടറി ആര്‍എസ് അനു, കൗണ്‍സിലര്‍മാര്‍, ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
Also Read: ഇനി മാലിന്യം വലിച്ചെറിഞ്ഞാല്‍ പിടി വീഴും; ക്ലീൻ ആൻ്റ് ഗ്രീൻ പദ്ധതിയുമായി കൊയിലാണ്ടി നഗരസഭ