കണ്ണൂര്‍: കൈനീട്ടം വാങ്ങലും പടക്കം പൊട്ടിക്കലുമൊക്കെ മലയാളികളുടെ വിഷു ആഘോഷത്തിന്‍റെ ഭാഗങ്ങളാണ്. എന്നാല്‍ വിഷുവിന്‍റെ ഏറ്റവും പ്രധാന ഭാഗം വിഷുക്കണി കാണലും കണി ഒരുക്കലുമാണ്. അതു കഴിഞ്ഞേ വരൂ മറ്റെന്തും.
കണിയൊരുക്കുന്നതിന് കേരളത്തിന്‍റെ വിവിധ ഭാഗങ്ങളില്‍ വ്യത്യസ്‌ത രീതികളാണ് പിന്തുടരുന്നത്. കണിവെക്കാന്‍ ആവശ്യമായ സാമഗ്രികളുടെ കാര്യത്തിലും നാടുകള്‍ തോറും ദേശ പരമായ വ്യത്യസ്‌തതയുണ്ട്. ഉണ്ണിയപ്പവും അടയും വടക്കേ മലബാറുകാരുടെ വിഷുക്കണിയുടെ ഒരു പ്രധാന ഘടകമാണ്.
ഉണ്ണിയപ്പവും അടയുമില്ലാത്ത വിഷുക്കണി സങ്കല്‍പ്പിക്കാന്‍ പോലും കഴിയാത്ത ഒരു കാലമുണ്ടായിരുന്നു വടക്കേ മലബാറുകാര്‍ക്ക്. എന്നാലിന്ന് ഈ പതിവ് പതുക്കെ മായുകയാണ്. വളരെ ചുരുക്കം വീടുകളില്‍ മാത്രമാണ് വിഷുക്കണി വെക്കാന്‍ അപ്പം തയ്യാറാക്കുന്ന പതിവ് ഇക്കാലത്തും തുടരുന്നത്.
സങ്കല്‍പ്പം ഇങ്ങിനെ:
വടക്കേ മലബാറില്‍ ഓണത്തിന്‍റെ അതേ പ്രാധാന്യമാണ് വിഷുവിനും കല്‍പ്പിച്ചു പോന്നത്. പ്രപഞ്ചത്തിന്‍റെ പ്രതീകമായുള്ള ഓട്ടുരുളിയും കണിവെക്കാനുള്ള ധാന്യങ്ങളും പച്ചക്കറിയുമൊക്കെ പ്രധാനം തന്നെ. ഒപ്പം തന്നെ ഇഷ്‌ടഭക്ഷണങ്ങളും കണിയുടെ ഭാഗമാകുന്നുവെന്ന അപൂര്‍വത മലബാറിലുണ്ട്.
മണ്‍കലത്തില്‍ ഉണ്ണിയപ്പമോ അടയോ ഒരുക്കിവെക്കും. ചിലയിടങ്ങളില്‍ ശ്രീകൃഷ്‌ണന് ഇഷ്‌ടപ്പെട്ട പാല്‍പ്പായസവും നല്‍കും. സമൃദ്ധി കണികണ്ടുണര്‍ന്നാല്‍ വര്‍ഷം മുഴുവന്‍ ഐശ്വര്യവും സമ്പല്‍ സമൃദ്ധിയും നിലനില്‍ക്കുമെന്ന വിശ്വാസത്തിലാണ് മലയാളികള്‍ വിഷുക്കണി ഒരുക്കുന്നത്.
ഏറ്റവും പുതിയ വാർത്തകൾക്ക് ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാം
കാര്‍ഷിക വിളകള്‍, വസ്ത്രം, ഭക്ഷണം, വിദ്യ, സമ്പാദ്യം എന്നിവയെ പ്രതിനിധാനം ചെയ്യുന്ന ദ്രവ്യങ്ങള്‍ വിഷുക്കണിയില്‍ വേണം. വിളവെടുത്ത പച്ചക്കറികള്‍ പ്രത്യേകിച്ച് കണി വെള്ളരി, ഫലവൃക്ഷങ്ങളില്‍ നിന്നുള്ള തേങ്ങ, മാങ്ങ, ചക്ക, കദളിപ്പഴം അല്ലെങ്കില്‍ പൂവമ്പഴം, കൊയ്ത്തു കഴിഞ്ഞ് ശേഖരിച്ച നെല്ല്, കണിക്കൊന്നപ്പൂവ്, നവധാന്യങ്ങള്‍ എന്നിവയൊക്കെ പ്രകൃതിയില്‍ നിന്ന് വിളയിച്ചെടുക്കുന്ന വിഭവങ്ങളുടെ പ്രതീകമായാണ് വിഷുക്കണിയില്‍ ഇടം പിടിക്കുന്നത്.
ഗ്രന്ഥം, നാണയങ്ങള്‍, കോടിമുണ്ട്, സ്വര്‍ണം എന്നിവയും മനുഷ്യര്‍ ആര്‍ജ്ജിച്ചെടുക്കുന്ന വിവിധങ്ങളായ സമ്പത്തിന്‍റെ പ്രതീകങ്ങളാണ്. നിര്‍ബന്ധമായും വിഷുക്കണിയുടെ ഭാഗമാകേണ്ട ഇവയ്‌ക്കൊപ്പം വാല്‍ക്കണ്ണാടി, വെള്ളം, നിലവിളക്ക്, ഓട്ടുരുളി, ഓട്ടു കിണ്ടി, ശ്രീകൃഷ്‌ണ വിഗ്രഹം എന്നിവയും മലബാറുകാര്‍ കണിത്താലത്തില്‍ വെക്കുന്നു.
കാരയപ്പവും അടയും മണ്‍കലത്തിലാണ് ഒരുക്കി വെക്കുക. തലശ്ശേരി ഭാഗത്ത് അപൂര്‍വം തറവാടുകളില്‍ വിഷുവിന് മുററത്ത് കളം വരക്കുന്ന പതിവും മുൻ കാലങ്ങളിൽ ഉണ്ടായിരുന്നുവെന്ന് ഫോക്‌ലോര്‍ വിദഗ്‌ധനും ചിത്രകാരനും ഗവേഷകനുമായ കെ.കെ. മാരാർ പറഞ്ഞു. എന്നാൽ ഇപ്പോൾ ആ പതിവില്ലെന്നും അദ്ദേഹം ഇടി വി ഭാരതിനോട് പറഞ്ഞു.
ഒരുക്കങ്ങള്‍ ഇങ്ങിനെ:
വിഷുവിന്‍റെ തലേന്നാള്‍ വടക്കേ മലബാറിലെ ഭൂരിഭാഗം വീടുകളും അപ്പമുണ്ടാക്കുന്ന തിരക്കിലായിരിക്കും. ഉച്ചയൂണ്‍ കഴിയുന്നതോടെ അപ്പത്തിനുള്ള ഒരുക്കങ്ങള്‍ ആരംഭിക്കും. ഉണ്ണിയപ്പം തയ്യാറാക്കുന്ന കുഴികളുള്ള കാരയപ്പ പാത്രം റെഡിയാക്കും. സമൃദ്ധമായ ഒരു കാര്‍ഷിക കാലത്തിന്‍റെ ഓര്‍മ്മകള്‍ വഹിക്കുന്ന ആഘോഷത്തിന്‍റെ ഭാഗമാണ് അപ്പം ഉണ്ടാക്കല്‍.

കൊയ്ത്ത് കഴിഞ്ഞ് നെല്ല് കുത്തി പുത്തരിയെടുത്ത് അതാണ് പണ്ടൊക്കെ അപ്പത്തിന് ഉപയോഗിച്ചിരുന്നത്. കൃഷിയും കൊയ്ത്തും മെതിയും നിന്നതോടെ മാര്‍ക്കറ്റില്‍ നിന്ന് വാങ്ങുന്ന അരി അപ്പത്തിനെടുത്ത് തുടങ്ങി.
അരി വെള്ളത്തില്‍ കുതിര്‍ത്ത് രണ്ട് മണിക്കൂര്‍ കഴിഞ്ഞ് തരിരൂപത്തില്‍ പൊടിച്ചെടുക്കും. ഇതിലേക്ക് ശര്‍ക്കര ഉരുക്കി ഒഴിച്ച് നെയ്യില്‍ വറുത്ത തേങ്ങാ കൊത്തും എള്ളും ഏലവും ഉപ്പും ചേര്‍ത്താണ് ഉണ്ണിയപ്പത്തിന്‍റെ കൂട്ട് ഒരുക്കുന്നത്. മികച്ച അപ്പം ലഭിക്കണമെങ്കില്‍ ഈ കൂട്ട് അഞ്ച് മണിക്കൂറോളം മാറ്റി വെക്കണം.
ശുദ്ധമായ വെളിച്ചെണ്ണയില്‍ പാകപ്പെടുത്തുന്ന ഉണ്ണിയപ്പം സ്വാദിഷ്‌ടമാണ്. അപ്പച്ചട്ടി അടുപ്പത്ത് വെച്ച് ചൂടായ ശേഷം കാരക്കുഴി നിറയുന്ന വിധത്തില്‍ വെളിച്ചെണ്ണ ഒഴിക്കണം. എണ്ണ ചൂടായാല്‍ ഉണ്ണിയപ്പ ചട്ടിയിലെ കുഴികളില്‍ തവികൊണ്ട് ശ്രദ്ധയോടെ മാവ് ഒഴിക്കുന്നു.
അപ്പത്തിന്‍റെ ആകൃതി പ്രധാനമായതിനാല്‍ ഇത് വളരെ ശ്രദ്ധയോടെ ചെയ്യേണ്ടതാണ്. ചട്ടിയില്‍ വേവ് പൂര്‍ത്തിയായ അപ്പത്തെ മറിച്ചിട്ട് പാകപ്പെടുത്തണം. അപ്പം പാകമായാല്‍ കോരിയെടുത്ത് എണ്ണ ഒഴിഞ്ഞു പോകാന്‍ തക്ക വിധത്തിലുള്ള പാത്രത്തില്‍ മാറ്റണം. ഇങ്ങിനെ ചെയ്‌താല്‍ എണ്ണ മയം കുറയും. കൃത്യമായി പാകം ചെയ്യുന്ന ഉണ്ണിയപ്പം അഞ്ച് ദിവസം വരെ കേടുകൂടാതെ സൂക്ഷിക്കാം.
വിഷുക്കണിക്ക് അട:
ചിലയിടങ്ങളില്‍ വിഷുവിന് അടയുണ്ടാക്കുന്ന പതിവുമുണ്ട്. അതിനായി പ്ലാവിലയോ കറുവയിലയോ ആണ് ഉപയോഗിക്കുന്നത്. പച്ചരി തരിതരിയായി പൊടിച്ചെടുത്ത് അതിലേക്ക് ശര്‍ക്കര പാനി ഒഴിച്ച് ഇതില്‍ ഏലം, ഗ്രാമ്പു, തേങ്ങാ കൊത്ത് എന്നിവ ചേര്‍ത്ത് കട്ടിയുള്ള മാവാക്കി. കുഴച്ചു വെക്കണം. പിന്നീട് ഈ മാവ് പ്ലാവിലയിലോ കറുവയിലയിലോ രൂപമനുസരിച്ച് ഒരുക്കണം. ആവശ്യത്തിന് ഇലയില്‍ രൂപപ്പെടുത്തി കഴിഞ്ഞാല്‍ എല്ലാം കൂടി ആവിച്ചെമ്പില്‍ ഒരു മണിക്കൂര്‍ നേരം വേവിച്ച് പൂറത്തെടുക്കാം. ചൂടൊഴിയുന്നതോടെ ഇവ കഴിക്കാന്‍ പാകമായി. എണ്ണ ചേരാത്ത പലഹാരമെന്നതിനാല്‍ ഏറെപ്പേര്‍ അട കഴിക്കാന്‍ ഇഷ്‌ടപ്പെടുന്നു.

വീടുകളില്‍ അപ്പമുണ്ടാക്കുന്ന പഴയകാല സമ്പ്രദായം അസ്‌തമിച്ചു കൊണ്ടിരിക്കയാണ്. അതു കൊണ്ട് തന്നെ സ്ത്രീകളുടെ കൂട്ടായ്‌മകള്‍ വിഷുവിന് ഓഡര്‍ എടുത്ത് വീടുകളിലും ബേക്കറികളിലും അപ്പം നിര്‍മ്മിച്ചു നല്‍കുന്ന രീതിയാണ് ഇപ്പോഴുള്ളത്. കണ്ണൂരിലെ ഒരു കുടുംബശ്രീ കൂട്ടായ്‌മയ്ക്ക് വിഷു നാളില്‍ ആയിരക്കണക്കിന് അപ്പം ഉണ്ടാക്കാനുള്ള ഓര്‍ഡര്‍ ലഭിച്ചു കഴിഞ്ഞു.
അഞ്ചു പേരടങ്ങുന്ന സംഘമാണ് അപ്പം ഉണ്ടാക്കുന്നതെന്ന് കൂട്ടായ്‌മക്ക് നേതൃത്വം നല്‍കുന്ന എം ലളിത പറഞ്ഞു. ഓര്‍ഡര്‍ ലഭിക്കുന്നതിനനുസരിച്ച് ബോക്‌സുകളിലാക്കി അപ്പം വീടുകളിലെത്തിച്ചു നല്‍കുകയാണിവര്‍.
"പച്ചരിയാണ് ഞങ്ങള്‍ അപ്പം ഉണ്ടാക്കാന്‍ ഉപയോഗിക്കുന്നത്. പച്ചരി 2 മണിക്കൂര്‍ മുമ്പ് കുതിര്‍ത്തു വെക്കും. പിന്നീട് ഒന്നുകില്‍ അരക്കും. അല്ലെങ്കില്‍ പൊടിക്കും. രണ്ടു തരത്തിലും അപ്പത്തിന് എടുക്കാറുണ്ട്. അരിപ്പൊടിയില്‍ അല്ലെങ്കില്‍ അരപ്പില്‍ ശര്‍ക്കരപ്പാനി ഒഴിച്ച് നന്നായി കുഴച്ചെടുക്കും. തേങ്ങാക്കൊത്തും എള്ളും പശുവിന്‍ നെയ്യില്‍ വറുത്ത് ഈ കൂട്ടിലേക്ക് ചേര്‍ക്കും. ആറുമണിക്കൂര്‍ ഈ കുഴമ്പ് രൂപത്തിലുള്ള കൂട്ട് വെച്ച ശേഷമാണ് അപ്പം ചുടുക"- ലളിത വിശദീകരിച്ചു.
മുമ്പ് വീടുകളില്‍ വിഷുവിന് മല്‍സരിച്ച് അപ്പമുണ്ടാക്കുന്ന രീതി വരെ പല നാടുകളിലും നിലനിന്നിരുന്നു. ഇന്ന് വീടുകളില്‍ നിന്ന് വിഷുക്കണിക്കുള്ള അപ്പം ചുടല്‍ കുടുംബശ്രീ യൂണിറ്റുകളിലേക്കും അയല്‍ക്കൂട്ടങ്ങളിലേക്കും മാറിയിട്ടുണ്ട്.
വിഷുനാളിലും തുടര്‍ന്നും ഗൃഹസന്ദര്‍ശനത്തിനെത്തുന്ന അതിഥികള്‍ക്കും ബന്ധുക്കള്‍ക്കും ഉണ്ണിയപ്പം പോലെ അരിയടയും നല്‍കുന്നു. ഏറെ സ്വാദിഷ്ടമെങ്കിലും ഇത് ഉണ്ടാക്കാനുള്ള പ്രയാസം കാരണം എണ്ണ ചേരാത്ത ഈ പലഹാരം വിസ്‌മൃതിയിലേക്ക് നീങ്ങുകയാണ്.