കണ്ണൂർ: മാക്കൂട്ടം ചുരം പാതയിൽ ഗതാഗത നിയന്ത്രണം ഏർപ്പെടുത്തി. മഴക്കാല ജാഗ്രതയുടെ ഭാഗമായാണ് ഈ തീരുമാനം. ജൂൺ 6 മുതൽ ജൂലൈ 5 വരെ ഒരു മാസത്തേക്കാണ് നിയന്ത്രണം.
ചുരത്തിലെ മണ്ണിടിച്ചിൽ ഭീഷണി കാരണം കുടക് ജില്ല ഡെപ്യൂട്ടി കമ്മിഷണർ വെങ്കിടരാജനാണ് നിയന്ത്രണ ഉത്തരവ് പുറപ്പെടുവിച്ചത്. 18.5 ടണ്ണിൽ കൂടുതലുള്ള ചരക്ക് വാഹനങ്ങൾക്കാണ് നിരോധനം. മണൽ, തടി കയറ്റിയ വാഹനങ്ങൾക്കും ബുള്ളറ്റ് ടാങ്കറുകൾ, ടോറസ് ലോറികൾ, മൾട്ടി ആക്സിൽ ടിപ്പറുകൾ എന്നിവയ്ക്കും പൂർണ നിരോധനമുണ്ട്. 18.5 ടണ്ണിൽ കുറഞ്ഞാലും ഇത്തരം വാഹനങ്ങളെ മാക്കൂട്ടം ചെക്ക് പോസ്റ്റിൽ തടയും.
എന്നാൽ കേരളത്തിൽ നിന്ന് പോകുന്ന പൊതു ഗതാഗത സംവിധാനങ്ങൾക്കും സ്കൂൾ വാഹനങ്ങൾക്കും നിരോധനമില്ല. പച്ചക്കറികൾ പോലുള്ള അവശ്യസാധനങ്ങൾ കൊണ്ടുപോകുന്ന ചരക്ക് വാഹനങ്ങൾക്കും നിയന്ത്രണം ബാധകമല്ല. പാചകവാതകം, പെട്രോളിയം ഇന്ധനങ്ങൾ എന്നിവ കൊണ്ടുപോകുന്ന വാഹനങ്ങൾക്കും ഇളവുണ്ട്.
മഴക്കാലം ആരംഭിച്ചതോടെ ചുരത്തിൽ മണ്ണിടിച്ചിൽ ഭീഷണിയും മരങ്ങൾ കടപുഴകി വീഴുന്നതും വർധിച്ചു. നിരവധി അപകടങ്ങളാണ് പാതയിൽ ദിനംപ്രതി ഉണ്ടാകുന്നത്. മാക്കൂട്ടം മുതൽ പെരുമ്പാടി വരെ 20 കിലോമീറ്ററോളം ദൂരം നിബിഢ വനത്തിലൂടെയാണ് ചുരം റോഡുള്ളത്. റോഡിലേക്ക് ചാഞ്ഞ നിലയിൽ നിരവധി മരങ്ങളുണ്ട്. ബ്രഹ്മഗിരി വന്യമൃഗ സങ്കേതം ഉൾപ്പെടുന്ന വനമേഖലയായതിനാൽ മരങ്ങൾ മുറിക്കാൻ തടസമുണ്ട്.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക
2018ലെ പ്രളയകാലത്ത് നൂറോളം സ്ഥലങ്ങളിൽ ഇവിടെ മണ്ണിടിഞ്ഞിരുന്നു. മരം വീണ് കെഎസ്ആർടിസി ഡ്രൈവർ ഉൾപ്പെടെ അപകടത്തിൽ മരിച്ചു. മൊബൈൽ ഫോൺ റേഞ്ചോ രക്ഷാപ്രവർത്തന സംവിധാനങ്ങളോ ഈ വനമേഖലയിലില്ല. കണ്ണൂർ-ഇരിട്ടിയിൽ നിന്നോ വീരാജ്പേട്ടിൽ നിന്നോ വേണം അഗ്നിരക്ഷാസേന എത്താൻ.
നിയമം ലംഘിക്കുന്ന വാഹന ഉടമകൾക്കെതിരെ ദുരന്തനിയന്ത്രണ നിയമപ്രകാരം കേസെടുക്കുമെന്ന് അധികൃതർ അറിയിച്ചു. കേരളത്തിലേക്ക് വിവിധ സംസ്ഥാനങ്ങളിൽ നിന്ന് വരുന്ന വലിയ വാഹനങ്ങൾ മംഗളൂരു വഴിയോ ഗുണ്ടൽപേട്ട് വഴിയോ 120 കിലോമീറ്ററോളം സഞ്ചരിച്ച് വേണം എത്താൻ.
Also Read: ഇടുക്കിയും റെയില്‍വേ ഭൂപടത്തിലേക്ക്; ശബരിപാത യാഥാര്‍ഥ്യമാകുന്നു, കേന്ദ്ര സംഘം ഉടന്‍ കേരളത്തിലേക്ക് -