കണ്ണൂർ: "അഞ്ച് ദിവസമായി കുടുങ്ങിക്കിടക്കുന്നു... ഭക്ഷണം കഴിച്ചിട്ടില്ല... ഞങ്ങളെ രക്ഷിക്കണം". കരീബിയൻ കടലിനെ പസഫിക് സമുദ്രവുമായി ബന്ധിപ്പിക്കുന്ന പനാമ കടലിടുക്കിൽ അകപ്പെട്ട മത്സ്യബന്ധന ബോട്ടിൽ നിന്ന് സിംഗപ്പൂർ ആസ്ഥാനമായുള്ള മെർസക്ക് യൂക്കോൺ ചരക്കു കപ്പലിലെ ക്യാപ്‌റ്റന് ലഭിച്ച സന്ദേശമാണിത്.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക
കടൽക്കൊള്ളക്കാരുടെ ഭീഷണി ഉള്ളതിനാൽ അതീവ ജാഗ്രതയോടെ കടന്നുപോകേണ്ട സമുദ്രപാതയിൽ ഒരു ചെറുബോട്ട് കാണുന്നു. പനാമ തീരത്ത് നിന്ന് 500 നോട്ടിക്കൽ മൈൽ അകലെ (926 km) വച്ചാണ് റഡാറിലൂടെ ഒരു ബോട്ട് കണ്ണൂർ സ്വദേശി ക്യാപ്റ്റൻ സബ്‌നേഷിൻ്റെയും സഹപ്രവർത്തകരുടെയും ശ്രദ്ധയിൽപെടുന്നത്.

കടൽക്കൊള്ളക്കാരുടെ ഭീഷണി ഉള്ളതിനാൽ ശ്രദ്ധ കൊടുക്കാതെ പോകാനായിരുന്നു ആദ്യ തീരുമാനം. എന്നാൽ മലയാളിയായ ക്യാപ്‌റ്റൻ സബ്‌നേഷിനും സഹപ്രവർത്തകർക്കും അവരെ അങ്ങനെ ഉപേക്ഷിക്കാൻ തോന്നിയില്ല. സാധാരണ ഇത്തരം സംഭവങ്ങള്‍ ശ്രദ്ധയിൽപ്പെട്ടാൽ വിവരം കോസ്റ്റ് ഗാർഡിനെ അറിയിച്ചാൽ മാത്രം മതി.

എന്നാൽ ക്യാപ്‌റ്റൻ ബോട്ടിലുള്ളവരുമായി ബന്ധപ്പെട്ടു. അപ്പോഴാണ് എഞ്ചിൻ തകരാറിലായ മത്സ്യബന്ധന ബോട്ടാണ് അതെന്നും മത്സ്യബന്ധന തൊഴിലാളികളുടെ ജീവൻ അപകടത്തിലാണെന്നും മനസിലാകുന്നത്. അവരെ അങ്ങനെ ഉപേക്ഷിച്ച് പോകാൻ ആയാള്‍ക്കോ സഹപ്രവർത്തകർക്കോ മനസുവന്നില്ല. വിവരം കോസ്റ്റ് ഗാർഡിനെ അറിയിച്ചു.

ശേഷം അധികൃതർ എത്തുന്നത് വരെ കാത്തു നിൽക്കാതെ തൊഴിലാളികളെ കപ്പലിൽ എത്തിച്ച് ആഹാരവും മരുന്നും നൽകി. അഞ്ച് ദിവസമായി നടുക്കടലിൽ കുടുങ്ങി കിടക്കുകയാണവർ. ഭക്ഷണം പോലും കഴിക്കാതെ പ്രതീക്ഷ മങ്ങി കുടുങ്ങിക്കിടക്കുമ്പോഴാണ് മെർസക്ക് യൂക്കോൺ കപ്പലിൻ്റെ വരവ്.
ദൈവം ചിലപ്പോള്‍ പല വേഷങ്ങളിൽ വരുമെന്ന് കേട്ടിട്ടുള്ളതുപോലെയാണ് കണ്ണൂർ സ്വദേശി ക്യാപ്റ്റൻ സബ്‌നേഷും പള്ളിക്കുന്ന് സ്വദേശി ഉപാസ രമേശും ഉള്‍പ്പെടെയുള്ള സംഘം മത്സ്യബന്ധന തൊഴിലാളികള്‍ക്ക് മുന്നിൽ പ്രത്യക്ഷപ്പെട്ടത്.

തൊഴിലാളികളെ സുരക്ഷിതമായി അധികൃതർക്ക് കൈമാറിയ ശേഷമാണ് കപ്പൽ ലക്ഷ്യ സ്ഥാനത്തേക്ക് യാത്ര തുടർന്നത്. 15 വർഷമായി കപ്പലിൽ ക്യാപ്‌റ്റനായി പ്രവർത്തിക്കുകയാണ് സബ്നേഷ്.
Also Read: 'കറുത്ത മുത്ത്' ശാരദ മുരളീധരന് പിന്തുണയേറുന്നു - KERALA CHIEF SECRETARY