കണ്ണൂർ: ചെണ്ടുമല്ലി കൃഷിയിലൂടെ ക്ഷേത്രാങ്കണത്ത് വർണവിസ്‌മയം സൃഷ്‌ടിക്കുകയാണ് വിന്‍റേജ് മാണിയാട്ട് എന്ന കൂട്ടായ്‌മ. ഓണത്തിന് മുന്നോടിയായാണ് ഈ 15 അംഗ കൂട്ടായ്‌മ പ്രദേശത്ത് ചെണ്ടുമല്ലി കൃഷി ചെയ്‌തത്. വിന്‍റേജ് ചിത്രങ്ങളുടെ ശേഖരം പോലെ മനോഹരമായാണ് ചെണ്ടുമല്ലി പൂന്തോട്ടം ഒരുക്കിയിരിക്കുന്നത്. എവിടെയോ കേട്ടുമറന്ന സുന്ദരമായ കവിതയുടെ പ്രതീതിയാണ് ഇവിടെയെത്തുന്ന സന്ദർശകർക്ക് അനുഭവപ്പെടുക.
വിവിധ നിറത്തിലുള്ള പൂക്കൾ ഒരേ തോട്ടത്തിൽ വിരിഞ്ഞത് ഒരു ചിത്രകാരൻ തന്‍റെ ക്യാൻവാസിൽ പല വർണങ്ങൾ സമന്വയിപ്പിച്ച പ്രതീതി ജനിപ്പിക്കുന്നു. പാറിപ്പറക്കുന്ന ചിത്രശലഭങ്ങൾ പൂക്കളുടെ തേൻ നുകരാൻ വരുന്നതും കാഴ്‌ച്ചക്കാർക്ക് നയന മനോഹരമായ വിരുന്നായി മാറുന്നുണ്ട്.
ഇടിവി ഭാരത് കേരളം ഇനി വാട്‌സ്‌ആപ്പിലും
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
നാടൻ പൂക്കളുടെ ദൗർലഭ്യം ഓണപ്പൂക്കളത്തിന് വലിയ വെല്ലുവിളി ഉയർത്തുന്ന സാഹചര്യത്തിൽ പൂക്കൾക്കായി അന്യസംസ്ഥാനത്തെ പൂക്കച്ചവടക്കാരെ ആശ്രയിക്കേണ്ട സ്ഥിതിയാണ് നിലവിൽ. മാത്രമല്ല സീസൺ മുതലാക്കി വലിയ തുകയും നൽകേണ്ടി വരുന്നു. നാട്ടുകാർക്ക് പൂക്കളത്തിൽ കൈ പൊള്ളാതെ ഓണം സമൃദ്ധമായി ആഘോഷിക്കുന്നതിനായാണ് ഈ വർഷം വിൻ്റേജ് മാണിയാട്ടിന്‍റെ ആഭിമുഖ്യത്തിൽ ചെണ്ടുമല്ലി കൃഷി ആരംഭിച്ചത്.
വളരെ ശാസ്ത്രീയമായ രീതിയിലാണ് കൃഷി. പരീക്ഷണാടിസ്ഥനത്തിൽ തുടങ്ങിയ ചെണ്ടുമല്ലി കൃഷി ശക്തമായ മഴയുടെ വെള്ളക്കെട്ടിൽ നശിച്ചു പോകുമെന്ന ഘട്ടത്തെ അതിജീവിച്ച് പൂക്കളുടെ വസന്തം സൃഷ്‌ടിച്ചിരിക്കുകയാണ് ശ്രീ മുച്ചിലോട്ട് ഭഗവതി ക്ഷേത്രം തിരുമുറ്റത്ത്. ഇത്തരം കൂട്ടായ്‌മകളിലൂടെ കാർഷിക സ്വയം പര്യാപ്‌തതയുടെ ഗുണപാഠങ്ങൾ സമൂഹത്തിന് പകർന്ന് നൽകുവാനും സാധിക്കുന്നു.
Also Read:വർഷത്തിൽ 365 ദിവസവും ഇവിടെ പൂക്കളമൊരുങ്ങും; പാരമ്പര്യത്തെ പിന്തുടർന്ന് ആയഞ്ചേരി കോവിലകം