തിരുവനന്തപുരം : കോൺഗ്രസിനോടുള്ള സിപിഎം സംസ്ഥാന ഘടകത്തിൻ്റെ നയത്തിൽ തിരുത്തുമായി സിപിഎം ജനറല്‍ സെക്രട്ടറി എംഎ ബേബി. കോൺഗ്രസുമായി സഹകരിക്കാൻ കഴിയുന്ന തരത്തിൽ സഹകരിക്കുമെന്നും വിയോജിക്കേണ്ടിടത്ത് വിയോജിക്കുമെന്നും തിരുവനന്തപുരത്ത് സംഘടിപ്പിച്ച മീറ്റ് ദ പ്രസില്‍ അദ്ദേഹം പറഞ്ഞു. വ്യക്തമായ നയമില്ലെങ്കിലും കോൺഗ്രസുമായി സഖ്യമില്ലാതെ ബിജെപി ക്കെതിരെ നീങ്ങാനാവില്ല. കോൺഗ്രസിൻ്റെ ചിലവിൽ മാത്രമല്ല ബിജെപി വളരുന്നത്. ഇടതുപക്ഷത്തിനും കോൺഗ്രസിനും സ്വാധീനമുള്ള മേഖലകളിൽ ബിജെപി വളരുന്നുണ്ട്. അത് യഥാർഥ്യമാണ്. തൃണമൂൽ കോൺഗ്രസ് ആണെങ്കിലും ആം ആദ്മിയാണെങ്കിലും സംസ്ഥാനങ്ങളിൽ കോൺഗ്രസുമായി സഹകരിക്കുമോയെന്നും അദ്ദേഹം ചോദിച്ചു. ലോക്സഭാ തിരഞ്ഞെടുപ്പിൽ ഒരുമിച്ചുനിന്നു മത്സരിച്ച ശേഷം ഇന്ത്യ മുന്നണിയുടെ യോഗം പിന്നീട് ചേർന്നിട്ടില്ല. സിപിഎം ഇന്ത്യ മുന്നണി യോഗത്തിനെതിരല്ലെന്നും എംഎ ബേബി വ്യക്തമാക്കി.
ആശാസമരം പരിഹരിക്കേണ്ടത് കേന്ദ്രം, സമരത്തോട് പുച്ഛം ശരിയായ നടപടിയല്ല
ആശാസമരം പരിഹരിക്കേണ്ടത് കേന്ദ്രമാണെന്നും സമരത്തോട് പുച്ഛം പാടില്ലെന്നും എം എ ബേബി പറഞ്ഞു. കേന്ദ്രമന്ത്രി സമരവേദിയിലെത്തി പാട്ടു പാടി മടങ്ങി. കലാകാരനായതുകൊണ്ട് അദ്ദേഹത്തിന് അതിന് അവകാശമുണ്ട്. ആശാവർക്കർമാരുടെ വേതനത്തിലെ കേന്ദ്രത്തിൻ്റെ പങ്ക് പൊതുസമൂഹത്തിന് മുന്നിൽ ഉയർത്തിക്കൊണ്ട് വന്നതിന് സമരം ചെയ്യുന്ന ആശാവർക്കർമാരോട് നന്ദിയുണ്ട്. വസ്തുതകൾ മനസിലാക്കാൻ ആശാസമരം സഹായിച്ചു.
അതേ സമയം ആശാസമരത്തെ പുച്ഛിച്ച സിപിഎം നേതാക്കളുടെ സമീപനത്തേയും അദ്ദേഹം തള്ളിപ്പറഞ്ഞു. ഏത് കാര്യത്തെക്കുറിച്ച് പറയുമ്പോഴും നേതാക്കൾക്ക് പുച്ഛം പാടില്ല. സമരത്തിൽ യോജിപ്പും വിയോജിപ്പുമുണ്ടാകാമെന്നും അതിൻ്റെ പേരിൽ പുച്ഛം ഉന്നയിക്കാൻ പാടില്ലെന്നും അദ്ദേഹം പറഞ്ഞു.
Read Also: 'പിണറായി വിജയൻ കേരളീയ സമൂഹത്തിലെ കാർന്നവര്‍'; എത്ര സമുന്നതനായാലും തെറ്റു കണ്ടാൽ പാർട്ടി നടപടിയെടുക്കുമെന്ന് എംഎ ബേബി